SOLITUDE....

SOLITUDE....

Sunday, 16 January 2011

മരം:ചില പാഠഭാഗങ്ങള്‍

ഒരു ചില്ല.
ഒരു സ്വപ്നം .
ഒരു കാറ്റില്‍ ഇളകിയിടറി
വീണു പോകാമീ
ജീവിത പാഠം..!

പാഠം ഒന്ന്

ആദ്യത്തെ ഇല
കൊഴിഞ്ഞു വീണപ്പോള്‍
ഒന്നും പഠിക്കാത്ത കുട്ടി.
ഇപ്പോള്‍,
തായ്‌വേരില്‍ മൂര്‍ച്ച
താണിറങ്ങുമ്പോള്‍
ജീവിതം പഠിച്ചവന്‍ ...

ഒരു മരമായി
ജീവിച്ചു മരിക്കുക
നല്ലൊരു പാഠം തന്നെ!

പാഠം രണ്ട്

തീ പിടിക്കുന്ന ഞരമ്പുകളില്ലെങ്കില്‍
മരം
ഉണങ്ങി തന്നെ കിടക്കും!

പാഠം മൂന്ന്

ആകയാല്‍ ,മരമേ
നിന്‍റെ വന്യമായ നിശബ്ദതയിലേക്ക് തന്നെ
തിരിച്ചു പോവുക.
കനിവ് കെട്ട കാലത്തിന്
തണല്‍ കൊടുക്കാതെ.

പോവുക,
അടിവേരുകളെ ഉലക്കാത്ത മണ്ണിലേക്ക്,
അവിടെ-
കൈ വിരിച്ചു പിടിച്ച്,
ഒരാകാശം കണ്ണില്‍ നിന്നും മറച്ച്,
കാറ്റിന്നിരമ്പലില്‍ ഉലഞ്ഞ്,
താഴോട്ടൊരു പ്രണയത്തിന്‍
തളിരില പൊഴിയിച്ച്,
ഉറുമ്പുകള്‍ക്ക് ,
ശലഭങ്ങള്‍ക്ക് , കിളികള്‍ക്ക്,
അണ്ണാറക്കണ്ണന്...
കളി വീടൊരുക്കുക.

മനുഷ്യന്‍
നിന്നെക്കുറിച്ച്  സ്വപ്നം കാണട്ടെ.

പാഠം നാല് 

സ്വപ്ങ്ങള്‍ക്ക് മീതെ
കുട
പിടിക്കാനാണെങ്കില്‍
അല്ലയോ മരമേ,
എനിക്ക് നിന്നെ വേണ്ട.

വിശാലമായൊരു
ആകാശമുള്ളപ്പോള്‍.

മരം പറഞ്ഞു,
മഴ പെയ്യുമ്പോള്‍ നീ
എന്ത് ചെയ്യും?

തിരിച്ചു വരാതിരിക്കാനാകില്ല
നിനക്ക്,
നിന്‍റെ പ്രണയത്തിനും....


പാഠം അഞ്ച്

മരങ്ങളില്‍ നിന്ന് താഴോട്ട്
തൂങ്ങി കിടന്ന്
പൂക്കളും കായ്‌കളും
ചങ്ങാത്തം കൂടാറുണ്ട്.
അവരുടെ മുഖത്ത്
തട്ടിയും ഉമ്മ കൊടുത്തും
ഒരു ബാല്യം
ഓര്‍മ്മയിലിന്നും പച്ചപ്പോടെ .....

കൂടെ,
തെക്കേതിലെ
രുക്മിണി ചേച്ചിയുടെ
തൂങ്ങിയാടിയ
കാലുകളും.

മരങ്ങള്‍ക്ക് 
ആരോടും പക്ഷഭേദമില്ല.

പാഠം ആറ്‌

ഇല
മരത്തിന്‍റെ ജാതകമെഴുതിയ
കൈപ്പത്തി!

പാഠം ഏഴ്

ചിലപ്പോള്‍ മരം
അങ്ങിനെയാണ്
ഒരു തണല്‍ പോലും തരാതെ
നീണ്ടു നിവര്‍ന്നങ്ങനെ
കിടക്കും.

മണ്ണില്‍ നിന്നും അറുത്തുമാറ്റിയ
പൊക്കിള്‍ കൊടിയെ ഓര്‍ത്ത്.

മരത്തിന്‍റെ ചരിത്രം
സൂക്ഷിക്കുന്നത് ആരാണ്.
ഉപേക്ഷിക്കപ്പെട്ട
അടിവേരുകളോ..?

പാഠം എട്ട്

ഓ, ബോണ്‍സായ്‌
നീ
തിര തള്ളലിനെ പുറത്തുവിടാനാകാതെ
ഉളം കൈയിലൊതുങ്ങി പോയ
ഒരു സ്വപ്നം.

പാഠം ഒമ്പത്‌

മരത്തില്‍ നിന്നും
മരക്കുരിശിലേക്കുള്ള ദൂരം
കടന്നു പോകേണ്ടത്
അറക്കവാളിന്‍റെ
പല്ലുകള്‍ക്കിടയിലൂടെയാണ്.

പാഠം പത്ത്

ഒരു മരത്തിന്‍റെ
സ്വപ്നത്തില്‍
ആദ്യം കടന്നു വരുന്ന നിറം
പച്ച ആയിരിക്കണം.
പിന്നാലെ,
മഞ്ഞ,നീല,ചുവപ്പ്...
അങ്ങനെ.

ചാരത്തിന്‍റെ നിറം
എന്തുകൊണ്ട്
മരം ഇഷ്ടപ്പെടുന്നില്ല!

പാഠം പതിനൊന്ന്

തൊട്ടാവാടി ,
നീയൊരു മരമാകാതിരുന്നത്
എത്ര നല്ലത്.
ഇല്ലെങ്കില്‍
നിന്‍റെ പരിഭവം
തൊട്ടറിയാന്‍
ഞാനൊരു മരംകേറി
ആകേണ്ടി വന്നേനെ..!

പാഠം പന്ത്രണ്ട്

തൊലിയുരിയപ്പെടും മുമ്പ്
മരം
അവസാനത്തെ
ഒരു തുള്ളി നീര്
മണ്ണിലേക്ക് ഒഴുക്കി.
നാളെ,
കിളിര്‍ത്തു ഉണര്‍ന്നേക്കാവുന്ന
വേരുകളിലോന്നിലേക്ക്..

മുറിച്ചു മാറ്റപ്പെട്ട
വേരുകളെ
നോക്കിയീട്ടുണ്ടോ.
മുറിഞ്ഞ നാവിന്‍ തുമ്പില്‍
കരുതി വച്ചൊരു തുള്ളി
വെള്ളം!


പാഠം പതിമൂന്ന്

എഴുതാനെടുത്ത
വെള്ള പേപ്പറില്‍
നീലിച്ച
ഒരു കൂട്ടം ഞരമ്പുകള്‍ കണ്ടു.
പേനത്തുമ്പ് കൊണ്ടപ്പോള്‍
ആര്‍ത്തിയോടെ
മഷി കോരിക്കുടിക്കുന്നു.

വെള്ളം കിട്ടാതെ
മരിച്ചു വീണ
ഏതോ മരം...!

No comments:

Post a Comment