SOLITUDE....

SOLITUDE....

Tuesday 21 March 2017

കാട് കേറുന്നേരം

കാട് കേറുന്നേരം
മരം ചൊല്ലി
വിരുന്നു വന്നതല്ലേ 
നാലുനാള്‍ കഴിഞ്ഞേ മടങ്ങൂ!
പല നാളായി കരുതിയ
കാട്ടിലേക്കുള്ള
ആദ്യ യാത്രയല്ലേ
ഒരു പിടി വീടിന്‍ മണം
മടിയില്‍ തിരുകിയിരുന്നു മരം.
വീട്ടിലെ മരം
കാട് കാണുമ്പോള്‍,
വീട് വിട്ടുപോയവന്‍
വീടണയും നേരം
ഉടല്‍ വിറച്ച് നിന്നപോല്‍!
കാടിന്നുള്ളില്‍
വീട്ടിലെ മരം
പരിചയം കാട്ടി
ചിരിച്ചു നിന്നു;
പിന്നെ ചൊല്ലി
"വീട് കാണാന്‍ വന്നതാ"
കാട്ടിലെ മരങ്ങള്‍
ഉടല്‍ കുലുക്കി
വരൂ വരൂ വിരുന്നുകാരായെന്നു
കാറ്റിലൂടെ മൂളി.
കാട്ടിലെ മരങ്ങള്‍ ചോദിച്ചൂ
നാട്ടിലെന്തെല്ലാം വിശേഷങ്ങള്‍.
വീട്ടിലെ മരം ചൊല്ലി
നാട്ടിലെല്ലാം മാറിയല്ലോ
 കിളികളില്ല തണലുകളില്ല
 പ്രണയമില്ല മനുഷ്യരിലൊന്നും!
വീട്ടിലെ മരം
കാട്ടിന്നുള്ളില്‍
കാറ്റിനോടൊപ്പം
ഇളകിയാടി.
കിളികളൊടൊപ്പം
ഒളിച്ചു കളിച്ചു.
കാട്ടിലൂടോഴുകും
പുഴയെ ആവോളം
ഉടല്‍ കോരി നിറച്ചു...
നാലുനാള്‍ കഴിഞ്ഞു
തിരിച്ചു പോരുന്നേരം
ഒരു പിടി കാടിന്‍ മണം
മടിയില്‍ തിരുകി മരം.
വീട്ടിലെത്തിയാല്‍
തൊടി നിറയെ
നട്ടു നിറയ്ക്കണം പോല്‍!

ഭ്രമണജീവിതം

ബഹിരാകാശം-
കാലഹരണപെട്ടതും
ഉറ്റവരാൽ
ഉപേക്ഷിക്കപെട്ടതുമായ
ആകാശ പേടകങ്ങളുടെ
അനാഥാലയം.
ഉള്ളിലെ നിലവിളി
ഭൂമിയിലേക്ക്
തൊടുത്തു വിടാനാകാതെ,
താളം തെറ്റിയ ഭ്രമണജീവിതങ്ങൾ.
ഓരോ ബഹിരാകാശപേടകവും
ഓരോരോ ഒറ്റപെടലുകളാണ് ;
ഉപേക്ഷിക്കപ്പെട്ട പ്രണയനോവുകളും.
ഭൂമിയുടെ ആകർഷണ
വലയത്തിലേക്ക് ,
തിരികെ ഊളിയിട്ട്
ചിലപ്പോളൊക്കെ,
അവ സ്വയമെരിയുന്ന
കൊള്ളിമീനുകളായ് മാറും.
തിരികെയെത്താനുള്ള
കൊതിയായിരുന്നു അതെന്ന്
ഭൂമിയിലുള്ളവർ വായിക്കണമെന്നില്ല!