SOLITUDE....

SOLITUDE....

Saturday 16 June 2012

പുറത്തെ മഴ

പുറത്തെ മഴ,
അകത്തോട്ടു പെയ്യാതെ
പുറത്തു തന്നെ
നനഞ്ഞു നില്‍ക്കുന്നു.
പുറത്തെ കാറ്റ്
ഉള്ളിലോട്ടു വീശാതെ
പുറത്തു തന്നെ
പറന്നു നടക്കുന്നു.
പുറത്തെ വെയില്‍,പുറത്തെ മഞ്ഞ്
പുറത്തെ കാട്,പുറത്തെ മരങ്ങള്‍
പുറത്തെ പക്ഷികള്‍,ശലഭങ്ങള്‍
അകത്തു കേറാതെ
പുറത്തു തന്നെ
മേഞ്ഞു നടക്കുമ്പോള്‍,
പുറത്തു പോയവര്‍
തിരിച്ചു വരുന്നേരം
അകത്തു കേറാനാകാതെ
തടഞ്ഞു നില്‍ക്കുന്നു.

മനസ് തുറക്കുമ്പോള്‍
പുറത്തുള്ളതൊക്കെ അകത്തുമാവാം
അകത്തുള്ളതൊക്കെ പുറത്തുപോരും!

പുറത്തെ മഴ
പുറത്തു പെയ്യുമ്പോള്‍
അകത്തു നിന്നും
പുറത്തു കടക്കുക;നനഞ്ഞു കേറുക.
പുറത്തെ കാറ്റ്
പുറത്തു വീശുമ്പോള്‍
അകത്തു നിന്നും
പുറത്തു പോരുക;പറന്നു നടക്കുക.
പുറത്തെ വെയിലില്‍,പുറത്തെ മഞ്ഞില്‍
പുറത്തെ കാട്ടില്‍,പുറത്തെ മരങ്ങളില്‍
പുറത്തെ പക്ഷികളെ കൂട്ടി
പുറത്തെ ശലഭങ്ങളോട് കൂടി
അകത്തു നിന്നും,കൂടുപൊളിച്ച്
പുറത്തു വരിക;മേഞ്ഞു നടക്കുക.
നടന്നുകൊണ്ടേയിരിക്കുക...
നടന്നുകൊണ്ടേയിരിക്കുക.

ഉപേക്ഷിച്ചു പോകാത്തത്

കടല്‍ത്തിരകള്‍
തീരങ്ങളിലേക്ക് അലച്ചെത്തുന്നത്
പാതിമുറിഞ്ഞല്ല;മുഴുവനോടെയാണ്.
മുഴുവന്‍ ശരീരത്തോടെ തന്നെ
അവ തിരിച്ചുപോകുന്നുമുണ്ട്.
തങ്ങളുടേതായ ഒന്നുമേ
അവശേഷിപ്പിക്കാതെ.

കാറ്റിന്‍റെ മുടിയിഴകള്‍
ഭൂമിയിലേക്ക് ഇരച്ചെത്തുന്നത്
പല പല സംഘങ്ങളായല്ല;ഒറ്റക്കൊരു
ശരീരമായാണ്.
ഉലച്ചും തകര്‍ത്തും
അവ തിരിച്ചുപോകുന്നുമുണ്ട്.
തങ്ങളുടേതായ ഒന്നുമേ
അവശേഷിപ്പിക്കാതെ.

ഭൂമിയിലേക്ക് ഇറങ്ങിവരുന്നതൊക്കെ
അതുപോലെത്തന്നെ
തിരിച്ചുപോകുന്നതായിരിക്കണം പ്രകൃതിനിയമം.

മനുഷ്യര്‍‍,
മനുഷ്യര്‍ മാത്രം മരിച്ചുപോകുമ്പോള്‍,
ശരീരം മാത്രമെടുത്ത്‌
മനസുകളെയെടുക്കാതെ
ഭൂമിയിലുപേക്ഷിച്ചു പോകുന്നതെന്തുകൊണ്ട്?

Friday 15 June 2012

കുളം

പാടങ്ങള്‍ ഉഴുതുമറിച്ചിരുന്ന രാഘവേട്ടന്‍
മരിക്കാനായി ചാടുമ്പോള്‍
ആമ്പലുകള്‍ നിറഞ്ഞ
അമ്പലക്കുളത്തിനു അതിരുകള്‍ ഉണ്ടായിരുന്നില്ല.
മുട്ടോളം വെള്ളമുള്ള, കൊയ്ത്തുകഴിഞ്ഞ
പാടങ്ങളിലേക്ക്
മീനുകള്‍ക്ക്,കൊറ്റികള്‍ക്ക്
തെളിനീരൊഴുക്കിയിരുന്നു;കുളം.

പാടവരമ്പിലെ
കറുകപ്പുല്‍ക്കൂട്ടം പ്രണയത്തോടെ
അമ്പലക്കുളത്തിലേക്ക് തലയുയര്‍ത്തി
നോക്കുമായിരുന്നു!

പിന്നീടൊരിക്കല്‍,
മീന്‍കാരന്‍ പത്രോസിന്‍റെ ഭാര്യ തെരേസ
മരിക്കാനായി ചാടുമ്പോള്‍
അമ്പലക്കുളത്തിനു പടവുകളും
ചുറ്റിനും കല്‍ക്കെട്ടുകളും ഉണ്ടായിരുന്നു.
ഒഴുക്കില്ലാത്ത വെള്ളത്തില്‍
പായലുകള്‍ ആമ്പലുകളെ ചവുട്ടിയൊതുക്കുമ്പോള്‍
അപ്പുറം,വിളയാത്ത പാടങ്ങളില്‍
ഇഷ്ടികക്കാലം ചുട്ടെടുക്കുമായിരുന്നു.

പാടവരമ്പു നിന്നിടം
വണ്ടികളോടുന്നിടമായി മാറിയിരുന്നു!

കഴിഞ്ഞ ആഴ്ചയില്‍,
കുളത്തില്‍ മുങ്ങിമരിച്ചെന്നു പറഞ്ഞ
മൂന്നാം ക്ലാസുകാരി രമണിയുടെ ശരീരത്തില്‍
ആരുടെയോ കാമം
കത്തിതീര്‍ന്നത്‌ കാണാമായിരുന്നു.
പായലും ചണ്ടിയും ഇടിഞ്ഞിറങ്ങിയ പടവുകളും
അപ്പുറം,പാടം മുഴുവനായ്‌
തിന്നുതീര്‍ത്ത് വണ്ണംവച്ച കെട്ടിടക്കൂട്ടങ്ങളും.

ഇഷ്ടികപ്പാടങ്ങളും
കെട്ടിടക്കൂട്ടങ്ങളും
കല്‍പ്പടവുകളും വകഞ്ഞു മാറ്റി
കുളക്കരയിലെ നനഞ്ഞ മണ്ണില്‍
പൂഴ്ത്തി വച്ച ചൂണ്ടകൊളുത്തും
മണ്ണിരയും വീണ്ടെടുക്കാന്‍
എത്ര ദൂരം,
ഇനിയെത്ര ദൂരം പിറകോട്ടു നടക്കണം?!

Sunday 3 June 2012

മരുന്ന്‍

ആഴ്ചയില്‍ അഞ്ചു തവണ
രാവിലെ,വെയില്‍ മൂക്കും മുന്നേ
തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കേണം;
മരിച്ചുപോയ മുടിപോലും കഷണ്ടിയില്‍
മനസ്സുനിറഞ്ഞു ഉയിര്‍ത്തുവരും!

ദിവസേന രാവിലെ
വെറും വയറ്റില്‍,ചെറു ചൂടുവെള്ളത്തില്‍
പത്തു ഗ്രാം പൊടി കലക്കി കുടിക്കണം
മൂന്നുമാസം കാത്തിരിക്കേണ്ട, കിട്ടും ഫലം;
മേദസ്സില്ലാത്ത മെലിഞ്ഞൊരു ശരീരം!

നിത്യവും രാത്രിയില്‍
മുഖം നന്നായ്‌ കഴുകിത്തുടച്ച് 
വൃത്തിയായ്‌ പുരട്ടേണം,നന്നായ്‌ ഉറങ്ങേണം
ഏഴേ ഏഴു നാളിനുള്ളില്‍ വന്നിടും 
തിളങ്ങും വെളുത്തുതുടുത്തൊരു മുഖം!

ജപിച്ച കറുത്തനൂല്
കരുതലോടെ കെട്ടണം അരക്കെട്ടില്‍
പതിനാലു നാളുകള്‍ ക്ഷമയോടെ കാക്കണം
പതിനഞ്ചാം നാള്‍മുതല്‍ കാണാം
മൈഥുനശേഷി ബഹുകേമം നിരന്തരം!

അടച്ചുവച്ച മാന്ത്രികകുടം,പറമ്പിലെ 
കിണറുകാണാത്ത മൂലയില്‍
കുഴിച്ചിടണംപോല്‍ ആരുമറിയാതെ,പിന്നെ 
പറയാനുണ്ടോ സൌഭാഗ്യം,ശനിദോഷം മാറീടും
സമ്പത്ത് വരാനെളുപ്പ വഴിയിതത്രേ!

പല പല രൂപത്തില്‍
പല പല ഭാവത്തില്‍
പരസ്യങ്ങളങ്ങനെ,ജീവിതം നിറക്കുമ്പോള്‍
അമ്പത്തൊന്ന് വെട്ടുകളിലൂടെ,
അമ്പത്തൊന്ന് മുറിവുകളായ്
മനുഷ്യാ നീയിനിയും മാറാതെ നില്‍ക്കുന്നു!

എത്ര തവണ ഉള്ളിലേക്ക് കഴിച്ചാലാണ്
എത്ര ആവര്‍ത്തി പുറമേക്ക് പുരട്ടിയാലാണ്
നിന്‍റെയീ,
മനസൊന്ന്‍ നന്നാവുക?

ദൂരങ്ങളില്‍ പോയി മരിക്കുന്നവരെ കുറിച്ച്

ദൂരങ്ങളില്‍ പോയി മരിക്കുന്നവര്‍
സ്വന്തം വീട്ടിലേക്ക്,മണ്ണിലേക്ക്
തിരിച്ചു പോകുന്നതെങ്ങനെ?
അകലങ്ങളില്‍ പോയി ജീവിക്കുന്ന കാലമത്രയും
വീട്ടിലേക്കു തിരിച്ചു പോകുമെന്ന്
കനവു കണ്ടവര്‍
ദൂരങ്ങളില്‍ തന്നെ മരിച്ചു മണ്ണടിയുമ്പോള്‍....

അംബാലയിലെ
പട്ടാളകെട്ടിടങ്ങള്‍ക്ക് പിറകിലെ
പഴയൊരു പള്ളിച്ചുമരിലെ
മാഞ്ഞുപോകാറായ ഫലകത്തില്‍:
'മേജര്‍ സ്റ്റീവന്‍ വില്‍ഫ്രെഡ് ജൂനിയര്‍,
ബ്രിട്ടീഷ്‌ റോയല്‍ ആര്‍മി,
മരണം- 19 മാര്‍ച്ച് 1939'

ജബല്‍ അലിയിലെ
മണല്‍ക്കാടിനു നടുവിലെ,ശ്മശാനഭൂമിയിലെ
വിലാസമുള്ളവരുടെയും ഇല്ലാത്തവരുടെയും
കുഴിമാടങ്ങള്‍ക്ക് ഇടയില്‍:
'മൊയ്ദീന്‍ കോയ പാലക്കല്‍,
കേരള,ഇന്ത്യ
മരണം- 24 നവംബര്‍ 2000'

വടൂക്കരയിലെ
പൊതുശ്മശാനത്തിലെ,പൊന്തപിടിച്ച
പലതരം കുഴിമാടങ്ങള്‍ക്കിടയില്‍:
'സിദ്ധാര്‍ത്ഥ ഭൌമിക്‌,
മിഡ്നാപൂര്‍ വെസ്റ്റ്‌, പശ്ചിമ ബംഗാള്‍
മരണം- 19 ജൂലൈ 2009'

എവിടെയൊക്കെ പോയി
മണ്ണടിഞ്ഞാലും,മറഞ്ഞു പോയാലും
ഭൂമിക്കടിയിലെ വേരുകളുടെ കൈപിടിച്ച്
ഓരോരുത്തരും
സ്വന്തം വീട്ടുമുറ്റത്ത്‌ തിരിച്ചെത്തുകയില്ലെന്ന്‍
ആരറിഞ്ഞു!