ഏതു തിരഞ്ഞെടുക്കണം ?
ഒരു കയര്‍ത്തുമ്പിലോ സാരിക്കഷ്ണത്തിലോ
ഒതുക്കി തീര്‍ക്കണം.
പിടഞ്ഞു പിടഞ്ഞു,കണ്ണ് തള്ളി
നാക്ക് കടിച്ചു പിടിച്ച്....
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!
ഒരു കുപ്പി വിഷമായാലോ
എളുപ്പമാകും യാത്ര.
നെഞ്ച് പൊള്ളി,പരവേശം കൊണ്ട്
ചോര തുപ്പി,കാട്ടുപറമ്പില്‍ ചീഞ്ഞളിഞ്ഞങ്ങനെ ....
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!
കിണറ്റിലേക്കോ കുളത്തിന്‍റെ ആഴങ്ങളിലേക്കോ
ഊളിയിട്ടങ്ങിനെ പോകണം.
വെള്ളം കുടിച്ചു പൊട്ടാറായ
മുഖമിരുണ്ട,ചീര്‍ത്തുരുണ്ട രൂപം...
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!
പറന്നു വരുന്ന തീവണ്ടിയുടെ മുന്നിലേക്ക്
പറന്നു തന്നെ വീഴണം.
ചിതറി തെറിച്ച്,കാലുകളവിടെ
തലയിവിടെ,തുണി കീറിപ്പറിഞ്ഞു
മുലകള്‍ പുറത്ത് ....
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!
കൈത്തണ്ടിലൂടെ,ഞരമ്പിലൂടെ കത്തിയോടിച്ചു
ഒഴുക്കി കളയണം.
ബോധം മറയുമ്പോള്‍,ചോരയില്‍ കുളിച്ച്
ഭംഗിയായി കിടക്കാനാകുമോ...
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!
പലനില കെട്ടിടമോ,ആത്മഹത്യാ മുനമ്പോ
താഴോട്ടു,തല കീഴായി പറക്കാം.
തട്ടിത്തകര്‍ന്നു,ചിന്നിച്ചിതറി
രൂപമില്ലാതെ...പക്ഷെ,
ഇടക്കെങ്ങാനും ഉടക്കി നിന്നാലോ
കഴുകന്മാര്‍ കൊത്തിവലിച്ച് ,വികൃതമായി...
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!
തിരഞ്ഞെടുക്കാന്‍ വിഷമം തന്നെ.
ഇനി,കുട്ടികളെ കെട്ടിപിടിച്ച്
നന്നായൊന്ന് ഉറങ്ങണം.
(ആത്മഹത്യാ ചിന്തയില്‍ നിന്നും പിറകോട്ടു നടന്ന എല്ലാ അമ്മമാര്‍ക്കും സമര്‍പ്പിക്കുന്നു...)
No comments:
Post a Comment