SOLITUDE....

SOLITUDE....

Wednesday 23 February 2011

എങ്ങിനെ വിളിക്കും?

കടല്‍ കടന്ന്
വിയര്‍പ്പില്‍ നനഞ്ഞൊട്ടി
മണല്‍ പൊടിയണിഞ്ഞു
മുറ്റത്ത് അഴിഞ്ഞു വീണ
വിരല്‍ സ്പര്‍ശങ്ങളെ എന്തു വിളിക്കും?

കാത്തിരിപ്പിന്‍റെ മഴയെന്ന് ഞാന്‍ വിളിക്കും.

മുറ്റം കടന്ന്
ഇടവഴി താണ്ടി
പുഴയില്‍ വീണാലും
മുങ്ങി നിവരുമ്പോള്‍
ചെവിത്തുമ്പ് നുള്ളുന്ന
ഓര്‍മ്മപ്പെടുത്തലിനെ എന്തു വിളിക്കും?

പ്രണയത്തിന്‍റെ മഴയെന്ന് ഞാന്‍ വിളിക്കും.

തിമര്‍ത്തു പെയ്യാതെ
പോകുന്നതൊക്കെ മഴയല്ലാതാകുമോ...
ഉള്ളില്‍ അടുക്കി വച്ച തിരകള്‍
ഇളകി മറിഞ്ഞ്
നിലവിളിക്കുന്നതിനെ എന്തു വിളിക്കും?

വിരഹത്തിന്‍റെ മഴയെന്ന് ഞാന്‍ വിളിക്കും.

ജാലകത്തിനപ്പുറം
പെയ്തു വീഴുന്ന നനവിനേക്കാള്‍
കണ്ണാടിയില്‍
നിന്‍റെ കണ്ണീരിനു മുകളില്‍
ഉരുകി ചേരുന്ന കാഴ്ചയെ എന്തു വിളിക്കും?

അറിയില്ല.
ഒരാള്‍ എന്നേക്കുമായി
വിട്ടുപോകുമ്പോള്‍
അതിനെ മഴയുടെ പേരിട്ട്‌
എങ്ങിനെ വിളിക്കും?

No comments:

Post a Comment