SOLITUDE....

SOLITUDE....

Friday, 25 November 2011

ജലപാതാളം

കെട്ടി നിറുത്തിയ ജലം
മെരുക്കിയൊതുക്കിയ മൃഗമാണ്.
കൂട് തകര്‍ത്ത്,
ചങ്ങല പൊട്ടിച്ച്
ചുരത്തിവന്ന മലകളിലേക്ക് തന്നെ
തിരിച്ചോടുന്നതും
കനവ് കണ്ടിരിക്കുന്നവന്‍.

അടക്കിവച്ചതൊക്കെയും
അണപൊട്ടി-
യാര്‍ത്തലറിയെത്തുമ്പോള്‍
തടയാനാകുമോ നിന്‍റെ വാക്കുകള്‍ക്ക്,
നിന്‍റെ വാക്കുകള്‍ക്ക്!

പൊറോട്ട

മൈദയുടെ കൂടെ
അല്‍പ്പം ഗോതമ്പുപൊടി കൂടിയാവാം.
കുഴക്കുമ്പോള്‍ നന്നായൊന്നു
 ഇണചേര്‍ന്ന സുഖം കിട്ടുമത്രേ!
ഒരല്‍പ്പം ഉപ്പ് വിതറിയാല്‍
വിയര്‍പ്പ് വീഴുന്നത് തിരിച്ചറിയില്ലെന്നതും.
കൂനയുടെ നെഞ്ചിലേക്ക്
ജലപാതം പോലെ എണ്ണ വീഴ്ത്തുക.

വിരലിലൊട്ടാതെ
ഞരടി ഞരടി മുന്നേറുമ്പോള്‍
നിന്നെയെനിക്കോര്‍മ്മ വരും,
നാം തമ്മിലിളകിയാടിയ
പ്രണയലീലകളോര്‍മ്മ വരും.
കുഴഞ്ഞു കുഴഞ്ഞു കേറുമ്പോള്‍
ഉപ്പ് പോരെന്ന് തോന്നി
മുഖം കുടഞ്ഞു വീഴ്ത്തിയ
കാമം പുരട്ടിയ വിയര്‍പ്പുതുള്ളികള്‍!

പിന്നെ പകുക്കലാണ്
എണ്ണയില്‍ കുതിര്‍ന്ന നിന്‍റെ മേനി.
സ്നേഹം പകുക്കരുതെന്നു
നീ കരയുന്നു; ചെയ്യാതെ വയ്യ.
ഉരുട്ടിയും നീട്ടിയും പരത്തിയും
പ്രണയമിങ്ങനെ പല പല കാലങ്ങളില്‍
സ്ഫുടം ചെയ്തുതീര്‍ന്നാല്‍
ആഹാ ആഹാ എന്‍റെ സഖീ
നിന്നെ ഞാന്‍ പൊറോട്ടയെന്നു വിളിക്കും!

Friday, 28 October 2011

ഉണക്കമീന്‍

ഇന്നത്തെ അത്താഴത്തിന്
ഒരു കടല്‍
വറുത്തു തരാമെന്ന് പറഞ്ഞിരുന്നു അമ്മ.

പച്ചരിചോറിനു മീതെ 
കണ്ണ് മിഴിച്ച്, വാ പൊളിച്ച്
വിറങ്ങലിച്ചോരു ഉണക്കമീന്‍ !
തിളച്ച എണ്ണയിലും,ഇളകാതെ 
ഉടഞ്ഞുലയാത്ത 
കടല്‍ക്കാഴ്ച്ചയുടെ മീന്‍കണ്ണുകള്‍.

ഒരു കഷ്ണം ഉടല്‍
വിരലാല്‍ ഞരടിയടര്‍ത്തി
വായിലേക്കിട്ടപ്പോള്‍,ഒരു കടലോളം
ഉപ്പ് തിരകളായ് പൊങ്ങി.
ഉള്ളിലെ തിരയിളക്കത്തില്‍
ഊളിയിട്ടു പാഞ്ഞു
പാതിയോളം വെന്ത മല്‍സ്യചിറകുകള്‍....

ഊണ് കഴിഞ്ഞു,
വായ കഴുകി
പിന്നെ, ഒന്നരക്കപ്പോളം വെള്ളം
ആര്‍ത്തിയാല്‍ മോന്തി
ഉള്ളിലെ മീന്‍
ഒന്ന് നീന്തട്ടെയെന്നു വെറുതെ
വിചാരിച്ചു!

Friday, 14 October 2011

കിണര്‍

അങ്ങനെയൊരു നാള്‍
കോരി കോരി തീര്‍ന്നപ്പോള്‍ ,കിണറങ്ങു വറ്റി!
വയസ്സെഴുപത്തിമൂന്നായല്ലോ കിണറിനെന്നു
നനവില്ലാ തൊണ്ടയിലൂടോതി മുത്തച്ഛന്‍.
ചെളിയും ചേറും കൂടികുഴഞ്ഞു
ഉറവകള്‍ മൂടിയെന്ന്,ഒഴുക്ക് മുടങ്ങിയെന്ന്
വരണ്ട കിണറിന്നടിവയര്‍ വിരസമെന്ന്....
അങ്ങനെയൊരു നാള്‍ കിണറങ്ങു വറ്റിയെന്ന്.

ചെളി മാറ്റണം,കിണറിനു
ജീവന്‍ കൊടുക്കണം, ഉറവകളെ ഉണര്‍ത്തണമല്ലോ
കയറു കെട്ടി,ചവുട്ടിയിറങ്ങി
പാമ്പേരികളോന്നോന്നായി ഭൂതകാലത്തിലേക്ക്.

ഇരുപതിനും ഇരുപത്തിരണ്ടിനും
പാമ്പേരികള്‍ക്കിടയില്‍ കണ്ടൂ
പൊളിഞ്ഞിളകിയ നഖപ്പാടുകള്‍.
അച്ഛനോട് കലഹിച്ച്,കിണറിന്നാഴത്തിലേക്ക്
പറന്നിറങ്ങിയ അമ്മയുടെ,
തിരിച്ചു കേറണമെന്ന വെപ്രാളത്തില്‍
വലിഞ്ഞു പൊട്ടിപ്പോയ പിടിവള്ളിപ്പാടുകള്‍!

മുപ്പതാം പാമ്പേരിക്കു താഴെ
ജീവിതം ഭൂതകാലം
ചെളിയായ്‌ ചേറായ്
വേര്‍ത്തിരിച്ചെടുക്കാനാകാത്ത
കള്ളക്കണക്കുകള്‍ പോലെ.
മുകളിലേക്ക് നോക്കുമ്പോള്‍ ജീവിതം
ഒരൊറ്റക്കുഴലായ്‌
കാലിഡോസ്കോപ്പിന്‍ കണ്ണില്‍
തെളിഞ്ഞു കത്തുമൊരാകാശം!

കിണറൊരു കാഴ്ചയാണ്
അകത്തോട്ടും പുറത്തോട്ടും
തുറന്നു കിടക്കുന്നൊരു കാഴ്ച.
ചെളി നീക്കി ചെളി നീക്കി
ആഴങ്ങളിറങ്ങുമ്പോള്‍,കിണര്‍ മുഖത്തൊരു
മുഖം;മുത്തച്ഛന്‍ ചോദിക്കുന്നു,
'കാണാനുണ്ടോടാ കളഞ്ഞു
പോയോരെന്‍ പ്രണയം?'
ഇളകിയ ചേറില്‍ ഉറങ്ങി
കിടക്കുന്നത് കണ്ടൂ;നീലമഷി പുരണ്ട
മഷിതണ്ടിന്‍ ഞരമ്പുകള്‍.

കുഴിച്ചു കുഴിച്ചു
ആഴങ്ങളിറങ്ങവേ
കിണര്‍വട്ടത്ത് മുഖം കാട്ടി
മകന്‍ ചോദിക്കുന്നു,'ഇനിയെത്ര
കുഴിക്കണം,ഇനിയെത്ര പോകണം
അമേരിക്കയെത്താനെന്ന്‍'...!!!!!


(കേരള ലിറ്ററെച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചു-Feb 2012)


Saturday, 30 July 2011

സാധ്യത

പാതി തുറന്ന
വാതിലിന്
രണ്ടു സാധ്യതകള്‍ ഉണ്ട്,
.മുഴുവനായി തുറന്നിട്ടു
പുറത്തെ കാഴ്ചകളെ കോരിയെടുക്കാം
അല്ലെങ്കില്‍,
മുഴുവനായി അടഞ്ഞിട്ടു
ഇരുട്ടിലേക്ക് ഒതുങ്ങിക്കൂടാം.

മുഴുവനായി
എത്രതന്നെ തുറന്നാലും
അത്രത്തോളം
അടഞ്ഞുതന്നെ കിടക്കുന്നു
മനസ്സിന്‍റെ
ഈ മൂന്നാമത്തെ സാധ്യത!

ചോര

തൊട്ടാവാടി കൊണ്ട്
കാല്‍വിരല്‍ കീറി
പൊടിഞ്ഞു പൊടിഞ്ഞു
മുഖം കാട്ടിയ നിറമേയല്ല,
നഖം വെട്ടുമ്പോള്‍
വഴുതി നീങ്ങിയ ബ്ലേഡ്‌
കോറി വരച്ച രേഖയേയല്ല,
പിടിവലി കൂടി കുസൃതികളാടുമ്പോള്‍
കല്ലില്‍ത്തട്ടിവീണ്
മുട്ടിലെ തൊലിമാറി
ചിരിച്ചു ചിരിച്ചു കാണിച്ച
മുറിവുമല്ല.

പാവാടച്ചരടഴിച്ച്,
അച്ഛനോളം പോന്നോരാള്‍
ആഴ്ന്നിറങ്ങുമ്പോള്‍
പൊട്ടിപ്പിളര്‍ന്നൊലിച്ച
വേദനയുടെ നിറമാണ്

ചോര.

Monday, 11 July 2011

ലിംഗം

മൂന്നര രൂപയുടെ ബസ്‌യാത്ര കഴിഞ്ഞ്
രണ്ടു ഫര്‍ലോങ്ങ് നടന്നുതീര്‍ത്ത്
തുരുമ്പെടുത്ത ഇരുമ്പുഗേറ്റില്‍
ഉരസാതെ അകത്തുകടന്ന്
വരാന്തയില്‍, വെട്ടിത്തിരുത്തിയ പേപ്പറുകളില്‍
ചവിട്ടാതെ നടന്നുചെന്ന്
ജനാല പഴുതിലൂടെ കൈനീട്ടി വാങ്ങിച്ച
വരുമാന സര്‍ട്ടിഫിക്കറ്റില്‍ പൂരിപ്പിച്ച്
എഴുതി നീങ്ങവേ
ഉടക്കി നില്‍ക്കുന്നു
ഇടവഴിയിലൊരു വാക്ക്-
ലിംഗം.

ആര്‍ത്തലച്ചു പായും തീവണ്ടിയില്‍
കണ്ടതോ,
പലപല താവളങ്ങളില്‍ ,പലപല മുറികളില്‍
പറവൂരെന്നോ സൂര്യനെല്ലിയെന്നോ
തൊട്ടറിഞ്ഞതോ,
മരപ്പൊത്തിനിടയില്‍ ചീര്‍ത്തുപോയൊരു
ഇളംതുടയിടുക്കില്‍ പറ്റിപിടിച്ചതോ,.......

എവിടെ നിന്ന്
എടുത്തെഴുതും
ഞാനെന്‍റെ ലിംഗം;പുരുഷജാതി!

*(മലയാളനാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു :02 AUG 2011).