SOLITUDE....

SOLITUDE....

Wednesday, 7 December 2011

ഉള്ളുനിറയുന്നത്

പറയാന്‍ പോകും മുന്‍പ്‌
പറയേണ്ടുന്നതിനെ കുറിച്ചായിരുന്നു
ഉള്ളുനിറയെ.
പറഞ്ഞു കഴിഞ്ഞപ്പോളോ
പറയാതെ പോയതിനെ ക്കുറിച്ചായി
ഉള്ളുനിറയെ!!.

വ്യക്തത

ആദ്യമാദ്യം ഒന്നും വ്യക്തമല്ലായിരുന്നു
അവന്‍ അവനായും
അവള്‍ അവളായും.

പിന്നെ പിന്നെ
അവനിലെ അവന്‍ പുറത്തുവന്നു
അവനിലെ അവന്‍
ഒരിക്കലും
അവനെപ്പോലെ ആയിരുന്നില്ല.

കാണെ കാണെ
അവളിലെ അവളും പുറത്തുവന്നു
അവളിലെ അവള്‍
ഒരിക്കലും
അവളെ പോലെ ആയിരുന്നില്ല.

പോകെ പോകെ
അവനിലെ അവനും
അവളിലെ അവളും
അവരവരുടെ
പ്രണയങ്ങളിലേക്ക് തിരിച്ചുപോയി!

*(മലയാളനാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു :15 DEC 2011).

നടത്തം

നടക്കണം,
നടന്നുകൊണ്ടേയിരിക്കണം
നടക്കുകയാണെന്ന്
അറിഞ്ഞുകൊണ്ട് നടക്കണം.

നടക്കും വഴികളില്‍
കാലിലുരുമ്മുന്ന മണ്ണിനോട്
പരിഭവം പറയണം; പ്രണയിക്കണം;.
മണ്ണിനടിയില്‍ ഒളിച്ചിരിക്കും
മാറുവീര്‍ത്തു ചുരത്താനായുന്ന
നീര്‍ച്ചാലിനോട് കിന്നാരം ചൊല്ലണം
വിരല്‍ കുത്തിയാല്‍ പൊന്തിവന്നു
കണ്ണിലെ കരടു മാറ്റാനിത്തിരി
വെള്ളം തരണേയെന്നു വാക്ക് ചോദിക്കണം.
പിന്നെയും താഴെ,
ആഴത്തിലാഴത്തില്‍ പൊള്ളിപ്പടരുന്നൊരു
ദുഖമുറങ്ങുന്നുണ്ടെന്നറിയണം,
തിളച്ചിളകിമറിയുന്നൊരു ഭൂഗര്‍ഭം
നമ്മിലോരോരുത്തരിലുമുണ്ടെന്നുമറിയണം.
ഒരുനാളൊരുനാള്‍
നെഞ്ചുകീറി,പൊട്ടിയൊലിച്ചു
ഒന്നിനെയും ബാക്കിവയ്ക്കാതെ....

നടക്കുമ്പോളറിയാം
ഭൂമിയാരെന്ന്;ഭൂമി നിനക്കാരെന്ന്‍!

നടക്കുന്നേരം
മുഖമുയര്‍ത്തിയും നടക്കണം
കണ്ണിലേക്ക് വീഴുന്ന
ആകാശക്കാഴ്ചകള്‍ കുടിക്കണം
കാഴ്ചകള്‍ക്കപ്പുറം മറഞ്ഞിരിക്കും
കത്തിയമര്‍ന്നൊരു നക്ഷത്രക്കണ്ണീര് കാണണം.
ഭൂമിയില്‍ നിന്നും ആകാശത്തേക്കെത്ര
ദൂരമെന്നളക്കണം;അതില്‍ വിസ്മയം കൊള്ളണം
മഴയൊളിപ്പിച്ചു വച്ച
മേഘങ്ങളോട് സല്ലപിക്കണം
പെയ്യാതിരിക്കരുതേയെന്നു ഉറപ്പുവാങ്ങണം.
പിന്നെയുമപ്പുറം,
ശതകോടി കാഴ്ചദൂരങ്ങള്‍ക്കുമപ്പുറം
സൂര്യനുറങ്ങാതിരിപ്പുണ്ടോയെന്ന്,
ഭൂമിയോട് നിനക്ക് പ്രണയമുണ്ടോയെന്ന്‍
കേവലം കൌതുകത്തോടെ ചോദിക്കണം.

നടക്കുമ്പോളറിയാം
ഭൂമിയാരെന്ന്;ഭൂമിയെ നീയും പ്രണയിക്കുന്നുവെന്ന്!

നടക്കുന്നേരം
ഈയാംപാറ്റയൊരെണ്ണം
ചിറകുവെടിഞ്ഞു
ജീവിതം അത്രമേല്‍ ക്ഷണികമല്ലോയെന്നു
വിതുമ്പുന്നതും കാണാം.

നടക്കുന്നേരം
കാറ്റ് കൂടെ നടക്കും, തോളില്‍ത്തട്ടി
വെറുതെ കുശലം ചൊല്ലും
പിന്നെ,മുളങ്കാട്ടിനുള്ളിലെ
പുല്ലാങ്കുഴല്‍ തേടി ഓടിമറയും.
ഒരു മിന്നാമിനുങ്ങ് വഴികാട്ടിയായി
മുന്നിലൂടെ  പറക്കുന്നതും കാണാം.
ഒരുപിടി  വെളിച്ചത്തിലൂടെ
നിനക്കുമാത്രമായൊരു ലോകം
കണ്ണില്‍ തെളിയുമപ്പോള്‍!

അതുകൊണ്ടുതന്നെ നടക്കണം
നടന്നുകൊണ്ടേയിരിക്കണം; നടക്കുകയാണെന്ന
കിനാവിലൂടെ നടക്കണം.
നടക്കുകയാണെന്ന
അറിവിലൂടെ നടക്കണം.

നടക്കുമ്പോളറിയാം
ഭൂമിയാരെന്ന്;ഭൂമി നീ തന്നെ
ആയിരുന്നുവല്ലോയെന്ന്‍!