SOLITUDE....

SOLITUDE....

Wednesday 23 February 2011

വൃക്ഷ സുരതം

ദൃഡമിത് വിജ്രുംഭിതം മരം
മണ്ണിലേക്കാഴ്ന്നിറങ്ങുന്നുണ്ട്
തായ്‌ വേര്
സുരതസുഖത്താലാകണം
ഭൂമിയിളകിയുണര്‍ന്നുയര്‍ന്നു
മരത്തടിയെയിറുകി പുണരുന്നു;
മണ്‍പ്പുറ്റുകളായി.

ഭൂമിയെ നുണയുമ്പോളൊക്കെ
ഇളകിയാടുന്നുണ്ട് മരം
രതിനടനമാടുന്നേരം
ഇലകളില്‍നിന്നു കേള്‍ക്കാം
കിതപ്പിന്‍റെ കാറ്റലകള്‍.

കളിയാട്ടത്തിന്നവസാനം
പൊട്ടിച്ചിതറിയ രേതസ്
മണ്ണിന്‍റെ തൊലിപ്പുറം തുറന്ന്
നീരുറവകളായി
പുനര്‍ജ്ജനിക്കുമെന്ന്
മരം കൊടുത്ത ഉറപ്പിലാണത്രേ
ഭൂമിയിത്ര
വഴങ്ങി കൊടുക്കുന്നതുപോലും!

നിത്യകാമത്തിന്‍റെ
ശരവേഗമൊടുങ്ങുമ്പോള്‍
പൂത്തുലഞ്ഞു ,
ഭൂമിയിലേക്ക്‌ തന്നെ
തളര്‍ന്നു തൂങ്ങിവീഴുന്നുണ്ട്
മുളങ്കൂട്ടത്തിന്‍റെ പൌരുഷം.

എങ്ങിനെ വിളിക്കും?

കടല്‍ കടന്ന്
വിയര്‍പ്പില്‍ നനഞ്ഞൊട്ടി
മണല്‍ പൊടിയണിഞ്ഞു
മുറ്റത്ത് അഴിഞ്ഞു വീണ
വിരല്‍ സ്പര്‍ശങ്ങളെ എന്തു വിളിക്കും?

കാത്തിരിപ്പിന്‍റെ മഴയെന്ന് ഞാന്‍ വിളിക്കും.

മുറ്റം കടന്ന്
ഇടവഴി താണ്ടി
പുഴയില്‍ വീണാലും
മുങ്ങി നിവരുമ്പോള്‍
ചെവിത്തുമ്പ് നുള്ളുന്ന
ഓര്‍മ്മപ്പെടുത്തലിനെ എന്തു വിളിക്കും?

പ്രണയത്തിന്‍റെ മഴയെന്ന് ഞാന്‍ വിളിക്കും.

തിമര്‍ത്തു പെയ്യാതെ
പോകുന്നതൊക്കെ മഴയല്ലാതാകുമോ...
ഉള്ളില്‍ അടുക്കി വച്ച തിരകള്‍
ഇളകി മറിഞ്ഞ്
നിലവിളിക്കുന്നതിനെ എന്തു വിളിക്കും?

വിരഹത്തിന്‍റെ മഴയെന്ന് ഞാന്‍ വിളിക്കും.

ജാലകത്തിനപ്പുറം
പെയ്തു വീഴുന്ന നനവിനേക്കാള്‍
കണ്ണാടിയില്‍
നിന്‍റെ കണ്ണീരിനു മുകളില്‍
ഉരുകി ചേരുന്ന കാഴ്ചയെ എന്തു വിളിക്കും?

അറിയില്ല.
ഒരാള്‍ എന്നേക്കുമായി
വിട്ടുപോകുമ്പോള്‍
അതിനെ മഴയുടെ പേരിട്ട്‌
എങ്ങിനെ വിളിക്കും?

Tuesday 15 February 2011

വേരോട്ടം

ഭൂമിക്കടിയില്‍ എന്താണ് സംഭവിക്കുന്നത്?
വേരുകളോട് ചോദിക്കണം.

തേന്മാവിന്‍റെ വേരുകളും
കരിവീട്ടിയുടെ വേരുകളും
അവിഹിതമായി പുണര്‍ന്നു
പ്രണയിക്കുന്നത് കണ്ടെന്ന്‍ ,
അതറിഞ്ഞതിനാലാവണം
വാകമരം
ഒരു പൂമഴ പൊഴിയിച്ചതെന്ന്‍.

കുമാരേട്ടന്‍
വേരുകള്‍ക്കിടയില്‍ പൂഴ്ത്തിവച്ച
നാടന്‍ ചാരായം
മറിഞ്ഞു വീണതുമുഴുവന്‍
കുടിച്ചു തീര്‍ത്തത്
അരയാലിന്‍റെ വേരുകളെന്ന്‍ ,
അതിനാലാവണം
വെളിച്ചപ്പാടിനെ പോലെ
ലഹരിയില്‍ ,ഇലയിളക്കി
അരയാല്‍ ഉറഞ്ഞു തുള്ളിയതെന്ന്.

എലികള്‍ തീര്‍ത്ത മാളങ്ങളിലേക്ക്
വിരലുകള്‍ നീട്ടി
വയസ്സന്‍ പ്ലാവിന്‍റെ വേരുകള്‍
എലിയെ തിന്നാന്‍ വന്ന
ചേരപാമ്പിനെയും
പഴുത്ത ചക്കയുടെ കഥ പറഞ്ഞു
മനംമയക്കിയെന്ന്‍ ,
എലിയും പാമ്പും കൂട്ടുകാരായെന്ന്‍.

മുളക്കാന്‍ കുത്തിയ
പയറുമണിയുടെ ചെറുനാരുകള്‍
വേരുകളാകുന്നത് ,
കൂട്ടുകാരുടെ എണ്ണം കൂടിവരുന്നത്
അതില്‍ മനം നിറഞ്ഞു
മുടി കോതിയൊതുക്കുന്നുണ്ട്
തെങ്ങിന്‍റെ വേരുകളെന്ന്‍ .

ചോദിക്കുമ്പോള്‍
വേരുകള്‍ എല്ലാം പറയണമെന്നില്ല .

അതുകൊണ്ടല്ലേ,
വെട്ടിവീഴ്ത്തിയ ചന്ദനമരത്തിന്‍റെ
വേരുകളുടെ കണ്ണീരുകണ്ട്
അതില്‍ മുങ്ങി, നനഞ്ഞ്
ഒന്നും മിണ്ടാതെ
ഇങ്ങനെ ഇരിക്കുന്നതെന്ന്‍!.

*(മലയാളനാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു:2011)



Friday 4 February 2011

പൊള്ളല്‍

ആശുപത്രിയിലെ
മ്യൂസിയത്തില്‍
പല പല വലുപ്പത്തില്‍
ചില്ലുകുപ്പികളിലടച്ച
പല പല കാലങ്ങളിലെ
ഭ്രൂണഹത്യകള്‍...

ഉപ്പിലിട്ട കണ്ണിമാങ്ങകള്‍ പോലെ
ചുളുങ്ങി ചുരുങ്ങിയാലും
ഉള്ളിലെ ചുന
ഇപ്പോളും
പൊള്ളിക്കുന്നുണ്ട്...

കാഴ്ച  കണ്ടു
തിരികെ മടങ്ങുന്നവരില്‍
ഒരുവള്‍
ആരുമറിയാതെ കണ്ണുതുടക്കുന്നു!