SOLITUDE....

SOLITUDE....

Saturday 30 October 2010

ഇല പൊഴിയുമ്പോള്‍...

ഇല -
മണ്ണിലേക്ക് മടങ്ങും മുന്‍പ്
തന്‍റെ നെഞ്ചിലേക്ക് നോക്കി .
കാലം കോറിയിട്ട മുറിവുകള്‍
തലങ്ങും വിലങ്ങും
സങ്കീര്‍ണമായ പാതകളിലൂടെ...

ഹൃദയത്തെ മുറിപ്പെടുത്താന്‍
ആരാണിത്രയും നഖക്ഷതങ്ങള്‍ കരുതിവച്ചത്?
വീഴുന്നതിന് മുമ്പാകുമോ
മുറിവുകള്‍ ഇത്രമാത്രം
കഠിനമായ
ഒരോര്‍മ്മപ്പെടുത്തലാകുന്നത്..

കാറ്റിന്‍റെ കനിവില്‍
ഉലഞ്ഞാടിയാടി, കടപുഴകി
ഓര്‍മകളുടെ പച്ചനിറം.

ഇല മണ്ണിലേക്ക് -
സ്വന്തം സങ്കടം പറയാന്‍,
അടിവേരുകളുടെ, തികച്ചും
അത്രതന്നെ
സങ്കീര്‍ണമായ മുറിവുകളിലേക്ക്....

Saturday 23 October 2010

ബാക്കി

പറഞ്ഞത് മുഴുവന്‍
കാറ്റ് കൊണ്ടുപോയി .
പറയാതിരുന്നത് മുഴുവന്‍
ഉള്ളിലൊരു
കൊടുങ്കാറ്റായി .....

ഇപ്പോളും.

പല പല നിഴലുകള്‍

പൂമുഖം ,അടുക്കള ,കിടപ്പറ .....
ഇവിടെയെല്ലാം
തനിക്ക് പല പല
നിഴലുകളെന്ന്‍ അവള്‍ .

പൂച്ച

എന്‍റെ ഉള്ളില്‍ ഒരു കാമുകനുണ്ട് .
വിരുതനായ
ഒരു പൂച്ചയെ പോലെ ,
ഒളിച്ചിരുന്ന് ,
തരം കിട്ടുമ്പോള്‍ നിന്‍റെ പ്രണയത്തെ

കവര്‍ന്നെടുത്ത്...
വിടാതെ ,പിടി വിടാതെ...

മഴവില്ല്

നീ മേഘങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍
ഞാന്‍ സൂര്യനെക്കുറിച്ച് വാചാലനായി .
നമുക്കിടയിലെവിടെയോ
ഒരു മഴവില്ല് ,
കള്ളനെപ്പോലെ

മുഖം കാട്ടാതെ ......

സമയം

സമയത്തെക്കുറിച്ച്
നിനക്ക് എന്തറിയാം?
കൈത്തണ്ടയില്‍ അമര്‍ന്നു കിടന്നും
ചുമരില്‍ ചാരി നിന്നും
ജീവിതത്തെ

അത്രമാത്രം
നോവിക്കുന്നു ; ആ സൂചികള്‍ ...

ജലം ജീവിതം

മഴവെള്ളത്തില്‍
കുറുമ്പികളായ മേഘങ്ങളുടെ
ഇളക്കങ്ങള്‍ കേട്ടു..
പുഴവെള്ളത്തില്‍
മണല്‍ത്തരികള്‍ തമ്മില്‍

കലഹിക്കുന്നത് കേട്ടു..
കടല്‍ത്തിരയിലാകട്ടെ-
ദൂരെനിന്നും ഒഴുകിയെത്തി
തറവാട്ടുവീട്ടില്‍ ഒത്തുകൂടിയ
കുട്ടികളുടെ ആഹ്ലാദങ്ങളും....

പാഠങ്ങള്‍

കാല്‍വിരലുകള്‍ക്കിടയിലൂടെ
മഴയോടൊപ്പം ഒഴുകിപോയത്
ബാല്യത്തിലെ നൈര്‍മല്യം ....
കൈവിരലുകള്‍ക്കിടയിലൂടെ
മഴയോടൊപ്പം തെന്നി തെന്നി പോയത്

പറയാന്‍ മറന്ന പ്രണയം...
 

ഇനിയിപ്പോള്‍
ഏതൊഴുക്കിലും തുഴഞ്ഞു നീങ്ങും...
ജീവിതം പഠിച്ച പാഠങ്ങള്‍!

തിരുത്തി തിരുത്തി
നീയെന്‍റെ 
ജീവിതത്തെയാകെ വൃത്തികേടാക്കി...!

കണ്ണുകള്‍ക്ക്‌ 

കാഴ്ചകള്‍ മാത്രം കണ്ടാല്‍ മതി.
ഉള്ളിലൊന്നുണ്ട് 

ഉറക്കം വരാതെ
കാഴ്ചകളില്‍ 

തട്ടി തടഞ്ഞങ്ങനെ...

അകക്കണ്ണ്.

കെണി

ചില വാക്കുകള്‍ അങ്ങിനെയാണ്
എഴുതാനായുമ്പോള്‍ കൈവെള്ളയില്‍ അമര്‍ന്നു കിടന്നും
വിരലുകള്‍ക്കിടയില്‍ ഒളിച്ചു കളിച്ചും
താഴോട്ട് പോരാതെ.
ചില വാക്കുകള്‍ അങ്ങിനെയാണ്

പറയാനായുമ്പോള്‍ ഇടനെഞ്ചില്‍ മയങ്ങി കിടന്നും
തൊണ്ടയില്‍ കുരുങ്ങി കിടന്നും
പുറത്തോട്ടു വീഴാതെ.

ഇവയിലെവിടെയോ
കെണിയില്‍ വീണതാവാം
മഷി പുരളാത്ത ....എന്‍റെ പ്രണയം.

എങ്ങിനെ വെളിപ്പെടുത്തും

വിലാപങ്ങള്‍ ഉച്ചത്തിലാകുമ്പോള്‍ മാത്രം
കേള്‍ക്കപ്പെടുകയും,
അളക്കപ്പെടുകയും ചെയ്യുന്നു ..
ഉള്ളിലെ ‍ മൌനികളായ
കരച്ചിലുകള്‍

എങ്ങിനെ വെളിപ്പെടുത്തും.

വാക്കുകളിലേക്കോ...?

മുഖം മറച്ചിരിക്കുന്ന സ്വപ്നം

എഴുതണമെന്ന് കരുതിയ വാക്കുകള്‍
പുറത്തു വീഴാതെ
ഉള്ളിലിടറി നില്‍ക്കുന്നത് എന്തുകൊണ്ടായിരിക്കും.
യാത്ര പറയാതെ, കടന്നു കളഞ്ഞ
തിരിച്ചു വരാത്ത

ഒരു പ്രണയത്തിന്‍റെ
ഓര്‍മ്മക്കുറിപ്പിലുടക്കിയാതാകുമോ..?

എഴുതാതെ പോകുന്ന
ഓരോ വാക്കുകളിലും ഒരു പ്രണയം,
ഒരു സ്വപ്നം
മുഖം മറച്ചിരിക്കുന്നുണ്ടാവണം.

പോസ്റ്റുകാര്‍ഡ്‌

മങ്ങിയ ഇളം മഞ്ഞ-
അമ്മൂമ്മയുടെ പഴകിയ
ജഗന്നാഥന്‍ മുണ്ടിനെ ഓര്‍മിപ്പിക്കും.
തപാല്‍ക്കാരന്‍റെ വിരലുകളുടെ
മായാജാലത്തിലൂടെ പറന്നിറങ്ങി

മുറ്റത്ത്‌ ,വരാന്തയില്‍, വന്നു വീഴുന്ന
അക്ഷര വെളിച്ചം.

വടിവൊത്ത കുറിപ്പുകളുമായി
വിരുന്നെത്തുന്ന
ഒരു പോസ്റ്റുകാര്‍ഡ്‌
എപ്പോളും എന്‍റെ സ്വപ്നങ്ങളെ
അപഹരിക്കുന്നു .

പൂവ്‌

ഒരു മുരള്‍ച്ച.
പാതിവഴിയില്‍
മുറിഞ്ഞു
വീണൊരു കിതപ്പ്‌ .
ഒന്ന് ഒപ്പി എടുത്താല്‍ തീരും

നിന്‍റെ പ്രണയം

ഞാനോ
പാതി വിടര്‍ന്നൊരു പൂവായിങ്ങനെ......

Thursday 21 October 2010

തിരിച്ചുവരവ്‌

ഞാനിപ്പോള്‍ പറയുന്ന വാക്കുകളിലൊന്നും തന്നെ
നീ എന്നെ തിരയരുത്‌ .
അപക്വമായ ഈ അക്ഷരവലയത്തില്‍ നിന്നും
ഒരുനാള്‍ ഞാന്‍ ഉയര്‍ന്നു വരും
തെളിഞ്ഞ മേഘങ്ങളെത്തേടി

ജലപ്പരപ്പിനു മുകളിലേക്കെത്തുന്ന
മീന്‍കണ്ണുകള്‍ പോലെ,
ചെളിയില്‍ നിന്നും ഉയര്‍ന്ന
ഒരു താമരത്തണ്ടിന്‍റെ കൈപ്പിടിച്ച്.

ഒരുനാള്‍ ഞാന്‍ വരും
നിന്‍റെ ചൂണ്ടയിലെ കൊളുത്ത് ത്തേടി ...

ഭൂമി

നീ വിത്തെറിഞ്ഞു
കടന്നു പോകുമ്പോളൊക്കെ
പുതുമണ്ണിലേക്ക്
ഞാനെന്‍റെ കുപ്പായം മാറ്റുന്നു .
മുള പൊട്ടിയ ഒരു വിത്തിനെ
...ഞാനെന്‍റെ നെഞ്ചില്‍
തുന്നിച്ചേര്‍ക്കുന്നു .

ഓരോ തവണ നീ വരുമ്പോളും
ഭൂമിയായി മാറാനാണെനിക്കിഷ്ടം!

കത്രിക

നിനക്കെന്നെ പഴി പറയാം ,
ഉപ്പില്ലെന്നു ചൊല്ലി
കറിപ്പാത്രം ചവിട്ടി തെറിപ്പിക്കാം,
മുണ്ടില്‍ കറ മാറിയില്ലെന്നു കലഹിക്കാം ,
ചായക്ക് ചൂടില്ല ,മധുരമില്ല ...
നിന്‍റെ അടിവസ്ത്രം ഉണങ്ങിയില്ല ,ചൊറിയുന്നു..
നീ വിളിക്കുമ്പോളൊക്കെ
മുന്നിലില്ലെന്നും പരാതി.

എനിക്കറിയാം
നിന്നെ പൂട്ടേണ്ട നുകം..
ഒരു തയ്യല്‍ക്കാരന്‍റെ വിരുതോടെ
നിന്നെ വെട്ടിയൊതുക്കാന്‍
ഉണ്ടെനിക്കൊരു കത്രിക
എന്‍റെ തുടയിടുക്കില്‍!

വാക്കിനും കവിതക്കുമിടയിലെ ദൂരം

ഉഴുതുമറിക്കണം
ഉള്ളിലെ തിണര്‍പ്പുകളെല്ലാം
കലിയടങ്ങിയ കാറ്റിനെ കൊണ്ട്
വിത്തെറിയണം
കാലമൊഴുക്കിയ നനവ്‌ പകരണം ,
മുള പൊട്ടുംവരെ.
കാത്തുസൂക്ഷിക്കണം
ആപല്‍ക്കിളികള്‍ കട കൊത്തിയിളക്കാതെ.
ഇല വന്നാല്‍ പറയണം
പുല്‍ച്ചാടിയോട് വിശേഷം
പൂവായ്‌,കായാകും വരേക്ക്
ഇമ ചിമ്മാതെ കൂടെ നടക്കണം .....

വാക്കിനെ
കവിതയിലേക്ക് നടത്താന്‍
മേലനങ്ങണം,മനസ്സിണങ്ങണം
മനസ്സ്‌ ഇളകി മറിയണം!

പ്രണയം കൊഴിയുന്നത് ഇങ്ങനെ

അതെന്നെ തൊടും
എന്‍റെ കാമനകളെ ഉണര്‍ത്തും
അതെന്നെ തലോടും
എന്നിലെ ഉറവുകളെ ഉണര്‍ത്തും
അതിനറിയാം എവിടെയാണ്
ഞാനെന്‍റെ ഇതളുകള്‍
മടക്കി ഒളിപ്പിച്ചിരിക്കുന്നതെന്ന്
ഒരു ഉലച്ചില്‍ ,ഒരു ആവേഗം
ഒറ്റപിടച്ചിലില്‍ അതെന്നെ കടപുഴക്കുന്നു ....

ഒരു പൂവിന്‍റെ പ്രണയം
ഇങ്ങനെയാണ് കൊഴിഞ്ഞു പോകുന്നത്!


അക്ഷരം

അക്ഷരത്തെ തൊട്ടപ്പോഴൊക്കെ
അതെന്നെ വല്ലാതെ നോവിച്ചീട്ടുണ്ട്.

ആദ്യാക്ഷരം കോറിയിട്ടപ്പോള്‍
വിരല്‍ കടഞ്ഞു ,
പിന്നെ,
മെരുങ്ങാതെ പോയ
അക്ഷരങ്ങളിലുടക്കിയ സ്ലേറ്റു പെന്‍സില്‍കാലം.
ആദ്യ പ്രണയത്തില്‍
കൊരുത്തുവിട്ട വാക്കുകള്‍
തിരിച്ചു വന്നു ഉള്ളം തകര്‍ത്തത് ....

എങ്കിലും ,
വാക്കിനു നോവിക്കാനാകുമെങ്കിലും ,
അതില്ലാതിരുന്നെങ്കില്‍
അതില്ലാതിരുന്നെങ്കില്‍ ,
ഞാനീ വരികളെഴുതുമായിരുന്നോ !

പ്രണയത്തിന് ഒരു കുറിപ്പ്‌

തൊടാതെ ;നിന്‍
വിരല്‍തുമ്പിന്‍ സ്പര്‍ശമാത്രയില്‍
ഞെട്ടറ്റു വീണിടും
മഞ്ഞു കണങ്ങളീ - പ്രണയം.

മറവിയിലാണ്ടു കിടക്കും വാക്കുകള്‍
നിനച്ചിരിക്കാ നേരം മുന്നില്‍
ചിതറി വീഴുന്നല്ലോ ,നമ്മള്‍
പകുത്തു നല്‍കിയ ജീവിതമിപ്പോള്‍
കരുണ വറ്റിയ കണ്ണുകളാലേ
കരളില്‍ തറഞ്ഞിറങ്ങുന്നു
ഇനി എടുത്തെറിയാന്‍ എളുപ്പമല്ലീ
കനത്ത നോവിന്‍ ഭാരം.

ചികഞ്ഞു നോക്കണമിപ്പോള്‍ നമ്മില്‍
ചിതലരിച്ചു കിടക്കും സ്മരണകള്‍.
തെളിഞ്ഞു കാണും നിറങ്ങളെല്ലാം
നിറച്ചു നാമൊരു കവിതയൊരുക്കും,നാളെ
വെറുതെയാവില്ലൊരിക്കലുമീ
പ്രണയാക്ഷര നൈവേദ്യം!
പകുത്തു നല്‍ക നിറഞ്ഞു തുളുമ്പും
ജീവിതമാം മധുപാത്രം ;പൊട്ടി
തകര്‍ന്നു വീഴും മുമ്പേ കുടിച്ചുതീര്‍ക്കണം
മതിവരുവോളം നമ്മള്‍ ...

കൊരുത്തുവച്ചൊരു കൂടുണ്ടുള്ളില്‍ ;
ഉള്ളില്‍ ചിറകുവിടര്‍ത്തും നമ്മുടെ
കിനാവിന്‍ കുഞ്ഞുങ്ങള്‍!

അതിഥി

തനിച്ചായല്ലോ ഞാന്‍ , പോയ്ക്കഴിഞ്ഞെല്ലാരുമേ!
മങ്ങികത്തും വിളക്കുമാത്രമെന്നരികിലിട്ടവരെല്ലാം
അകന്നേ പോയല്ലോ ,ഇനി എകാന്തമാം
രാത്രിയെന്‍ മുന്നില്‍ വിടരുന്നു ,പടരുന്നു
താഴെ കത്തും വിളക്കോ കരയുന്നു,
"ഭയക്കുന്നു ഞാനീയിരുട്ടിനെ"..

കാറ്റടിച്ചരികിലെ ജാലക വാതിലോ
തുറക്കുന്നു ;കണ്ടു ഞാനാകാശം !
നിറയും പൂക്കളിലൊഴുകുമൊരവ്യക്ത ഗന്ധമെന്‍
മുന്നില്‍ പടരുന്നു , വളരുന്നു ,പിന്നെ-
യാരോ പറയുന്നു കാതില്‍ ,"നേരമായ്‌
വെറുതെയാക്കരുതൊരു നിമിഷവും .."
ആരു നീ,അവ്യക്തരൂപമേയെന്തിനു
നിറക്കുന്നു നീയെന്നുള്ളില്‍ ഭീതി?

ആരേ വാതിലില്‍ മുട്ടുന്നു ,സാക്ഷ -
താനേ തുറക്കുന്നു ,മുന്നി-
ലോരീറന്‍ മണമോ പരക്കുന്നു !
മങ്ങി കത്തും വിളക്കൂതി-
യാരോ കെടുത്തുന്നു , പൊടുന്നനെ
വേദനയൊരു പിണരായെന്‍ മേലാകെ-
യുണരുന്നു, പടരുന്നു , മുന്നി-
ലാരോ നില്‍പ്പുണ്ടതാരാണാവോ ;മരണമോ..?

തനിച്ചല്ല,തനിച്ചല്ല ഞാന്‍!

കടം വാങ്ങിയ കണ്ണുകള്‍

അവളുടെ കണ്ണുകളില്‍ അവന്‍ നക്ഷത്രങ്ങളെ കണ്ടു .
അവന്‍ ചോദിച്ചു ,
ആകാശത്തിലെ നക്ഷത്രങ്ങള്‍ നിനക്ക്
കടമായി തന്നതാര്?
അവള്‍ മറുപടി പുഞ്ചിരിയിലൊതുക്കി .
അവന്‍ വീണ്ടും ചോദിച്ചു,
നിന്‍റെയീ കണ്ണുകളില്‍ പൂക്കള്‍
വിരിയിച്ചതാര്?
അവള്‍ മറുപടി പുഞ്ചിരിയിലൊതുക്കി .
അവന്‍ വീണ്ടും ചോദിച്ചു ,നിന്‍റെയീ കണ്ണുകളില്‍
ഒരമ്മയുടെ സ്നേഹം പകര്‍ത്തി വച്ചതാര്?
നിന്‍റെയീ കണ്ണുനീരിന് മുലപ്പാലിന്‍റെ ഗന്ധം
നല്‍കിയതാര്?
നിന്‍റെ കണ്ണുകളില്‍ ഞാനെന്നെ തന്നെ .....
അവനു തുടരാനാകുന്നതിന്നു മുന്‍പേ
തന്‍റെ കണ്ണുകള്‍ രണ്ടും പിഴുതെടുത്ത്
ആകാശത്തേക്ക് വീശിയെറിഞ്ഞു കൊണ്ട്
അവള്‍ പ്രതിവചിച്ചു ,
" കടം വാങ്ങിയ കണ്ണുകള്‍
തിരികെ കൊടുക്കുവാന്‍ നേരമായ്‌ "

-തോമസ്‌ മേപ്പുള്ളി