SOLITUDE....

SOLITUDE....

Sunday, 3 June 2012

ദൂരങ്ങളില്‍ പോയി മരിക്കുന്നവരെ കുറിച്ച്

ദൂരങ്ങളില്‍ പോയി മരിക്കുന്നവര്‍
സ്വന്തം വീട്ടിലേക്ക്,മണ്ണിലേക്ക്
തിരിച്ചു പോകുന്നതെങ്ങനെ?
അകലങ്ങളില്‍ പോയി ജീവിക്കുന്ന കാലമത്രയും
വീട്ടിലേക്കു തിരിച്ചു പോകുമെന്ന്
കനവു കണ്ടവര്‍
ദൂരങ്ങളില്‍ തന്നെ മരിച്ചു മണ്ണടിയുമ്പോള്‍....

അംബാലയിലെ
പട്ടാളകെട്ടിടങ്ങള്‍ക്ക് പിറകിലെ
പഴയൊരു പള്ളിച്ചുമരിലെ
മാഞ്ഞുപോകാറായ ഫലകത്തില്‍:
'മേജര്‍ സ്റ്റീവന്‍ വില്‍ഫ്രെഡ് ജൂനിയര്‍,
ബ്രിട്ടീഷ്‌ റോയല്‍ ആര്‍മി,
മരണം- 19 മാര്‍ച്ച് 1939'

ജബല്‍ അലിയിലെ
മണല്‍ക്കാടിനു നടുവിലെ,ശ്മശാനഭൂമിയിലെ
വിലാസമുള്ളവരുടെയും ഇല്ലാത്തവരുടെയും
കുഴിമാടങ്ങള്‍ക്ക് ഇടയില്‍:
'മൊയ്ദീന്‍ കോയ പാലക്കല്‍,
കേരള,ഇന്ത്യ
മരണം- 24 നവംബര്‍ 2000'

വടൂക്കരയിലെ
പൊതുശ്മശാനത്തിലെ,പൊന്തപിടിച്ച
പലതരം കുഴിമാടങ്ങള്‍ക്കിടയില്‍:
'സിദ്ധാര്‍ത്ഥ ഭൌമിക്‌,
മിഡ്നാപൂര്‍ വെസ്റ്റ്‌, പശ്ചിമ ബംഗാള്‍
മരണം- 19 ജൂലൈ 2009'

എവിടെയൊക്കെ പോയി
മണ്ണടിഞ്ഞാലും,മറഞ്ഞു പോയാലും
ഭൂമിക്കടിയിലെ വേരുകളുടെ കൈപിടിച്ച്
ഓരോരുത്തരും
സ്വന്തം വീട്ടുമുറ്റത്ത്‌ തിരിച്ചെത്തുകയില്ലെന്ന്‍
ആരറിഞ്ഞു!

Thursday, 5 April 2012

രേഖപ്പെടുത്താത്ത ചില പലായനങ്ങള്‍

കാറ്റ് വീശി വീശി
മഴക്കോള് ഇടിഞ്ഞിടിഞ്ഞ്
ഇറങ്ങി വരുമ്പോള്,
മഴവെള്ളം തുളുമ്പിത്തൂവി
പറമ്പുകള്‍ നിറഞ്ഞുകവിയുമ്പോള്,
വെള്ളക്കെട്ട് ഊര്‍ന്നിറങ്ങി
മാളങ്ങള്‍ തൂര്‍ന്ന്‍ തൂര്‍ന്ന്‍
വാതിലുകള്‍ അടയുമ്പോള്,
ഉറുമ്പുകള്‍ പാമ്പുകള്‍
തവളകള്‍ പഴുതാരകള്‍
എവിടേക്ക് പോകും,
അവരെന്തു ചെയ്യും,എന്തു ചെയ്യും?

പെരുവെള്ള പാച്ചിലിന്‍ മീതെ
ഞെട്ടറ്റു വീണൊരു
പഴുക്കിലമുഖത്തേറി, പിടിവിടാതെ
ഒരുറുമ്പ്
ഒഴുക്കിലൂടെ നീങ്ങുന്നു.
ഇലമുഖമപ്പോള്‍
ഒരു കുടന്നയോളം ഭൂമി.
ഇലമുഖത്തപ്പോള്‍
ഒരാകാശത്തോളം വെപ്രാളം.
ഇടവഴിയിലെങ്ങോ,
ഇലമുഖത്തേക്ക് പിടഞ്ഞു കയറുന്നൂ
വിഭീതി പൂണ്ട പഴുതാരകണ്ണുകള്‍
ജലയിളക്കത്തില്‍
ചുവടുതെറ്റുന്നു;വഴുതി വീഴുന്നു
വീണ്ടും പിടഞ്ഞേറുന്നു ജീവിതേച്ഛ!

പലായനങ്ങള്‍
മനുഷ്യര്‍ക്ക്‌ മാത്രമുള്ളതല്ല.

Wednesday, 14 March 2012

തലയിണകള്‍ കേള്‍ക്കാതിരുന്നത്

വൈകുവോളം അവര്‍
വര്‍ത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു;
ഒച്ചയില്ലാതെ.

ശബ്ദമില്ലാത്ത കരച്ചില്‍
നിറുത്താതെയുള്ള ഏങ്ങലടികള്‍
മുഖങ്ങള്‍ ചേര്‍ത്തുവച്ച്
പരസ്പരം പുണര്‍ന്ന്
ഏറെനേരം അനങ്ങാതെയിരുന്ന്‍,
പിന്നെയെപ്പോളോ  ഉടലുകള്‍ചേര്‍ന്ന്  
പ്രണയം പകര്‍ന്നാടി
വൈകുവോളം വരെ.
പിന്നെയെപ്പോളോ
ഒറ്റക്കൊറ്റക്ക്, ഒരേ കയറിനിരുപുറവും
ഒറ്റക്കൊറ്റക്ക് തൂങ്ങിയാടി.......

തലയിണകള്‍ക്കെന്തറിയാം
ഓരോ തലകള്‍ക്കുള്ളിലും
പറയാതെ ബാക്കിവെയ്ക്കുന്ന
വര്‍ത്തമാനങ്ങളെക്കുറിച്ച്.

പ്രതികരണം

ജനാലചില്ല് തകര്‍ത്തെറിഞ്ഞ്
എഴുത്തുമുറിയിലെ
മേശമേലേക്ക് ഒരു കല്ല്
പറന്നു വന്നിരുന്നു.

എഴുതിയത്
ആര്‍ക്കോ
ഇഷ്ടപെട്ടില്ലെന്ന് തോന്നുന്നു.

Friday, 2 March 2012

ജലവേരുകള്‍

കടലിന്നാഴത്തില്‍
നീന്തി നീന്തി മടുത്തപ്പോള്‍
കരയേറണമെന്നു തോന്നി
തുഴഞ്ഞു തുഴഞ്ഞു കരയോളം ചെന്നു
ചിറകുകുടഞ്ഞു,
പിടഞ്ഞുപിടഞ്ഞ് കരകേറിയപ്പോള്‍
സൂര്യതാപത്താല്‍ മേലാകെ പൊള്ളി.
കനം വച്ച് കനം വച്ച്
ചിറകുകള്‍ കൈകാലുകള്‍ തീര്‍ത്തു
വേച്ചുവേച്ചും ആഞ്ഞു നടന്നും
കരയാകെ കണ്ടു
ജലമില്ലാത്ത ഭൂമിയുണ്ടെന്നുമറിഞ്ഞു!

പരിണാമത്തിലേക്ക്
കരകേറിയവര്‍ പലതായ്‌ പിരിഞ്ഞു,
പലതായ്‌ ചിതറി.
ചിലര്‍ നാലുകാലില്‍ നടന്നു
കാടിന്‍റെ വന്യതയിലൊളിച്ചു
ചിലര്‍ നനഞ്ഞ ചിറകുകള്‍
ഉണക്കിയെടുത്ത്
ആകാശങ്ങളില്‍ വട്ടമിട്ടു പറന്നു
ചിലര്‍ ചിറകും കാലും
വേണ്ടെന്നു ചൊല്ലി
ഉടലില്‍ത്തന്നെ രമിച്ചു.
മൃഗമായ്‌,
പക്ഷിയായ്‌,
ഉരഗമായ്
നടത്തം പഠിച്ചു.
മുന്നില്‍ നടന്നവന്‍
രണ്ടുകാലില്‍ നടന്നു;
മനുഷ്യനെന്ന് സ്വയം വിളിച്ചു,ഭൂമിയെ ഭരിച്ചു....

നാളേറെക്കഴിയുമ്പോള്‍
പരിണാമം
ചിലപ്പോളൊക്കെ മനുഷ്യനെ
തിരികെ വിളിക്കും,
മടങ്ങിപോകണമെന്ന് പറയും.

അതിനാലാകണം
ചിലപ്പോളൊക്കെ
അറിയാതെ
പൊട്ടിച്ചിതറി കടലിലേക്ക്‌
കൂപ്പുകുത്തുന്നൊരു വിമാനത്തിലിരുന്ന്‍,
നെടുകെപ്പിളര്‍ന്നു ജലാഴത്തിലേക്ക്
മുങ്ങിമറയുന്നൊരു കപ്പല്‍ത്തട്ടിലിരുന്ന്,
ആടിയാടി ഉലഞ്ഞുലഞ്ഞു
മറിഞ്ഞു വീഴുന്നൊരു തോണിപ്പടിയിലിരുന്ന്‍...

ചിലപ്പോളൊക്കെ
അറിഞ്ഞുകൊണ്ട്
പുഴപ്പടവില്‍ നിന്ന്
വഴുതിവീണുവെന്ന ഭാവത്തില്‍,
കടല്‍ത്തിരകളോട്
കളിച്ചുകളിച്ചു തിരിച്ചു വരാതെ...
അവന്‍/അവള്‍
തിരിച്ചു പോകാറുണ്ട്
പരിണാമ യാത്രയില്‍ മറന്നു വച്ച
ജലവേരുകള്‍ തേടി,
ഊളിയിട്ട്
ആഴങ്ങള്‍ തേടി
മത്സ്യത്തെ പോലെ
പിടഞ്ഞു പിടഞ്ഞ്.

Wednesday, 4 January 2012

ഭൂമിശാസ്ത്രം

ഭൂമിയുടെ അപ്പുറമെത്താന്‍
ഒരെളുപ്പ വഴിയുണ്ടോ?
ഉണ്ടെന്നു പറഞ്ഞ മകള്‍
വെള്ളക്കീറ കടലാസ്സില്‍
ഒരു വട്ടം വരച്ചു,
പിന്നെ,ഇപ്പുറത്തു നിന്നും
അപ്പുറത്തേക്കൊരു നീട്ടിവരയും.
എത്ര പെട്ടെന്നെത്തിയെന്ന്
ഇത്രയേയുള്ളൂ ദൂരമെന്ന്....

കുട്ടികള്‍ എത്ര പെട്ടെന്നാണ്
ജീവിതത്തെ അളക്കുന്നതെന്ന്,
ദൂരങ്ങളെ ചുരുക്കുന്നതെന്ന്
വെറുതെ വിസ്മയിച്ചു.

ഒരാളില്‍ നിന്നും
വേറൊരാളിലേക്കുള്ള ദൂരം
ഇതുപോലെ അളക്കാനാകുമെങ്കില്‍,
അല്ലെങ്കില്‍
ഞാന്‍ കാണുന്ന ദൂരമാണോ
നീയും കാണുന്നതെന്ന്
ചോദിച്ചിരുന്നെങ്കില്‍,
എങ്കില്‍
നമ്മളിങ്ങനെ ഇത്രത്തോളം
അകലത്തിരിക്കുമായിരുന്നോ?!

Sunday, 1 January 2012

അക്കങ്ങള്‍

കണക്കെഴുത്തിലെ
ചുരുക്കിയെഴുതിയ ആയുധശേഖരമാണ്
അക്കങ്ങള്‍.
വിസ്തരിച്ച്,അക്ഷരങ്ങളിലൂടെ പറയാതെ
ഗുണിച്ചും ഹരിച്ചും
കൂട്ടിയും കിഴിച്ചും
അക്കങ്ങള്‍ കൊണ്ട് ജീവിതത്തിന്‍റെ
കണക്ക് വായിക്കാം; സൂക്ഷിക്കാം.

അക്കങ്ങളിലൂടെ,ഒരാളുടെ ഓര്‍മ്മ
വിരലിലൊതുക്കുന്നു നമ്മള്‍.
ഒരക്കം മറന്നു പോയതുകൊണ്ട്
ഒരാളെ മറക്കാനും പഠിക്കുന്നു നമ്മള്‍.
പേരോര്‍മ്മയിലേക്ക് വീഴണമെങ്കില്‍
അക്ഷരക്കൂട്ടിലേക്ക് തന്നെ
തിരിച്ചുപോകണം!

മറക്കാന്‍ എളുപ്പം അക്കങ്ങളാവുമ്പോള്‍
മായ്ച്ചുകളയാന്‍ കൈകളിത്ര
നീട്ടിവീശേണ്ടെന്നും.


(മലയാള നാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു:ലക്കം-ഡിസംബര്‍ 2011)