SOLITUDE....

SOLITUDE....

Saturday, 11 August 2012

ഒറ്റക്ക് ഒരു ലോകം

ഒറ്റക്ക് നടക്കുന്നവന്‍
ആര്‍ക്കും പകുത്തു കൊടുക്കാതെ 
ഭൂമിയെ കൂടെ നടത്തുന്നു.
വഴിയരികിലെ മരക്കൊമ്പില്‍ നിന്നും
അടര്‍ന്നു വീഴുന്ന ഒരിലയുടെ
തലയോട് തകരുന്ന ശബ്ദം
ഒരു നിലവിളി പോലെ
അവനെയെപ്പോളും അലട്ടികൊണ്ടിരിക്കും.

ഒറ്റക്ക് നടക്കുന്നവന്‍
ഏറ്റവും കൃത്യമായി കുമ്പസാരിക്കുന്നുമുണ്ട്;
അവനും ഭൂമിക്കുമിടയില്‍
ദൂരങ്ങളില്ലാതിരിക്കേ,
തുറന്നുപറച്ചിലുകള്‍ എത്രയെളുപ്പം...!
വഴിയരികിലെ മുള്‍വേലിയില്‍
പടര്‍ന്നു പൂത്ത മുല്ലവള്ളികളില്‍
മുഖം ചേര്‍ത്ത്
ഒരു കുമ്പസാരക്കൂടിനോടെന്നപോല്‍
അവന്‍ ഉള്ളു തുറക്കും;
പാതി വഴിയില്‍ ഉപേക്ഷിച്ചുപോയ
ഒരു സൌഹൃദത്തെ കുറിച്ച്,
ഒരു പ്രണയത്തെ കുറിച്ച്...

കൂട്ടം കൂടി നടക്കുന്നവര്‍
ഭൂമിയെ പകുത്തു കൈമാറുമ്പോള്‍,
ഒറ്റക്ക് നടക്കുന്നവന്‍
തന്‍റെ ലോകം തിരിച്ചു പിടിക്കുന്നത്‌
ഭൂമിയുടെ തോളില്‍
കൈകോര്‍ത്തു നടക്കുമ്പോളാണല്ലോ!

ഒറ്റക്ക് നടക്കുന്നവന്‍
ഒറ്റക്കാണെന്നു കരുതരുത്‌;
അവനോട് ചേര്‍ന്ന്
ഒരു ലോകവും കൂടെയുണ്ട്-
നമ്മുടെ കാഴ്ചകളില്‍ തെളിഞ്ഞു കാണാത്തത്!

Saturday, 4 August 2012

ഭൂമി:ഒരു പാചക വിധി

ഒരു കുടന്നയോളം മണ്ണ്,
ചെറുതായി ചെറുതായി
മുറിച്ചെടുത്ത ആകാശം,
കൈക്കുമ്പിളില്‍ ഒതുങ്ങാവുന്ന
ഇത്തിരി പഞ്ഞിമേഘങ്ങള്‍,
വിരല്‍ തൊട്ടാല്‍,തൊട്ടറിയാവുന്ന
ഒരു കൈപ്പിടി പച്ചപ്പ്.
നീളത്തില്‍ നെടുങ്ങനെ നിര്‍ത്താവുന്ന
തണ്ടിന്‍ കനമുള്ള കുറുമ്പി മരങ്ങള്‍,
ഒരു നുള്ള് പൂക്കള്‍ ശലഭങ്ങള്‍
പറവകള്‍ നാല്‍ക്കാലികള്‍.
കുഴച്ചു കുഴച്ചു
വേരുകളിറിങ്ങാന്‍ പാകമായ
കണ്ണോളം ഉയരത്തിലൊരു കുന്ന്,
ആവോളം വെള്ളം വേണം 
ഉറവകള്‍ ഉണരും വരെ.
ഒരു മൂക്കോളം മണം
ഒരു ചെവിയോളം ഒച്ച
ഒരു കണ്ണോളം നിറങ്ങള്‍
ഒരു ചുണ്ടോളം പാട്ട്
ഇരുകൈകള്‍ ചേര്‍ത്തുപിടിച്ചാല്‍
കിട്ടും ചൂട് അരയളവ്
നന്നായി മൂത്ത ഇത്തിരി സ്നേഹം
നന്നായി പഴുത്ത ഇത്തിരി പ്രണയം
പാകമാകാത്ത ഇത്തിരി പരിഭവം
ഒരു ദീര്‍ഘ ശ്വാസത്തോളം കാറ്റ്
ഒരു കണ്ണീര്‍പുഴ
നിറയുവോളം മഴനീര്.

ഒന്നും കൂട്ടിയിളക്കരുത്
ഒന്നും അടര്‍ത്തി മാറ്റുകയുമരുത്
ഉള്ളിലാണ് പാകമാക്കേണ്ടത്

ഇത്രയുമായാല്‍
മണമുള്ള മധുരമുള്ള 
ഭൂമിയാകും.
തൊട്ടുനോക്കാം തൊട്ടറിയാം
അത്രമാത്രം,
അതിനുമപ്പുറം
തിന്നു തീര്‍ക്കരുത്;ഭൂമിയല്ലേ!

വര

കരിക്കട്ടകൊണ്ട്,
ചുവരില്‍ കോറിയിട്ട
തത്തകളുടെ കൂട്ടം
ചുവരുവിട്ടു ആകാശത്തെത്തേടി
പറന്നു പറന്നു പോയി!

കുറ്റിപെന്‍സില്‍കൊണ്ട് 
പുസ്തകത്താളില്‍ വരഞ്ഞുവച്ച
നക്ഷത്രക്കുഞ്ഞുങ്ങള്‍
ഇരുളുവന്നപ്പോള്‍ ആകാശത്തെത്തേടി
നടന്നു നടന്നു മറഞ്ഞു!

ജലച്ചായത്താല്‍,ജീവന്‍ പകര്‍ന്ന
പരല്‍മീനുകള്‍
ചിത്രത്താളില്‍ പിടഞ്ഞുണര്‍ന്നു
വഴുതി വഴുതി
പിടിതരാതെ ജലാശയംത്തേടി
നീന്തി നീന്തി മറഞ്ഞു!

മരങ്ങളെ വരച്ചാല്‍
അവ കാട്ടിലേക്കോടും,
പുഴകളെ വരച്ചാല്‍
അവ കടലിലേക്കോടും,
പൂക്കളെ വരച്ചാല്‍
അവ ഉദ്യാനങ്ങളിലേക്കോടും.

അതിരുകളില്ലാത്ത
പ്രപഞ്ചത്തിന്‍റെ ഇരുളുകളിലേക്ക്
ഓടി മറഞ്ഞാലോ
എന്നു പേടിച്ചീട്ടാണ്,ഇപ്പോള്‍
ഭൂമിയെ വരക്കാറില്ല!

നാരങ്ങ സോഡ

കാര്‍ബണ്‍ ഡയോക്സൈഡാണെങ്കിലും
കരളേ, അതു നീ
പ്രണയം പുരട്ടിയെന്‍ മുഖത്തൂതും
തൂവലിന്‍  സ്പര്‍ശമല്ലേ!

അതിനെയൊരു കുപ്പിയില്‍
മന്ത്രമോതിയാവാഹിച്ചു ഞാന്‍
നുരഞ്ഞു പൊന്തും കാമനകള്‍
അമര്‍ത്തിയമര്‍ത്തി വച്ചൊരുനാ-
ളൊരു വിരല്‍ത്തുമ്പിന്‍ അടക്കമില്ലാ
കാമാവേഗത്താല്‍ ആഞ്ഞമര്‍ത്തിയും 
പതഞ്ഞും തിളച്ചുയര്‍ന്നും
പിന്നെയൊരു ചഷകത്തില്‍ പകര്‍ന്നും
അതിലൊരു നാരങ്ങ നീരിന്‍
ഉശിരു വിളമ്പിയും
നാവിനു രസമേകാനിത്തിരി
ഉപ്പിന്‍ ഉടലു കുടഞ്ഞും
നിന്നെയപ്പാടെ മോന്തും മാതിരി
ഒരൊറ്റ കവിളില്‍ ആവാഹിച്ചും.

ഒരിക്കിളില്‍
നിന്‍റെ പ്രണയം
നെഞ്ചില്‍ നിന്നും
വിടുതല്‍ നേടി 
മൂക്കോളം മുട്ടുന്നു
കണ്ണോളം നിറയുന്നു!

മഴ

വെയില്‍ചാഞ്ഞ നേരത്ത്
കടല്‍ കടന്നു വന്ന വിളിയില്‍
ഇടവഴിയിലൂടെ
അച്ചടക്കമില്ലാതെ പെയ്തു വീഴുന്ന
മഴയുടെ താളം.
കൂട്ടുകാരന്‍റെ വാക്കുകളില്‍
കുട്ടിക്കാലത്ത്
കൂട്ടത്തോടെ കുടിച്ചു തീര്‍ത്ത
മഴയുടെ മണം.
'നീയിപ്പോളും മഴ നനയുകയാണോ?'
അതേടായെന്ന മൂളലില്‍
കാല്‍വിരലുകളില്‍ മഴനനവ്‌
ഇക്കിളി കൂട്ടിയോ
എന്നൊരു തോന്നലും!


ഇരുള്‍ വീണ നേരത്ത്
കടല്‍ കടന്നു വന്ന വിളിയില്‍
ഓടിന്‍പാത്തികള്‍
നിറഞ്ഞു കവിഞ്ഞു പെയ്തു വീഴുന്ന
മഴയുടെ ഒച്ച.
കൂട്ടുകാരിയുടെ വാക്കുകളില്‍
മഴവെള്ളത്തിന്‍റെ,
കുസൃതിയുടെ ഇളക്കങ്ങള്‍.
'നീയിപ്പോളും മഴ നനയുകയാണോ?'
അതെയെന്ന മൂളലില്‍
മഴ തൊട്ടുതലോടുന്ന
അവളുടെ മേനിയുടെ
ഉയര്‍ച്ച താഴ്ചക്കാഴ്ചകള്‍...
ശരീരം ചൂടുപിടിക്കുന്നുണ്ട്!

നിനക്കുമ്പോളൊക്കെ
ഒരാകാശം കടന്നു വരും
അതിലൊക്കെ ഒരുകൂട്ടം
കാര്‍മേഘങ്ങള്‍ കടന്നു വരും
തണുത്ത കാറ്റിനോടൊപ്പം 
അവയൊക്കെ
ഉരുകിയുരുകി
ചന്നം പിന്നം
തുള്ളി തുള്ളിയായ്‌
പെയ്തു വീഴുന്നതു കൊണ്ടല്ലേ
നിന്നെ ഞാന്‍
മഴയെന്നു വിളിക്കുന്നത്‌!

Monday, 9 July 2012

പുള്ളിയാന്‍കുത്തി

ഓരം ചേര്‍ന്ന്‍
കൂട്ടിവച്ച ഓടുകള്‍ക്ക് മുകളില്‍,
അടുക്കിവച്ച പഴയ ഇഷ്ടികകള്‍ക്ക് മീതെ,
അടുക്കളപ്പിന്നിലെ ഓവുചാലിന്
കുറുകെയിട്ട മരപ്പലകക്ക് മീതെ,
ഒളിച്ചു വയ്ക്കാവുന്ന ഇടങ്ങളിലൊക്കെ
പുള്ളി പുള്ളിയായ്‌
കുത്തി കുത്തി
മണ്ണിന്‍റെ
ചെറിയ ചെറിയ കുന്നുകള്‍.

എണ്ണമെടുക്കുമ്പോള്‍
കൂടുതലുണ്ടാകണമെങ്കില്‍
അപ്പുറത്തുള്ളവന്‍റെ
എണ്ണം തകര്‍ക്കേണം.
പുറങ്കാലില്‍ ചവുട്ടിയരച്ചും
അപ്പുറത്താരുമറിയാതെ
തട്ടിത്തെറിപ്പിച്ചും
ചെറുകുന്നുകളൊക്കെ തച്ചുടക്കുന്നു.
എണ്ണത്തിലങ്ങനെ ജയിച്ചുകേറുന്നു!

എണ്ണം കുറഞ്ഞാല്‍
തോറ്റുപോകുമെന്നു
ജീവിതം പഠിപ്പിക്കുന്നതിനാലാകണം
എണ്ണത്തിലേറെ മുന്നേറുന്നവനെ
മുഖത്തുതന്നെ വെട്ടി
മുഖമേയില്ലാതെയാക്കുന്നത്.

(പുള്ളിയാന്‍കുത്തി-ഗ്രാമങ്ങളില്‍ ഒരിക്കല്‍ ഉണ്ടായിരുന്ന കുട്ടികളുടെ ഒരു കളി)

അപ്പുറം ഇപ്പുറം

കാണ്പൂരിലെ
ഗംഗയുടെ കരയോടു ചേര്‍ന്ന
ജാജ്മുവിലെ ഇടുങ്ങിയ
ഒരു തെരുവില്‍ നിന്നും
വെയില്‍ മൂക്കുന്നേരത്തിലൊരു വിളി,
"എടാ,ഇവിടെയിപ്പോള്‍
ആകാശചരുവില്‍ പഞ്ഞിമേഘങ്ങള്‍
പല രൂപം തീര്‍ക്കുന്നു;
ആന,മുയല്‍,ഒട്ടകം...
കാണാമോ നിനക്ക്.."

വീടിനു വെളിയില്‍
ഇറങ്ങി നോക്കുമ്പോളുണ്ട്
കാണാം അതെ പഞ്ഞിമേഘങ്ങള്‍
എനിക്ക് മുകളിലും!

നാസിക്കിലെ
മുന്തിരിത്തോട്ടങ്ങളോട് ചേര്‍ന്ന
ഉരുളക്കിഴങ്ങു പാടങ്ങളുടെ
വരമ്പത്തു നിന്നും
നട്ടുച്ചക്ക് വിയര്‍പ്പുപുരണ്ടൊരു വിളി,
"എടാ,ഇവിടെയിപ്പോള്‍
എനിക്ക് ചുറ്റും
കടുകുപൂത്ത മണം,തേനീച്ചകളുടെ മണം..
അറിയുന്നുണ്ടോ നിനക്ക്.."

വീടിനു പുറത്ത്‌
ചെണ്ടുമല്ലി നിറയെ പൂത്തതിന്
കടുകിന്‍ പൂവിന്‍റെ മണം,
തേനീച്ചകളുടെ ഈണം!

തേജ്പൂരിനടുത്ത്
മലഞ്ചരിവിലെ തേയിലതോട്ടങ്ങള്‍ക്കരികിലെ
മുളങ്കാടുകളുടെ തണലിലിരുന്ന്‍
വൈകുന്നേരത്തിലൊരു വിളി,
"എടാ, കൂട് കൂട്ടുന്ന
കുയിലുകള്‍,കുരുവികള്‍,പ്രാവുകള്‍
ആകെ ബഹളമയമാണിവിടെ..
കേള്‍ക്കാമോ നിനക്ക്.."

വീടിനുമപ്പുറം
തേന്മാവിന്‍ കൊമ്പുകളില്‍
കേട്ടൂ കിളികളുടെ
കലഹം പരിഭവം പ്രണയം!

നിന്‍റെ ആകാശം എന്‍റെ ആകാശം
നിന്‍റെ ഭൂമി എന്‍റെ ഭൂമി
ഒരേ കാഴ്ചയുടെ രണ്ടറ്റങ്ങള്‍!
ഒരേ അനുഭവത്തിന്‍റെ
പൊട്ടാത്ത ചരട്.