SOLITUDE....

SOLITUDE....

Wednesday, 16 March 2011

പെണ്ണത്തം

കുളി കഴിഞ്ഞ്
ഒറ്റത്തോര്‍ത്തുടുത്ത്
പുറത്തിറങ്ങിയപ്പോള്‍ കേട്ടു
അനിയന്‍ പാഠം ഉരുവിടുന്നത് ,
"മേരിക്കുണ്ടൊരു കുഞ്ഞാട്
മേനി കൊഴുത്തൊരു ..."
അടുക്കളയില്‍ നിന്ന്
അമ്മ തിളക്കുന്നു,
"വയസ്സ് പത്തായി
മുല മുളച്ചു തുടങ്ങി
ഇനി കുളി കഴിഞ്ഞാല്‍
കമ്മീസ് ധരിക്കണം.."
പെണ്ണത്തത്തിന്‍റെ ആദ്യപാഠങ്ങള്‍
പഠിച്ചു തുടങ്ങി പെണ്‍കുട്ടി.

സ്കൂളിലേക്കുള്ള യാത്രയില്‍
ബസ്സിന്‍റെ തിരക്കിനിടയിലൂടെ
നീണ്ടു വന്ന വിരലുകള്‍
നെഞ്ചിന്‍റെ അളവെടുക്കുമ്പോള്‍
കാണാപാഠം പഠിക്കേണ്ട
പദ്യഭാഗത്തെക്കുറിച്ചായിരുന്നു
പെണ്‍കുട്ടിക്ക് വേവലാതി.
പെണ്ണത്തമെന്നത്
തൊട്ടറിയാന്‍ മാത്രമുള്ളതല്ലെന്ന്
കവിതയിലുണ്ട്..

മകളുടെ
മുലകളിങ്ങനെ വളരുന്നത് കണ്ട്
അമ്മ
നെഞ്ചില്‍ കൈവച്ചു ദൈവത്തെ വിളിച്ചു.
നെഞ്ചുതള്ളി നടക്കല്ലേയെന്നു
കാതില്‍ പറഞ്ഞു.
പള്ളിയില്‍,കുമ്പസാരകൂടിനരികിലും
മകള്‍ക്ക് കാവല്‍ നിന്നു അമ്മ
ലോകം വിരലുകളിലേക്ക്
ചുരുങ്ങുന്നത് ഭയപ്പെടുന്നതു കൊണ്ട്..

കുട്ടി ചോദിക്കും,
തൊട്ടു നോക്കാന്‍
മാത്രമുള്ളതാണോ അമ്മേ
പെണ്ണത്തം ?
ഉത്തരമില്ലെന്ന് അമ്മ.

3 comments:

  1. കുട്ടി ചോദിക്കും,
    തൊട്ടു നോക്കാനും
    കണ്ടു നിക്കാനും
    മാത്രമുള്ളതാണോ അമ്മേ
    പെണ്ണത്തം ?
    ഉത്തരമില്ലെന്ന് അമ്മ.

    ReplyDelete
  2. ചില ഞരമ്പുകൾക്ക് അതാണ്..തൊട്ടുനോക്കാൻ മാത്രമാണ് പെണ്ണത്തം..

    ReplyDelete
  3. നന്ദി.അഭിപ്രായങ്ങള്‍ക്ക്.

    ReplyDelete