SOLITUDE....

SOLITUDE....

Saturday, 30 July 2011

സാധ്യത

പാതി തുറന്ന
വാതിലിന്
രണ്ടു സാധ്യതകള്‍ ഉണ്ട്,
.മുഴുവനായി തുറന്നിട്ടു
പുറത്തെ കാഴ്ചകളെ കോരിയെടുക്കാം
അല്ലെങ്കില്‍,
മുഴുവനായി അടഞ്ഞിട്ടു
ഇരുട്ടിലേക്ക് ഒതുങ്ങിക്കൂടാം.

മുഴുവനായി
എത്രതന്നെ തുറന്നാലും
അത്രത്തോളം
അടഞ്ഞുതന്നെ കിടക്കുന്നു
മനസ്സിന്‍റെ
ഈ മൂന്നാമത്തെ സാധ്യത!

ചോര

തൊട്ടാവാടി കൊണ്ട്
കാല്‍വിരല്‍ കീറി
പൊടിഞ്ഞു പൊടിഞ്ഞു
മുഖം കാട്ടിയ നിറമേയല്ല,
നഖം വെട്ടുമ്പോള്‍
വഴുതി നീങ്ങിയ ബ്ലേഡ്‌
കോറി വരച്ച രേഖയേയല്ല,
പിടിവലി കൂടി കുസൃതികളാടുമ്പോള്‍
കല്ലില്‍ത്തട്ടിവീണ്
മുട്ടിലെ തൊലിമാറി
ചിരിച്ചു ചിരിച്ചു കാണിച്ച
മുറിവുമല്ല.

പാവാടച്ചരടഴിച്ച്,
അച്ഛനോളം പോന്നോരാള്‍
ആഴ്ന്നിറങ്ങുമ്പോള്‍
പൊട്ടിപ്പിളര്‍ന്നൊലിച്ച
വേദനയുടെ നിറമാണ്

ചോര.

Monday, 11 July 2011

ലിംഗം

മൂന്നര രൂപയുടെ ബസ്‌യാത്ര കഴിഞ്ഞ്
രണ്ടു ഫര്‍ലോങ്ങ് നടന്നുതീര്‍ത്ത്
തുരുമ്പെടുത്ത ഇരുമ്പുഗേറ്റില്‍
ഉരസാതെ അകത്തുകടന്ന്
വരാന്തയില്‍, വെട്ടിത്തിരുത്തിയ പേപ്പറുകളില്‍
ചവിട്ടാതെ നടന്നുചെന്ന്
ജനാല പഴുതിലൂടെ കൈനീട്ടി വാങ്ങിച്ച
വരുമാന സര്‍ട്ടിഫിക്കറ്റില്‍ പൂരിപ്പിച്ച്
എഴുതി നീങ്ങവേ
ഉടക്കി നില്‍ക്കുന്നു
ഇടവഴിയിലൊരു വാക്ക്-
ലിംഗം.

ആര്‍ത്തലച്ചു പായും തീവണ്ടിയില്‍
കണ്ടതോ,
പലപല താവളങ്ങളില്‍ ,പലപല മുറികളില്‍
പറവൂരെന്നോ സൂര്യനെല്ലിയെന്നോ
തൊട്ടറിഞ്ഞതോ,
മരപ്പൊത്തിനിടയില്‍ ചീര്‍ത്തുപോയൊരു
ഇളംതുടയിടുക്കില്‍ പറ്റിപിടിച്ചതോ,.......

എവിടെ നിന്ന്
എടുത്തെഴുതും
ഞാനെന്‍റെ ലിംഗം;പുരുഷജാതി!

*(മലയാളനാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു :02 AUG 2011).

Monday, 4 July 2011

വാണിഭം

എല്ലാവരുമുണ്ട്
നിരന്നു നില്‍ക്കുന്നു.
അച്ഛന്‍ ,അമ്മ,അമ്മായി,
കുഞ്ഞുടുപ്പ് വാങ്ങി തന്ന,
കഞ്ഞിയും ചമ്മന്തിയും പങ്കുവച്ച
വലിയേട്ടനുമുണ്ട്!

എണ്ണിയൊതുക്കാനാകാത്ത
പല പല മുഖങ്ങള്‍ വേറെയും.

തിരിച്ചു പോകണം,
എനിക്ക്
മുലമുളക്കാത്ത
ആ കമ്മീസ്ക്കാലത്തിലേക്ക്.

Sunday, 3 July 2011

വായിച്ചെടുക്കാനാകാത്ത ആംഗിള്‍

അതെ
അങ്ങനെ തന്നെ നില്‍ക്കുക
തല അല്‍പ്പം ചരിച്ചു പിടിച്ച്‌
ദാ, ഇങ്ങനെ
ഇങ്ങോട്ടു നോക്കൂ,ഇങ്ങനെ.
ഇപ്പോള്‍ രസമുണ്ട്
താടി അല്‍പ്പം കൂര്‍ത്തതായി തോന്നും
എന്നാലും സാരമില്ല;സുന്ദരിയായീട്ടുണ്ട്!
മുഖം തുടുത്തു കാണുന്നു.
വിടര്‍ത്തി ചിരിക്കേണ്ട
ബോറായി തോന്നും
മുടി അല്‍പ്പം മുന്നിലേക്ക്‌
ചിതറിച്ചങ്ങനെ കിടക്കട്ടെ
രണ്ടുവശത്തു നിന്നും
വെളിച്ചം കൊടുക്കാം
മുഖം ദീപ്തമായി തോന്നും.
ക്യാമറയിലേക്ക് നോക്കൂ,
കണ്ണുകള്‍ വിടരട്ടെ;ഭംഗിയുണ്ട്.
ഇതൊരു നല്ല ചിത്രമായിരിക്കും..........



(ആത്മഗതം:പാതിമാത്രം ക്യാമറയിലൊതുക്കി
നിന്നെ ഞാന്‍ പറ്റിച്ചല്ലോ;പെണ്ണേ....!!)



നിന്‍റെ ക്യാമറകൊണ്ട്
ഒപ്പിയെടുക്കാനാകാത്ത
ആ മറുപാതി കൊണ്ടായിരിക്കും
നിന്നെ ഞാന്‍ പറ്റിക്കുകയെന്നു
പറഞ്ഞുവോ....അവള്‍ !

Friday, 17 June 2011

നിലവിളി ..

കരുതിയിരിക്കുക,
എന്‍റെ ഗ്രാമമേ,കരുതിയിരിക്കുക.
അര്‍ബുദംപോല്‍ നിശബ്ദം
വലവീശി നിന്നെക്കുരുക്കാനിതാ
എത്തിക്കഴിഞ്ഞൂ;നഗരം..!

കരുതി വയ്ക്കുക
എന്‍റെ ഗ്രാമമേ,കരുതി വയ്ക്കുക
നിന്‍റെ മഷിത്തണ്ട് പൊട്ടാത്തൊരു
നിര്‍മ്മല നീലാകാശം.
കരുതിവയ്ക്കുക,
നിന്നില്‍ ബാക്കിയുളൊരു
വയല്‍വരമ്പിന്‍ ഹരിതരേഖകള്‍ .
നഗരമിങ്ങെത്തിക്കഴിഞ്ഞു,നിന്‍
മേനിയെ പുണരുമാവേഗത്തില്‍ നിന്നും
പിടഞ്ഞു പിടി വിട്ടുമാറുക.
കൈകളിലൊതുക്കുക നിന്‍ മണ്ണില്‍
തീര്‍ത്ത പുള്ളിയാന്‍കുത്തികള്‍*
കൈവിരിച്ചു പിടിച്ചു കാവലൊരുക്കുക
കളിച്ചീടട്ടെ കുട്ടികള്‍ നിര്‍ഭയം
അമ്പസ്ഥാനിയും ഓട്ടപ്രാന്തിയും**.

തീര്‍ക്കുക,
വിരലുകള്‍ കൊണ്ട് തീര്‍ക്കുക
നിന്നതിരില്‍ വേലിക്കെട്ടുകള്‍
പിടിവിടരുത് നിന്‍ തെളിനീരുറവയെ 
ആര്‍ത്തിയാല്‍ നഗരം വലിച്ചുകുടിക്കും നേരം.
കരുതി വയ്ക്കുക ഒരല്‍പ്പം കുളിര്‍ജലം
പരല്‍മീനുകള്‍ വരാലുകള്‍ കരിമീനുകള്‍
ഇളകിയാടട്ടെ സ്വതന്ത്രം നിര്‍ഭയം.
ഉറങ്ങാതിരിക്കുക,കണ്ണുകള്‍ തുറന്നു
തന്നേയിരിക്കണം  ,വരുമിപ്പോള്‍  നഗരം 
പ്രച്ഛന്നമീ വേഷത്തില്‍ കള്ളനവന്‍
അപഹരിച്ചീടും നിന്‍ പ്രണയഭാജനത്തെ...
മുറുകെപിടിക്കണം വിരലുകള്‍ മുറിഞ്ഞാലും
പിടിവിട്ടുപോയാല്‍ ക്ഷണം
കത്തിപടരും അഗ്നിപോലെയാണ് നഗരം.
ഒരുമാത്രയില്‍ ചുടുചുംബനമൊന്നില്‍
ഇളകിയടര്‍ന്നുപോകാം നിന്‍ ദേഹം
കരുതിയിരിക്കുക.

ഒരു കാറ്റിലുലയാതിരിക്കുക,
തായ്‌വേരിളകാതിരിക്കട്ടെ, നില്‍ക്കണം
ഒരു പോരാളിയെപ്പോല്‍ ഇടറാതെയെപ്പോളും.
കാവല്‍ നിന്നീടുക കരളുറപ്പോടെ, എന്‍റെ ഗ്രാമമേ ...

ഇല്ലെങ്കില്‍,ഇല്ലെങ്കില്‍
കരുതി വയ്ക്കുക,കരുതി വയ്ക്കുക
നിനക്കു മാത്രമായൊരു നിലവിളി
നിനക്കു മാത്രമായൊരു നിലവിളി.

(*പുള്ളിയാന്‍കുത്തി,അമ്പസ്ഥാനി,ഓട്ടപ്രാന്തി-ഗ്രാമങ്ങളില്‍ കുട്ടികള്‍ കളിച്ചിരുന്ന ചില കളികള്‍)

Thursday, 9 June 2011

തിരിച്ചുപോകുമ്പോളൊക്കെ..

കടലില്‍ നിന്നും
പുഴയിലേക്കുള്ള ദൂരം
ഒരു തിരിച്ചുപോകലിന്‍റെ ദൂരമാണ്.
ലവണം പൊതിഞ്ഞ അനുഭവങ്ങളുടെ
നനവുമായി.
എന്നാല്‍,അതത്ര എളുപ്പമുള്ള ഒരു യാത്രയല്ല.

മരക്കട്ടിലില്‍ നിന്നും
മരത്തിന്‍റെ കാതലിലേക്കുള്ള ദൂരം
ഒരു പുനര്‍വായനയുടെ ദൂരമാണ്.
അഴുക്ക് പുരണ്ട ഉറക്കമില്ലാ രാവുകളുടെ
ചിതല്‍സ്പര്‍ശവുമേന്തി.
എന്നാല്‍,അതത്ര എളുപ്പമുള്ള ഒരു യാത്രയല്ല. .

വെട്ടുകത്തിയില്‍ നിന്നും
ആലച്ചൂളയിലേക്കുള്ള ദൂരം
ഒരു കുമ്പസാരക്കൂട്ടിലേക്കുള്ള ദൂരമാണ്.
മുറിവുകളുടെ നിലവിളി ഉണങ്ങിപിടിച്ച
ദുസ്വപ്നക്കറകളുമേറി.
എന്നാല്‍,അതത്ര എളുപ്പമുള്ള ഒരു യാത്രയല്ല.

വീടുവിട്ടു പോയവനില്‍ നിന്നും
വീട്ടിലേക്കുള്ള ദൂരം
ഒരു മനസ്താപത്തിന്‍റെ ദൂരമാണ്.
ശരിതെറ്റുകള്‍ കൂടികുഴഞ്ഞ കണക്കുകളെ
കുടഞ്ഞെറിഞ്ഞു  പൊടിതട്ടിയ
ശീലക്കുടയുടെ തണലിലൂടെ.
എന്നാല്‍,അതത്ര എളുപ്പമുള്ള ഒരു യാത്രയല്ല.

മടക്കയാത്രകള്‍ വിഷമം പിടിച്ച
ഒരു കാര്യം തന്നെ!

തിരിച്ചുവരാന്‍ ഒരു കാരണം
വേണ്ടെന്നതിനാലാവണം
ഞാനെല്ലായ്പ്പോളും
നിന്നോടിങ്ങനെ പിണങ്ങിപ്പിരിയുന്നത്‌!!