SOLITUDE....

SOLITUDE....

Tuesday 15 February 2011

വേരോട്ടം

ഭൂമിക്കടിയില്‍ എന്താണ് സംഭവിക്കുന്നത്?
വേരുകളോട് ചോദിക്കണം.

തേന്മാവിന്‍റെ വേരുകളും
കരിവീട്ടിയുടെ വേരുകളും
അവിഹിതമായി പുണര്‍ന്നു
പ്രണയിക്കുന്നത് കണ്ടെന്ന്‍ ,
അതറിഞ്ഞതിനാലാവണം
വാകമരം
ഒരു പൂമഴ പൊഴിയിച്ചതെന്ന്‍.

കുമാരേട്ടന്‍
വേരുകള്‍ക്കിടയില്‍ പൂഴ്ത്തിവച്ച
നാടന്‍ ചാരായം
മറിഞ്ഞു വീണതുമുഴുവന്‍
കുടിച്ചു തീര്‍ത്തത്
അരയാലിന്‍റെ വേരുകളെന്ന്‍ ,
അതിനാലാവണം
വെളിച്ചപ്പാടിനെ പോലെ
ലഹരിയില്‍ ,ഇലയിളക്കി
അരയാല്‍ ഉറഞ്ഞു തുള്ളിയതെന്ന്.

എലികള്‍ തീര്‍ത്ത മാളങ്ങളിലേക്ക്
വിരലുകള്‍ നീട്ടി
വയസ്സന്‍ പ്ലാവിന്‍റെ വേരുകള്‍
എലിയെ തിന്നാന്‍ വന്ന
ചേരപാമ്പിനെയും
പഴുത്ത ചക്കയുടെ കഥ പറഞ്ഞു
മനംമയക്കിയെന്ന്‍ ,
എലിയും പാമ്പും കൂട്ടുകാരായെന്ന്‍.

മുളക്കാന്‍ കുത്തിയ
പയറുമണിയുടെ ചെറുനാരുകള്‍
വേരുകളാകുന്നത് ,
കൂട്ടുകാരുടെ എണ്ണം കൂടിവരുന്നത്
അതില്‍ മനം നിറഞ്ഞു
മുടി കോതിയൊതുക്കുന്നുണ്ട്
തെങ്ങിന്‍റെ വേരുകളെന്ന്‍ .

ചോദിക്കുമ്പോള്‍
വേരുകള്‍ എല്ലാം പറയണമെന്നില്ല .

അതുകൊണ്ടല്ലേ,
വെട്ടിവീഴ്ത്തിയ ചന്ദനമരത്തിന്‍റെ
വേരുകളുടെ കണ്ണീരുകണ്ട്
അതില്‍ മുങ്ങി, നനഞ്ഞ്
ഒന്നും മിണ്ടാതെ
ഇങ്ങനെ ഇരിക്കുന്നതെന്ന്‍!.

*(മലയാളനാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു:2011)



2 comments: