SOLITUDE....

SOLITUDE....

Monday 15 November 2010

പുക

പുകയഴിക്കും അടുപ്പിനുമിടയിലെ
ഇടനാഴിയില്‍
എത്രനാള്‍ നിശബ്ദമായി ഇരിക്കാനാകും നിനക്ക് ,
പുറത്തുകടന്ന്
ചുരുളുകളായ് അലഞ്ഞുതിരിയാതെ.

കെറുവിച്ച പെണ്ണിന്‍റെ
മുറുമുറുപ്പിന്‍ ചകിരിയില്‍ നീറി നീറി,
തീയാളും മുമ്പ് ഒളിച്ചു കടന്ന്,
പിണക്കം തീര്‍ക്കാന്‍
വാരിയെടുക്കും മുമ്പ് ,
കൈവിരലുകളില്‍ നിന്നും വഴുതി മാറി
പിടി തരാതെ
ഊതിയൊതുക്കാനാവാതെ
നിന്‍റെ കറുത്ത മേനി...

വെറുതെയൊന്നു വീശുമ്പോഴേക്കും,
നിന്‍റെ ചുരികയിന്നെന്‍റെ
കണ്ണ് നീറ്റിക്കുന്നു

Saturday 6 November 2010

തിരിച്ചു പോകുമ്പോള്‍

തിരിച്ചു പോകണം,
വീട്ടിലേക്കു പോകണം.

വഴി ഇഴ പിരിഞ്ഞു കിടക്കുമ്പോള്‍
കാണാനില്ല പാടവരമ്പ്,
കൈത പൂത്ത പറമ്പ് ....
മുള്‍വേലിയിലൊളിച്ച കാട്ടുമൈന,
കാക്കിനിക്കറിന്‍റെ ഉള്ളിലൊളിപ്പിച്ച
ചൂടുള്ള കിളിമുട്ട ,
കപ്പലണ്ടി മിട്ടായി മധുരം ..
യാത്ര പറയുന്നേരം,
തിരിച്ചു വരുമ്പോള്‍ കാണാനായി
കരുതി വച്ച മഷിത്തണ്ട് ,നീലനിറം ...

തിരിച്ചു പോകണം,
വീട്ടിലേക്ക് പോകണം.

വഴി പിന്നെയും പിരിയുമ്പോള്‍
കാണാനില്ല വഴിക്കല്ല് ,
കല്ലില്‍ കോറിയിട്ട കൌമാരം.
ഇടച്ചാലില്‍ ഇളകിയിളകി പരല്‍മീനുകള്‍,
വെള്ളാരങ്കല്ല് ,വളപ്പൊട്ട്,തീപ്പെട്ടി പടം ...
തിരിച്ചു വരുമ്പോള്‍ കാണാനായി
കരുതി വച്ച ചുവന്ന പൊട്ട് ,കണ്മഷി...

തിരിച്ചു പോകണം
വീട്ടിലേക്ക് പോകണം

വഴി പിരിഞ്ഞു നടന്നെത്തിയത്
മരുഭൂമി ,വരണ്ട കൈക്കുറിപ്പുകള്‍ ...
പകലില്ലാത്ത രാത്രിയില്ലാത്ത
നീണ്ട കൈവഴികള്‍ ,യാത്രകള്‍
ഒരേ മുഖമുള്ള  സഹയാത്രികര്‍
ഒളിപ്പിച്ചു വച്ച ആവലാതികള്‍ ,
പ്രണയം ,തൃഷ്ണ ,ജീവിതം....

തിരിച്ചു പോകണം
വീടുണ്ടാകുമോ അവിടെ ...?

Friday 5 November 2010

തണല്‍ മറയുന്നതെവിടെ?

വിവ‌സ്ത്രമായ കൊമ്പുകള്‍ കുലുക്കി
മരം പരിഭവിച്ചു,
ഇതവര്‍ എടുത്തത് തന്നെ .
താഴെ,വീണുകിടന്ന ഇലകള്‍ പറഞ്ഞു
ഇല്ല ഇല്ല ഞങ്ങള്‍ കണ്ടില്ല.
വഴിപോക്കന്‍ കാറ്റ്
മരക്കൊമ്പുകളുടെ നഗ്നതയില്‍
തലോടിയങ്ങിനെ മിണ്ടാതെ നില്‍ക്കുമ്പോള്‍,
മണ്ണിനടിയില്‍ നിന്നും
തല പുറത്തു കാട്ടിയ
വേരുകള്‍ക്കറിയാം സത്യം,
കൊഴിഞ്ഞു വീണ
ഓരോ ഇലയുടെ അടിയിലും
അതുണ്ടെന്ന് ...

ഈ ലോകത്തെ വിശ്വസിക്കാനാവില്ല .
നോക്കണം-
കൊഴിഞ്ഞു വീണ ഓരോ ഇലയുടെ
അടിയിലും
ഇഷ്ടപ്പെട്ട്,കൂടെ കൊണ്ടുവന്ന
ഒരു പിടി തണല്‍.