SOLITUDE....

SOLITUDE....

Thursday, 5 April 2012

രേഖപ്പെടുത്താത്ത ചില പലായനങ്ങള്‍

കാറ്റ് വീശി വീശി
മഴക്കോള് ഇടിഞ്ഞിടിഞ്ഞ്
ഇറങ്ങി വരുമ്പോള്,
മഴവെള്ളം തുളുമ്പിത്തൂവി
പറമ്പുകള്‍ നിറഞ്ഞുകവിയുമ്പോള്,
വെള്ളക്കെട്ട് ഊര്‍ന്നിറങ്ങി
മാളങ്ങള്‍ തൂര്‍ന്ന്‍ തൂര്‍ന്ന്‍
വാതിലുകള്‍ അടയുമ്പോള്,
ഉറുമ്പുകള്‍ പാമ്പുകള്‍
തവളകള്‍ പഴുതാരകള്‍
എവിടേക്ക് പോകും,
അവരെന്തു ചെയ്യും,എന്തു ചെയ്യും?

പെരുവെള്ള പാച്ചിലിന്‍ മീതെ
ഞെട്ടറ്റു വീണൊരു
പഴുക്കിലമുഖത്തേറി, പിടിവിടാതെ
ഒരുറുമ്പ്
ഒഴുക്കിലൂടെ നീങ്ങുന്നു.
ഇലമുഖമപ്പോള്‍
ഒരു കുടന്നയോളം ഭൂമി.
ഇലമുഖത്തപ്പോള്‍
ഒരാകാശത്തോളം വെപ്രാളം.
ഇടവഴിയിലെങ്ങോ,
ഇലമുഖത്തേക്ക് പിടഞ്ഞു കയറുന്നൂ
വിഭീതി പൂണ്ട പഴുതാരകണ്ണുകള്‍
ജലയിളക്കത്തില്‍
ചുവടുതെറ്റുന്നു;വഴുതി വീഴുന്നു
വീണ്ടും പിടഞ്ഞേറുന്നു ജീവിതേച്ഛ!

പലായനങ്ങള്‍
മനുഷ്യര്‍ക്ക്‌ മാത്രമുള്ളതല്ല.

കക്കൂസ്

വഴുതി വീഴാത്ത തരം
ടൈലുകള്‍ ഗള്‍ഫില്‍ നിന്നാണ്
കൊണ്ടുവന്നത്.
ചുമരുകളില്‍ നീലനിറമുള്ള
ഇറ്റാലിയന്‍ ഗ്ലാസ്‌മൊസൈക് പതിപ്പിച്ചു.
തൂറാനിരിക്കുന്നതിനു നേരെ
മുന്‍വശത്തായി, ചുമരില്‍
മോണാലിസയുടെ പകര്‍പ്പ്‌
ഫ്രെയിം ചെയ്തുറപ്പിച്ചു.
കൈയെത്താ ദൂരത്ത്,
ചെറിയൊരു ഷെല്‍ഫില്‍
പുസ്തകങ്ങള്‍ നിറച്ചു വച്ചു;
തൂറുമ്പോള്‍ ബോറടി മാറ്റാന്‍!

ഒരു ഫ്ലവര്‍വേസ് വെയ്ക്കാന്‍
സ്ഥലമില്ലെന്ന് ഭാര്യ പരാതി പറഞ്ഞു,
പകരം ലാവണ്ടര്‍ പരിമളം
പരത്തുന്ന ടോയലെറ്റ്‌ സ്പ്രേയര്‍
ഉറപ്പിച്ചുകൊടുത്തു.
ഒരു കക്കൂസ് ആകുമ്പോള്‍
ഇത്തിരി സ്റ്റൈല്‍ ഒക്കെ വേണ്ടേ!!

ഇന്നലത്തെ പാര്‍ട്ടിയില്‍
വെട്ടിവിഴുങ്ങിയ കോഴിയിറച്ചിയും
പോര്‍ക്ക് വരട്ടിയതും
നെയ്മീന്‍ പൊരിച്ചതും നെയ്ച്ചോറും
കൂടെ ജോണിവാക്കറും
രാവിലെ തൂറാനിരുന്നപ്പോള്‍
കടമ്മനിട്ടക്കവിതയുടെ താളബോധത്തില്‍
ഉതിര്‍ന്നു വീണു.

കക്കൂസില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍
ഇന്നലത്തെ പാര്‍ട്ടിബാക്കി
പതിനാറു പ്ലാസ്ടിക് കവറുകളില്‍
തൊട്ടപ്പുറത്തെ വെളിപറമ്പിലേക്ക്
ഭാര്യ വലിച്ചെറിയുന്നത്
കണ്ടില്ലെന്ന്......വെറുതെ നടിച്ചു.

Wednesday, 14 March 2012

തലയിണകള്‍ കേള്‍ക്കാതിരുന്നത്

വൈകുവോളം അവര്‍
വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു;
ഒച്ചയില്ലാതെ.

ശബ്ദമില്ലാത്ത കരച്ചില്‍
നിറുത്താതെയുള്ള ഏങ്ങലടികള്‍
മുഖങ്ങള്‍ ചേര്‍ത്തുവച്ച്
പരസ്പരം പുണര്‍ന്ന്
ഏറെനേരം അനങ്ങാതെയിരുന്ന്‍,
പിന്നെയെപ്പോളോ  ഉടലുകള്‍ചേര്‍ന്ന്  
പ്രണയം പകര്‍ന്നാടി
വൈകുവോളം വരെ.
പിന്നെയെപ്പോളോ
ഒറ്റക്കൊറ്റക്ക്, ഒരേ കയറിനിരുപുറവും
ഒറ്റക്കൊറ്റക്ക് തൂങ്ങിയാടി.......

തലയിണകള്‍ക്കെന്തറിയാം
ഓരോ തലകള്‍ക്കുള്ളിലും
പറയാതെ ബാക്കിവെയ്ക്കുന്ന
വര്‍ത്തമാനങ്ങളെക്കുറിച്ച്.

പ്രതികരണം

ജനാലചില്ല് തകര്‍ത്തെറിഞ്ഞ്
എഴുത്തുമുറിയിലെ
മേശമേലേക്ക് ഒരു കല്ല്
പറന്നു വന്നിരുന്നു.

എഴുതിയത്
ആര്‍ക്കോ
ഇഷ്ടപെട്ടില്ലെന്ന് തോന്നുന്നു.

Wednesday, 7 March 2012

പ്രവാസിയുടെ ചിലപ്പോള്‍ തോന്നുന്ന ചില തോന്നലുകള്‍

അങ്ങനെയങ്ങനെയിരിക്കുമ്പോള്‍
പെട്ടെന്നൊരു തോന്നലാണ്
പാടവരമ്പത്തുകൂടി,വിളഞ്ഞ നെല്ലിന്‍റെ
മണം കുടിച്ചു കൈവീശി നടക്കണം
വെള്ളച്ചാലില്‍ നിന്നും തണുത്ത വെള്ളത്തെ
കൈക്കോട്ടുകൊണ്ട് വഴിമാറിത്തെളിക്കണം
വരുന്നവഴി,ഉമ്മാച്ചുവിന്‍റെ ചായക്കടയില്‍ക്കേറി 
ചായയും വടയും കഴിക്കണം
കൂട്ടത്തില്‍ ഉമ്മാച്ചുവിന്‍റെ ചന്തികുലുക്കം
വെറുതെ നോക്കിരസിക്കണം.

പെട്ടെന്നൊരു തോന്നലാണ്
പുത്തൂര്‍ പാലത്തിനപ്പുറം,കള്ള്ഷാപ്പില്‍ കേറണം
അന്തിബാക്കിയുടെ വീര്യവും
കാട പൊരിച്ചതും തൊട്ടുകൂട്ടണം
തിരിച്ചുപോരും വഴി
പാലത്തിനിപ്പുറം വീടിനുമുന്നില്‍
നബീസുവിന്‍റെ തട്ടം
പറക്കുന്നുണ്ടോയെന്നു പാളിനോക്കണം.

പെട്ടെന്നൊരു തോന്നലാണ്
കവലയിലേക്കുള്ള വഴിയില്‍
സൈക്കിള്‍ നിറുത്തി,വേലിയോട് ചേര്‍ന്നുനിന്ന്
പാലളക്കാന്‍ വരുന്ന,സൌദാമിനിയെ കാണണം
എത്ര കറന്നീട്ടും എത്ര കറന്നീട്ടും
നീയെന്താടീയിങ്ങനെ തുടുത്തു തന്നെയെന്ന
കുറുമ്പുചോദ്യം പറഞ്ഞുതീര്‍ക്കണം.

പെട്ടെന്നൊരു തോന്നലാണ്
ഉച്ചമയക്കം കഴിഞ്ഞ്,അമ്പലപ്പറമ്പിലെ
കുളപ്പടവിലേക്കോടണമെന്ന്
തുണി നനച്ചടിച്ചു കുളമിളക്കുന്ന
ആലീസിനെ കാണണം
കുത്തിത്തിരുമി കുത്തിത്തിരുമി
നീയിങ്ങനെയെന്‍റെ ചങ്കുവെളുപ്പിക്കല്ലേന്ന്‍
പുന്നാരം പറയണം.

പെട്ടെന്നൊരു തോന്നലാണ്
അന്തിമയങ്ങുമ്പോള്‍,കനാല്‍പ്പാലം സ്റ്റോപ്പില്‍
കാത്തുനില്‍ക്കണം കാതോര്‍ത്തു നില്‍ക്കണം
വാര്‍ക്കപണി കഴിഞ്ഞ്,ശാന്തകുമാരി 
ബസിറങ്ങുമ്പോള്‍ കാണണം
സിമന്‍റ് മണക്കും അവളുടെ മേനിയില്‍ മുട്ടി
ഒന്നും മിണ്ടാതെ കൂടെ നടക്കണം
വഴി പിരിയുന്നിടത്ത്,ആരും
കാണാതെയവളുടെ കവിളത്തോരുമ്മ
തേച്ചു പിടിപ്പിക്കണം.

അങ്ങനെയങ്ങനെയിരിക്കുമ്പോള്‍,
ഇങ്ങനെയിങ്ങനെയൊക്കെയൊരു തോന്നലുകളാണ്.
എങ്ങനെയൊക്കെ തോന്നിയാലും
ഈ മരുഭൂവിലിരുന്നിങ്ങനെയൊക്കെ
കവിള്‍നിറയുവോളം ഓര്‍മ്മനീര്
ചവച്ചുചവച്ചിറക്കുക തന്നെ!

Friday, 2 March 2012

ജലവേരുകള്‍

കടലിന്നാഴത്തില്‍
നീന്തി നീന്തി മടുത്തപ്പോള്‍
കരയേറണമെന്നു തോന്നി
തുഴഞ്ഞു തുഴഞ്ഞു കരയോളം ചെന്നു
ചിറകുകുടഞ്ഞു,
പിടഞ്ഞുപിടഞ്ഞ് കരകേറിയപ്പോള്‍
സൂര്യതാപത്താല്‍ മേലാകെ പൊള്ളി.
കനം വച്ച് കനം വച്ച്
ചിറകുകള്‍ കൈകാലുകള്‍ തീര്‍ത്തു
വേച്ചുവേച്ചും ആഞ്ഞു നടന്നും
കരയാകെ കണ്ടു
ജലമില്ലാത്ത ഭൂമിയുണ്ടെന്നുമറിഞ്ഞു!

പരിണാമത്തിലേക്ക്
കരകേറിയവര്‍ പലതായ്‌ പിരിഞ്ഞു,
പലതായ്‌ ചിതറി.
ചിലര്‍ നാലുകാലില്‍ നടന്നു
കാടിന്‍റെ വന്യതയിലൊളിച്ചു
ചിലര്‍ നനഞ്ഞ ചിറകുകള്‍
ഉണക്കിയെടുത്ത്
ആകാശങ്ങളില്‍ വട്ടമിട്ടു പറന്നു
ചിലര്‍ ചിറകും കാലും
വേണ്ടെന്നു ചൊല്ലി
ഉടലില്‍ത്തന്നെ രമിച്ചു.
മൃഗമായ്‌,
പക്ഷിയായ്‌,
ഉരഗമായ്
നടത്തം പഠിച്ചു.
മുന്നില്‍ നടന്നവന്‍
രണ്ടുകാലില്‍ നടന്നു;
മനുഷ്യനെന്ന് സ്വയം വിളിച്ചു,ഭൂമിയെ ഭരിച്ചു....

നാളേറെക്കഴിയുമ്പോള്‍
പരിണാമം
ചിലപ്പോളൊക്കെ മനുഷ്യനെ
തിരികെ വിളിക്കും,
മടങ്ങിപോകണമെന്ന് പറയും.

അതിനാലാകണം
ചിലപ്പോളൊക്കെ
അറിയാതെ
പൊട്ടിച്ചിതറി കടലിലേക്ക്‌
കൂപ്പുകുത്തുന്നൊരു വിമാനത്തിലിരുന്ന്‍,
നെടുകെപ്പിളര്‍ന്നു ജലാഴത്തിലേക്ക്
മുങ്ങിമറയുന്നൊരു കപ്പല്‍ത്തട്ടിലിരുന്ന്,
ആടിയാടി ഉലഞ്ഞുലഞ്ഞു
മറിഞ്ഞു വീഴുന്നൊരു തോണിപ്പടിയിലിരുന്ന്‍...

ചിലപ്പോളൊക്കെ
അറിഞ്ഞുകൊണ്ട്
പുഴപ്പടവില്‍ നിന്ന്
വഴുതിവീണുവെന്ന ഭാവത്തില്‍,
കടല്‍ത്തിരകളോട്
കളിച്ചുകളിച്ചു തിരിച്ചു വരാതെ...
അവന്‍/അവള്‍
തിരിച്ചു പോകാറുണ്ട്
പരിണാമ യാത്രയില്‍ മറന്നു വച്ച
ജലവേരുകള്‍ തേടി,
ഊളിയിട്ട്
ആഴങ്ങള്‍ തേടി
മത്സ്യത്തെ പോലെ
പിടഞ്ഞു പിടഞ്ഞ്.

Wednesday, 4 January 2012

ഭൂമിശാസ്ത്രം

ഭൂമിയുടെ അപ്പുറമെത്താന്‍
ഒരെളുപ്പ വഴിയുണ്ടോ?
ഉണ്ടെന്നു പറഞ്ഞ മകള്‍
വെള്ളക്കീറ കടലാസ്സില്‍
ഒരു വട്ടം വരച്ചു,
പിന്നെ,ഇപ്പുറത്തു നിന്നും
അപ്പുറത്തേക്കൊരു നീട്ടിവരയും.
എത്ര പെട്ടെന്നെത്തിയെന്ന്
ഇത്രയേയുള്ളൂ ദൂരമെന്ന്....

കുട്ടികള്‍ എത്ര പെട്ടെന്നാണ്
ജീവിതത്തെ അളക്കുന്നതെന്ന്,
ദൂരങ്ങളെ ചുരുക്കുന്നതെന്ന്
വെറുതെ വിസ്മയിച്ചു.

ഒരാളില്‍ നിന്നും
വേറൊരാളിലേക്കുള്ള ദൂരം
ഇതുപോലെ അളക്കാനാകുമെങ്കില്‍,
അല്ലെങ്കില്‍
ഞാന്‍ കാണുന്ന ദൂരമാണോ
നീയും കാണുന്നതെന്ന്
ചോദിച്ചിരുന്നെങ്കില്‍,
എങ്കില്‍
നമ്മളിങ്ങനെ ഇത്രത്തോളം
അകലത്തിരിക്കുമായിരുന്നോ?!