SOLITUDE....

SOLITUDE....

Wednesday 16 March 2011

പെണ്ണത്തം

കുളി കഴിഞ്ഞ്
ഒറ്റത്തോര്‍ത്തുടുത്ത്
പുറത്തിറങ്ങിയപ്പോള്‍ കേട്ടു
അനിയന്‍ പാഠം ഉരുവിടുന്നത് ,
"മേരിക്കുണ്ടൊരു കുഞ്ഞാട്
മേനി കൊഴുത്തൊരു ..."
അടുക്കളയില്‍ നിന്ന്
അമ്മ തിളക്കുന്നു,
"വയസ്സ് പത്തായി
മുല മുളച്ചു തുടങ്ങി
ഇനി കുളി കഴിഞ്ഞാല്‍
കമ്മീസ് ധരിക്കണം.."
പെണ്ണത്തത്തിന്‍റെ ആദ്യപാഠങ്ങള്‍
പഠിച്ചു തുടങ്ങി പെണ്‍കുട്ടി.

സ്കൂളിലേക്കുള്ള യാത്രയില്‍
ബസ്സിന്‍റെ തിരക്കിനിടയിലൂടെ
നീണ്ടു വന്ന വിരലുകള്‍
നെഞ്ചിന്‍റെ അളവെടുക്കുമ്പോള്‍
കാണാപാഠം പഠിക്കേണ്ട
പദ്യഭാഗത്തെക്കുറിച്ചായിരുന്നു
പെണ്‍കുട്ടിക്ക് വേവലാതി.
പെണ്ണത്തമെന്നത്
തൊട്ടറിയാന്‍ മാത്രമുള്ളതല്ലെന്ന്
കവിതയിലുണ്ട്..

മകളുടെ
മുലകളിങ്ങനെ വളരുന്നത് കണ്ട്
അമ്മ
നെഞ്ചില്‍ കൈവച്ചു ദൈവത്തെ വിളിച്ചു.
നെഞ്ചുതള്ളി നടക്കല്ലേയെന്നു
കാതില്‍ പറഞ്ഞു.
പള്ളിയില്‍,കുമ്പസാരകൂടിനരികിലും
മകള്‍ക്ക് കാവല്‍ നിന്നു അമ്മ
ലോകം വിരലുകളിലേക്ക്
ചുരുങ്ങുന്നത് ഭയപ്പെടുന്നതു കൊണ്ട്..

കുട്ടി ചോദിക്കും,
തൊട്ടു നോക്കാന്‍
മാത്രമുള്ളതാണോ അമ്മേ
പെണ്ണത്തം ?
ഉത്തരമില്ലെന്ന് അമ്മ.

പ്രണയം:ഒരു സൂപ്പര്‍മൂണ്‍ പ്രതിഭാസം

എത്രമാത്രം
അടുത്തെത്തിയാലാണ്
നിന്നെയൊന്നു തൊടാനാവുക;
ഇളക്കി മറിക്കാനാവുക.

പേമാരിയോ
പ്രളയമോ
ഉരുള്‍പ്പൊട്ടലോ ഇല്ലാതെ
വെറുമൊരു
മഴച്ചാറലായി നിന്നില്‍
വീഴാനാവുക.

ഭ്രമണപഥത്തില്‍ നിന്നും
വഴുതി മാറി
പ്രകൃതി നിയമത്തിന്‍റെ
അതിരുകള്‍ ഭേദിച്ച്
നിന്നിലേക്ക് പെയ്തിറങ്ങുവാനാണ്
എനിക്കിഷ്ടം.

എത്രമാത്രം
അടുത്തെത്തിയാലാണ്
നിന്നെയൊന്നു പ്രണയിക്കാനാവുക!

Wednesday 9 March 2011

ദയാവധം:ഒരു വൃക്ഷസുഷുപ്തി

കൈവിരിച്ചങ്ങനെ നില്‍ക്കുമ്പോള്‍
വിലാവില്‍ തന്നെ കുത്തണം
ഒരൊറ്റ പഴുതിലൂടെ
നൂഴ്ന്നു കയറാന്‍ മാത്രം.
കൈവിരിച്ചങ്ങനെ നില്‍ക്കുമ്പോള്‍
ഇറ്റിറ്റായി
രസം നിറക്കണം.
ഉടലിളക്കി,രസിച്ച്
ചിരിച്ചു കൊണ്ട് നില്‍ക്കും
അപ്പോളും.

ഇടിമിന്നലോ
ആകാശം മറക്കുന്ന കരിമേഘങ്ങളോ
വിരുന്നു വരില്ല.
അശരീരിയായി
തണല്‍ തേടിയെത്തിയ
കിളികള്‍ പറന്നകലുന്ന
ചിറകടിയൊച്ചകള്‍.

ആരും വിലപിക്കാനില്ലാത്ത
തികച്ചും
ഒറ്റയായ മരണം.

ഒരു മരത്തെ
കൊല്ലാന്‍ എത്രയെളുപ്പം;
ഒരു തണലിനേയും.

യൂത്തനേഷ്യ (Euthanasia)

Euthanasia refers to the practice of ending a life
in a manner which relieves pain and suffering....

വെറുതെ
അടങ്ങികിടക്കുകയാണെന്ന്‍
ഇങ്ങനെ,കണ്ണിമ പോലും
ചിമ്മാതെ.
കാഴ്ചകളൊക്കെ കാണുന്നുണ്ടെന്ന്
ഇവരെങ്ങനെ അറിയും.
കേള്‍വികള്‍
ഉള്ളിലുറഞ്ഞു കൂടുന്നുണ്ടെന്നും.

ഒരുനാള്‍
വിരലൊന്നനങ്ങുംവരേക്ക് മാത്രം,
മുറുക്കി പിടിച്ച
ഈ നിശ്വാസം
ഒരു തീപ്പൊരിയായി
ഉണര്‍ന്നെണീക്കുമെന്ന് ഇവരെങ്ങനെ അറിയും.

ഭരണകൂടങ്ങള്‍ കരുതിയിരിക്കുക.

അപ്പനും മോനും

അടി വീണാല്‍
എങ്ങിനെ തടയണമെന്നാണ്
അപ്പന്‍ ആദ്യം പഠിപ്പിച്ചത്.
പിന്നെ,തൊലിയൂരിക്കളഞ്ഞ
മൂത്ത മരച്ചീനി കമ്പുകൊണ്ട്
വടിത്തല്ലും പഠിപ്പിച്ചു.

പത്താം ക്ലാസ്സെന്ന
കടമ്പക്ക് മുന്നില്‍ നിന്ന്
മകന്‍ തോറ്റുതിരിയുമ്പോള്‍
ഉമ്മറത്തിരുന്നു
അപ്പന്‍ മുഖം വീര്‍പ്പിക്കും
"മനസ്സിലാവാത്തത് കുറെ വട്ടം
എഴുതിപഠിക്കടാ'ന്ന് മുരളും.
കഥയറിയാത്ത മകന്‍
കാണാപാഠത്തില്‍ കിടന്നു നീന്തിത്തുടിച്ചു.
എഴുതാന്‍ മറന്നപ്പോള്‍
പരീക്ഷ അതിന്‍റെ പാട്ടിനു പോയി.

പഠിച്ചത് എഴുതാനറിയില്ലെങ്കില്‍ എന്തു ഫലം?

മകന്‍ വേലിക്കരുകില്‍ നിന്ന്
പ്രണയം കുറുങ്ങുമ്പോള്‍
ചാരുകസേരയില്‍ കിടന്നു
അപ്പന്‍ കണ്ണുരുട്ടും
"ധൈര്യണ്ടങ്കില്‍ റോട്ടിലിറങ്ങി
വര്‍ത്താനം പറയടാ"ന്ന് മുരളും.
കളിയറിയാത്ത മകന്‍
വേലിമുള്ളില്‍ കുരുങ്ങിത്തന്നെ കിടന്നു
പ്രണയം അതിന്‍റെ പാട്ടിനു പോയി.

പഠിച്ചത് പ്രയോഗിച്ചില്ലെങ്കില്‍ എന്തു ഫലം?

ഉഴുതുമറിച്ച കൃഷിയിടത്തില്‍
വിയര്‍പ്പ് വീഴ്ത്താന്‍ മടിച്ചു
മകന്‍ ചൂളുമ്പോള്‍
ഊന്നുവടിയില്‍ ആടി നിന്ന്
അപ്പന്‍ സങ്കടം കൊള്ളും
"കൈ ആഞ്ഞുവീശി, കരളുചേര്‍ത്ത്
വിത്തെറിയടാ"ന്ന് വിലപിക്കും.
കൈമെയ്‌ മെരുങ്ങാത്ത മകന്‍റെ
വിരലുകള്‍ക്കുള്ളിലൂടെ വിത്തുകളൊക്കെ
അവയുടെ പാട്ടിനു പോയി.

പറഞ്ഞുകൊടുത്തത് പഠിച്ചില്ലെങ്കില്‍ എന്തു ഫലം?

തെളിച്ച വഴിയില്‍ നടക്കാത്തതിനെ
നടന്ന വഴിയില്‍ തെളിക്കണമെന്നു
മകന്‍ പറഞ്ഞു,പിന്നെ
രാഷ്ട്രീയം കളിച്ചു.
പഠിക്കാതെത്തന്നെ തീപ്പൊരി പ്രസംഗിച്ചു.
വലിയ വായില്‍ ചിരിച്ച്
എല്ല് വളയ്ക്കാന്‍ ശ്രമിച്ചു.
കഞ്ഞി മുക്കിയ വെളുത്ത വസ്ത്രത്തില്‍
മകന് വലുപ്പം വച്ചു.
മകന്‍ വളരുന്നത് കണ്ട്
അപ്പന്‍ തളര്‍ന്നു വീണു.

കളിയില്‍ അപ്പന്‍ തോറ്റു!

നെഗറ്റീവ്

ഏതാണ് സത്യം?
ഇരുട്ടുമുറിയിലെ
ചുവന്ന ജലവിഭ്രാന്തികളില്‍
ശ്വാസംമുട്ടി പിടയുന്നതോ,
അതോ
വെട്ടിയൊതുക്കി
ഫ്രെയിം ചെയ്തുവച്ച
വര്‍ണ്ണവസന്തത്തില്‍
മയങ്ങി നില്‍ക്കുന്നതോ....
ഇതില്‍,ഏതാണ് സത്യം?

നെഗറ്റീവിലാണ് സത്യമുള്ളതെന്ന്
നീ പറയുന്നു.
അതു തിരിച്ചറിയാത്ത
വര്‍ണ്ണ കാഴ്ചയാണ്
എന്നെ അന്ധനാക്കുന്നതെന്നും.
ഒരു ഫ്ലാഷിന്‍റെ മിന്നായത്തില്‍
വഴിപിഴച്ചു പോകുന്ന കണ്ണുകള്‍!

ആല്‍ബങ്ങള്‍
നുണകളുടെ ഒരു കൂമ്പാരമെന്ന്
നീ പറയുന്നു.
അലക്കി,
തേച്ചുമിനുക്കിയ മുഖഭാവങ്ങള്‍
അഴുക്കിനെ മറയ്ക്കുന്നുവെന്നും
ഒരു കളര്‍ ഫോട്ടോയിലേക്കുള്ള
പരിണാമത്തിനിടയില്‍
എവിടെയോ
നമ്മുക്ക് നമ്മെ നഷ്ടപ്പെടുന്നുവെന്നും!

പൊടിതട്ടിയെടുത്ത
പഴയോരാല്‍ബത്തിലെ,നാല്പ്പതുവര്‍ഷം
പ്രായമുള്ള ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്
വിവാഹ ഫോട്ടോ,
നിറം മങ്ങി,നരച്ച്.....
പഴയ,
നമ്മളുടെതു മാത്രമായ
ആ ചിരിയുടെ
നെഗറ്റീവിലേക്ക് വീണ്ടും
തിരിച്ചു പോകുന്നതാണ്;
എന്‍റെ സ്വപ്നം.


കമ്മ്യൂണിസ്റ്റ്‌ പച്ച

നാട്ടുപാത മുറിച്ചു കടന്ന്
വേലിപരപ്പിന്നിടയിലൂടെ
പാത്തും പതുങ്ങിയും
മുഖം കാട്ടി ചിരിച്ചു
പാവമൊരു പച്ചത്തുമ്പ് .
ആഹാ ഇവിടെയും വന്നോയെന്നോതി
പിഴുതു കളയാനാഞ്ഞപ്പോള്‍
അപ്പന്‍ പറഞ്ഞു,വേണ്ടടാ
അത് നമ്മടെ കമ്മൂണിഷ്ടല്ലേന്ന്.

അപ്പനൊരു കമ്മ്യൂണിസ്റ്റായിരുന്നു.
കമ്പനി പണിയും
പാര്‍ട്ടി യോഗവും കഴിഞ്ഞ്
തിരിച്ചു വരുന്നേരം കയ്യിലുണ്ടാവും
വഴിയോരത്ത് നിന്ന്
മുറിച്ചെടുത്ത ചേമ്പിന്‍ താളുകള്‍ .
പരിപ്പിട്ടു വറുത്തരച്ചാല്‍
പട്ടിണിക്കാലത്തെ
ഇറച്ചിക്കറിയായെന്ന് അമ്മ പറയും.

വേലിപ്പുറം കടന്ന്
കമ്മ്യൂണിസ്റ്റ് പച്ച
അടുക്കളയുടെ പിന്നാമ്പുറത്തെത്തി
അമ്മയോട് ലോഹ്യം പറഞ്ഞു.
പിന്നെ, പറമ്പിലേക്ക് നീങ്ങി
ഇളക്കമുള്ള മണ്ണിനോട്
പ്രണയ ലീലകളാടി.
കുശുമ്പ് കാട്ടിയ നാരകത്തെയ്യിനരികെ
മുട്ടി നിന്ന്,മുള്ള് കൊള്ളാതെ
കൊഞ്ഞനം കുത്തി.
വെണ്ടക്കുരു കുത്താന്‍
മണ്ണിളക്കിയാല്‍
ഈങ്ക്വിലാബ് പാടുന്ന കമ്മ്യൂണിസ്റ്റ് പച്ച
വേര് കാട്ടി ചിരിക്കും.

പടര്‍ന്ന് പടര്‍ന്ന്‍
നാടാകെ പടര്‍ന്നു കമ്മ്യൂണിസ്റ്റ് പച്ച.
പച്ച പൂത്തത് പൊട്ടിച്ചെടുത്ത്
വായുവില്‍ ഊതികളിച്ചു കുട്ടികള്‍.
മറിഞ്ഞു വീഴുന്നേരം
ഇല ചുരുട്ടി പിഴിഞ്ഞ ചാറില്‍
മുറിവ് കൂട്ടുന്ന വിരുതില്‍ ലയിച്ചു.
ഇങ്ങനെ പടര്‍ന്നു കേറിയാല്‍
വെട്ടിയൊതുക്കാന്‍
എളുപ്പമല്ലെന്ന് ചൊല്ലിയാല്‍
അര്‍ബുദം കൊയ്തുകയറുന്ന
മേലുതടവി,പതിയെ ചിരിച്ച്
അപ്പന്‍ പറയും,വേണ്ടടാ
അത് നമ്മടെ കമ്മൂണിഷ്ടല്ലേന്ന്!