SOLITUDE....

SOLITUDE....

Monday 9 July 2012

പുള്ളിയാന്‍കുത്തി

ഓരം ചേര്‍ന്ന്‍
കൂട്ടിവച്ച ഓടുകള്‍ക്ക് മുകളില്‍,
അടുക്കിവച്ച പഴയ ഇഷ്ടികകള്‍ക്ക് മീതെ,
അടുക്കളപ്പിന്നിലെ ഓവുചാലിന്
കുറുകെയിട്ട മരപ്പലകക്ക് മീതെ,
ഒളിച്ചു വയ്ക്കാവുന്ന ഇടങ്ങളിലൊക്കെ
പുള്ളി പുള്ളിയായ്‌
കുത്തി കുത്തി
മണ്ണിന്‍റെ
ചെറിയ ചെറിയ കുന്നുകള്‍.

എണ്ണമെടുക്കുമ്പോള്‍
കൂടുതലുണ്ടാകണമെങ്കില്‍
അപ്പുറത്തുള്ളവന്‍റെ
എണ്ണം തകര്‍ക്കേണം.
പുറങ്കാലില്‍ ചവുട്ടിയരച്ചും
അപ്പുറത്താരുമറിയാതെ
തട്ടിത്തെറിപ്പിച്ചും
ചെറുകുന്നുകളൊക്കെ തച്ചുടക്കുന്നു.
എണ്ണത്തിലങ്ങനെ ജയിച്ചുകേറുന്നു!

എണ്ണം കുറഞ്ഞാല്‍
തോറ്റുപോകുമെന്നു
ജീവിതം പഠിപ്പിക്കുന്നതിനാലാകണം
എണ്ണത്തിലേറെ മുന്നേറുന്നവനെ
മുഖത്തുതന്നെ വെട്ടി
മുഖമേയില്ലാതെയാക്കുന്നത്.

(പുള്ളിയാന്‍കുത്തി-ഗ്രാമങ്ങളില്‍ ഒരിക്കല്‍ ഉണ്ടായിരുന്ന കുട്ടികളുടെ ഒരു കളി)

അപ്പുറം ഇപ്പുറം

കാണ്പൂരിലെ
ഗംഗയുടെ കരയോടു ചേര്‍ന്ന
ജാജ്മുവിലെ ഇടുങ്ങിയ
ഒരു തെരുവില്‍ നിന്നും
വെയില്‍ മൂക്കുന്നേരത്തിലൊരു വിളി,
"എടാ,ഇവിടെയിപ്പോള്‍
ആകാശചരുവില്‍ പഞ്ഞിമേഘങ്ങള്‍
പല രൂപം തീര്‍ക്കുന്നു;
ആന,മുയല്‍,ഒട്ടകം...
കാണാമോ നിനക്ക്.."

വീടിനു വെളിയില്‍
ഇറങ്ങി നോക്കുമ്പോളുണ്ട്
കാണാം അതെ പഞ്ഞിമേഘങ്ങള്‍
എനിക്ക് മുകളിലും!

നാസിക്കിലെ
മുന്തിരിത്തോട്ടങ്ങളോട് ചേര്‍ന്ന
ഉരുളക്കിഴങ്ങു പാടങ്ങളുടെ
വരമ്പത്തു നിന്നും
നട്ടുച്ചക്ക് വിയര്‍പ്പുപുരണ്ടൊരു വിളി,
"എടാ,ഇവിടെയിപ്പോള്‍
എനിക്ക് ചുറ്റും
കടുകുപൂത്ത മണം,തേനീച്ചകളുടെ മണം..
അറിയുന്നുണ്ടോ നിനക്ക്.."

വീടിനു പുറത്ത്‌
ചെണ്ടുമല്ലി നിറയെ പൂത്തതിന്
കടുകിന്‍ പൂവിന്‍റെ മണം,
തേനീച്ചകളുടെ ഈണം!

തേജ്പൂരിനടുത്ത്
മലഞ്ചരിവിലെ തേയിലതോട്ടങ്ങള്‍ക്കരികിലെ
മുളങ്കാടുകളുടെ തണലിലിരുന്ന്‍
വൈകുന്നേരത്തിലൊരു വിളി,
"എടാ, കൂട് കൂട്ടുന്ന
കുയിലുകള്‍,കുരുവികള്‍,പ്രാവുകള്‍
ആകെ ബഹളമയമാണിവിടെ..
കേള്‍ക്കാമോ നിനക്ക്.."

വീടിനുമപ്പുറം
തേന്മാവിന്‍ കൊമ്പുകളില്‍
കേട്ടൂ കിളികളുടെ
കലഹം പരിഭവം പ്രണയം!

നിന്‍റെ ആകാശം എന്‍റെ ആകാശം
നിന്‍റെ ഭൂമി എന്‍റെ ഭൂമി
ഒരേ കാഴ്ചയുടെ രണ്ടറ്റങ്ങള്‍!
ഒരേ അനുഭവത്തിന്‍റെ
പൊട്ടാത്ത ചരട്.

വീട്

തിരിച്ചു വരുന്നതുവരെ
വീട്
ഓരോരുത്തരുടെയും ഉള്ളിലുണ്ട്.
നടക്കുമ്പോളവര്‍
വീടിനകത്തെ ഓരോ ജനാലക്കാഴ്ചകളും
വാതില്‍പ്പുറത്തെ
വിരുന്നുകാരെയും എത്തിനോക്കുന്നു.

വീട്ടില്‍ നിന്ന്
പുറത്തേക്കുള്ള യാത്രയേക്കാള്‍
പുറത്തുനിന്ന്
വീട്ടിലേക്കുള്ള യാത്രക്ക് ദൂരമേറെ.
റാസല്‍ഖൈമയിലെ
തെരുവുകളില്‍ നിന്നും
സൂറത്തിലെ
ഖലികളില്‍ നിന്നും
കാശ്മീരിലെ
പട്ടാളബങ്കറുകളില്‍ നിന്നും
തൃശ്ശൂര് എത്താന്‍ ഒരേ ദൂരം!

പുറത്തു പോകുന്നതിനേക്കാള്‍
തിരിച്ചു വരുമ്പോളാണ്
വീടിന് കൂടുതല്‍ മണം.
കല്ലടുപ്പില്‍ വെന്തുടഞ്ഞ
ചക്കയലുവ കൂടെ നടക്കും.
കയ്യാലപ്പുറത്തെ
ചെമ്പകം കാതിനു മുകളില്‍
അമര്‍ന്നു കിടക്കും.

തിരിച്ചു വരുന്നതുവരെ
വീട്
ഒരു സ്വപ്നമാണ്.
പടിവാതില്‍ക്കലോളം എത്തി
ഉടഞ്ഞു പോകാവുന്ന ഒന്ന്.