SOLITUDE....

SOLITUDE....

Friday, 17 June 2011

നിലവിളി ..

കരുതിയിരിക്കുക,
എന്‍റെ ഗ്രാമമേ,കരുതിയിരിക്കുക.
അര്‍ബുദംപോല്‍ നിശബ്ദം
വലവീശി നിന്നെക്കുരുക്കാനിതാ
എത്തിക്കഴിഞ്ഞൂ;നഗരം..!

കരുതി വയ്ക്കുക
എന്‍റെ ഗ്രാമമേ,കരുതി വയ്ക്കുക
നിന്‍റെ മഷിത്തണ്ട് പൊട്ടാത്തൊരു
നിര്‍മ്മല നീലാകാശം.
കരുതിവയ്ക്കുക,
നിന്നില്‍ ബാക്കിയുളൊരു
വയല്‍വരമ്പിന്‍ ഹരിതരേഖകള്‍ .
നഗരമിങ്ങെത്തിക്കഴിഞ്ഞു,നിന്‍
മേനിയെ പുണരുമാവേഗത്തില്‍ നിന്നും
പിടഞ്ഞു പിടി വിട്ടുമാറുക.
കൈകളിലൊതുക്കുക നിന്‍ മണ്ണില്‍
തീര്‍ത്ത പുള്ളിയാന്‍കുത്തികള്‍*
കൈവിരിച്ചു പിടിച്ചു കാവലൊരുക്കുക
കളിച്ചീടട്ടെ കുട്ടികള്‍ നിര്‍ഭയം
അമ്പസ്ഥാനിയും ഓട്ടപ്രാന്തിയും**.

തീര്‍ക്കുക,
വിരലുകള്‍ കൊണ്ട് തീര്‍ക്കുക
നിന്നതിരില്‍ വേലിക്കെട്ടുകള്‍
പിടിവിടരുത് നിന്‍ തെളിനീരുറവയെ 
ആര്‍ത്തിയാല്‍ നഗരം വലിച്ചുകുടിക്കും നേരം.
കരുതി വയ്ക്കുക ഒരല്‍പ്പം കുളിര്‍ജലം
പരല്‍മീനുകള്‍ വരാലുകള്‍ കരിമീനുകള്‍
ഇളകിയാടട്ടെ സ്വതന്ത്രം നിര്‍ഭയം.
ഉറങ്ങാതിരിക്കുക,കണ്ണുകള്‍ തുറന്നു
തന്നേയിരിക്കണം  ,വരുമിപ്പോള്‍  നഗരം 
പ്രച്ഛന്നമീ വേഷത്തില്‍ കള്ളനവന്‍
അപഹരിച്ചീടും നിന്‍ പ്രണയഭാജനത്തെ...
മുറുകെപിടിക്കണം വിരലുകള്‍ മുറിഞ്ഞാലും
പിടിവിട്ടുപോയാല്‍ ക്ഷണം
കത്തിപടരും അഗ്നിപോലെയാണ് നഗരം.
ഒരുമാത്രയില്‍ ചുടുചുംബനമൊന്നില്‍
ഇളകിയടര്‍ന്നുപോകാം നിന്‍ ദേഹം
കരുതിയിരിക്കുക.

ഒരു കാറ്റിലുലയാതിരിക്കുക,
തായ്‌വേരിളകാതിരിക്കട്ടെ, നില്‍ക്കണം
ഒരു പോരാളിയെപ്പോല്‍ ഇടറാതെയെപ്പോളും.
കാവല്‍ നിന്നീടുക കരളുറപ്പോടെ, എന്‍റെ ഗ്രാമമേ ...

ഇല്ലെങ്കില്‍,ഇല്ലെങ്കില്‍
കരുതി വയ്ക്കുക,കരുതി വയ്ക്കുക
നിനക്കു മാത്രമായൊരു നിലവിളി
നിനക്കു മാത്രമായൊരു നിലവിളി.

(*പുള്ളിയാന്‍കുത്തി,അമ്പസ്ഥാനി,ഓട്ടപ്രാന്തി-ഗ്രാമങ്ങളില്‍ കുട്ടികള്‍ കളിച്ചിരുന്ന ചില കളികള്‍)

Thursday, 9 June 2011

തിരിച്ചുപോകുമ്പോളൊക്കെ..

കടലില്‍ നിന്നും
പുഴയിലേക്കുള്ള ദൂരം
ഒരു തിരിച്ചുപോകലിന്‍റെ ദൂരമാണ്.
ലവണം പൊതിഞ്ഞ അനുഭവങ്ങളുടെ
നനവുമായി.
എന്നാല്‍,അതത്ര എളുപ്പമുള്ള ഒരു യാത്രയല്ല.

മരക്കട്ടിലില്‍ നിന്നും
മരത്തിന്‍റെ കാതലിലേക്കുള്ള ദൂരം
ഒരു പുനര്‍വായനയുടെ ദൂരമാണ്.
അഴുക്ക് പുരണ്ട ഉറക്കമില്ലാ രാവുകളുടെ
ചിതല്‍സ്പര്‍ശവുമേന്തി.
എന്നാല്‍,അതത്ര എളുപ്പമുള്ള ഒരു യാത്രയല്ല. .

വെട്ടുകത്തിയില്‍ നിന്നും
ആലച്ചൂളയിലേക്കുള്ള ദൂരം
ഒരു കുമ്പസാരക്കൂട്ടിലേക്കുള്ള ദൂരമാണ്.
മുറിവുകളുടെ നിലവിളി ഉണങ്ങിപിടിച്ച
ദുസ്വപ്നക്കറകളുമേറി.
എന്നാല്‍,അതത്ര എളുപ്പമുള്ള ഒരു യാത്രയല്ല.

വീടുവിട്ടു പോയവനില്‍ നിന്നും
വീട്ടിലേക്കുള്ള ദൂരം
ഒരു മനസ്താപത്തിന്‍റെ ദൂരമാണ്.
ശരിതെറ്റുകള്‍ കൂടികുഴഞ്ഞ കണക്കുകളെ
കുടഞ്ഞെറിഞ്ഞു  പൊടിതട്ടിയ
ശീലക്കുടയുടെ തണലിലൂടെ.
എന്നാല്‍,അതത്ര എളുപ്പമുള്ള ഒരു യാത്രയല്ല.

മടക്കയാത്രകള്‍ വിഷമം പിടിച്ച
ഒരു കാര്യം തന്നെ!

തിരിച്ചുവരാന്‍ ഒരു കാരണം
വേണ്ടെന്നതിനാലാവണം
ഞാനെല്ലായ്പ്പോളും
നിന്നോടിങ്ങനെ പിണങ്ങിപ്പിരിയുന്നത്‌!!

എഴുത്ത്

എഴുതിത്തുടങ്ങിയപ്പോള്‍
ആദ്യത്തെ അക്ഷരം തന്നെ തെറ്റി
പിന്നെയെഴുതിയതൊക്കെ
അന്യോന്യം വഴക്ക് കൂടി
പിണങ്ങി നിന്നു.
പേന കുടഞ്ഞു
വീണ്ടുമെഴുതിയപ്പോള്‍
കുടഞ്ഞു കളഞ്ഞ
ഓരോ മഷികഷണത്തിലും
എഴുതാതെ പോയ
ഒരു കൂട്ടം വാക്കുകളുടെ വിലാപം.
കെറുവിച്ചുനിന്ന വാക്കുകള്‍
തിരിച്ചെടുത്തു എഴുത്തിലൊരിടം
കൊടുത്തു കുടിയിരുത്തി.

ഓരോ എഴുത്തും
വാക്കുകളുടെ പിണക്കം തീര്‍ക്കലാണ്
ഓരോ എഴുത്തും
വാക്കുകളെ ഇണക്കലാണ്.

മനുഷ്യരെ ഇണക്കാനാണ് പാട്!

ഒച്ച

അവള്‍:
അലമാര വാതില്‍ വലിച്ചടച്ചും
അടുക്കളയില്‍
പാത്രങ്ങള്‍ അട്ടഹസിച്ചും
കറിക്കത്തി പലകമേല്‍
ആഞ്ഞു കുത്തിയും
കുളിമുറിയിലെ ചെമ്പുപാത്രം
ചവിട്ടിത്തെറിപ്പിച്ചും
ഇസ്തിരിപ്പെട്ടി പോല്‍
പുകഞ്ഞുകൊണ്ടും...

അയാള്‍:
ഊണുമേശമേല്‍ ചില്ലുഗ്ലാസ്‌
ഉറക്കെയടിച്ചും
വായ കുലുക്കുഴിഞ്ഞു
കാര്‍ക്കിച്ചു തുപ്പിയും
ഹോംവര്‍ക്ക്‌ ചെയ്യാത്ത കുട്ടിയെ
തൊള്ളക്കീറി ചീത്തപറഞ്ഞും
കാറിന്‍റെ ഡോര്‍ ഉച്ചത്തില്‍
വലിച്ചടച്ചു മുറുമുറുത്തും
സിഗരറ്റ് പോല്‍
എരിഞ്ഞുകൊണ്ടും....

വെറുപ്പ്‌
ഒരൊറ്റ വാക്കിലൊതുക്കാവുന്ന
ഒരു ഒച്ചയല്ല.