SOLITUDE....

SOLITUDE....

Tuesday, 31 May 2011

ഒരു പോസ്റ്റ്‌ കൊളസ്ട്രോളിയന്‍ കവിത

സൂക്ഷിക്കണമത്രേ,
പോസ്റ്റ്‌ കൊളസ്ട്രോളിയന്‍ കാലമല്ലേ!
കവിതയില്‍ നിന്നിനി
എരിവും പുളിയുമുള്ള വാക്കുകള്‍
മാറ്റിവയ്ക്കണം.
കറുമുറെ കരളില്‍ തറച്ചു കേറും
വറുത്തു മുറുക്കി ഉപ്പുപുരട്ടിയ
കഠിനവാക്കുകളും വേണ്ടെന്നു വയ്ക്കണം.

ഉന്മാദമരുതത്രേ,
ഹൃദയം ഉലയാതിരിക്കാന്‍
രസച്ചരട് പൊട്ടാത്തവിധം
രതിരസം കുറച്ചേ ആകാവൂ!
അവളുടെ നനവിടങ്ങള്‍ തൊടാതെ
ജഘനത്തില്‍ വിരലോടിച്ചും
കുജകുംഭങ്ങളില്‍ തലോടിയും
വാക്കുകള്‍ക്കിനി ഉണര്‍വില്‍ നിന്നും
തിരികെ വരാം.

മധുരമധികമാകരുതത്രേ,
പ്രണയച്ചാലില്‍ മുങ്ങിത്തുടിക്കും
പഞ്ചാരവാക്കുകള്‍ മാറ്റിവയ്ക്കണം.
കാമിനിതന്‍ ചുണ്ടിലേക്കിനി
ഷുഗര്‍ഫ്രീ പുരട്ടിയ സ്ഖലിതങ്ങളാവാം.

കൂടുതലെഴുതി വിരലുകളെ
വേദനിപ്പിക്കരുതത്രേ,
വാതബാധയാല്‍ ചുളുങ്ങും സന്ധിബന്ധങ്ങള്‍
കുഴമ്പു പുരട്ടിയുണര്‍ത്തിയെടുത്തു
കുരുമുളകില വാട്ടിയ ചുടുവെള്ളത്തില്‍
ആവികൊടുത്തുണര്‍ത്തിയ 
ആയുര്‍സുഖമായിരിക്കണം ഇനിയുള്ള വാക്കുകള്‍.

സുഖശോധനയുണ്ടാകണമത്രേ,
വാക്കിന്നൊഴുക്കില്‍ വിഘ്നമുണ്ടാകാതിരിക്കണം.
നാരുകള്‍ പോലെ പടര്‍ന്നു വീഴും
ആശയങ്ങളൂര്‍ന്നു പോരണമല്ലോ!
അമ്മയോട് പറഞ്ഞു,പരിപ്പും മുരിങ്ങയിലയും മതി
വാക്കിനും വേണ്ടേ തടസ്സങ്ങളില്ലാത്ത
ഒരു കുത്തൊഴുക്ക്.

സൂക്ഷിക്കണമത്രേ,
പോസ്റ്റ്‌ കൊളസ്ട്രോളിയന്‍ കാലമല്ലേ!
കവിതയിലിനി കുറച്ചുനാളേക്ക്
ഹരിതം,പച്ചക്കറിക്കാലം.

No comments:

Post a Comment