SOLITUDE....

SOLITUDE....

Saturday 28 May 2011

ജീവിക്കുമ്പോള്‍ നമ്മള്‍ മരിക്കാതിരിക്കുന്നു!

ഞാനിങ്ങനെയൊക്കെയാണ്
എന്നുറപ്പിക്കുമ്പോള്‍ തന്നെ
എന്തേ ഞാനിങ്ങനെയെന്നു
ഉള്ളിലൊരു ചോദ്യമുയരുന്നതും
ഇങ്ങനെ ഞാനായിരുന്നില്ലെങ്കില്‍
പിന്നെ എങ്ങിനെയായിരുന്നേനെയെന്ന
സന്ദേഹമുള്ളില്‍ നുര പൊന്തുന്നതും.....

നീയിങ്ങനെയൊക്കെയാണ്
എന്നുറപ്പിക്കുമ്പോള്‍ തന്നെ
എന്തേ നീയിങ്ങനെയെന്നു
ഉള്ളിലൊരു ചോദ്യമുണരുന്നതും
നീയിങ്ങനെയായിരുന്നില്ലെങ്കില്‍ പിന്നെ-
യെങ്ങിനെയായിരുന്നേനെയെന്ന
കുസൃതിയുള്ളില്‍ മുളപൊട്ടുന്നതും...

നാമിരുവരും ചേര്‍ന്നിങ്ങനെയൊക്കെയാണ്
എന്നുറപ്പിക്കുമ്പോള്‍ തന്നെ
എന്തേ നമ്മളിങ്ങനെയായിയെന്നു
ഉള്ളിലൊരു വിങ്ങലുയിര്‍ക്കുന്നതും
നമ്മളിങ്ങനെയല്ലാതിരുന്നെങ്കില്‍,
നമ്മളിലൊരാളില്ലാതിരുന്നെങ്കില്‍ പിന്നെ
യെങ്ങിനെ ജീവിതം തള്ളി നീക്കുമെന്ന
വ്യാകുലം നെഞ്ചു കീറുന്നതും...

ഞാനും നീയും നമ്മളും ചേര്‍ന്ന
വഴികളൊക്കെയും വന്നു വീഴുന്ന 
ഇഴപിരിയാ കയമല്ലോ ജീവിതം.
കൈകാലിട്ടടിച്ചും, കുതറിയും 
പരസ്പരം കെട്ടിപ്പിടിച്ചും വിടാതെയും 
ഒരു വേള ഒരു നുള്ളു ശ്വാസത്തിനായ്‌
പിടഞ്ഞും ,ഒന്നുയര്‍ന്നു പൊങ്ങുമ്പോള്‍ 
കൂടെ പിണഞ്ഞുകേറും വെപ്രാളമായും...

മരിക്കാതിരിക്കലാണല്ലോ;ജീവിതം!

2 comments:

  1. മരിക്കാതിരിക്കലാണല്ലോ ജീവിതം!

    നന്നായി ഈ കവിത...

    ReplyDelete