SOLITUDE....

SOLITUDE....

Wednesday, 4 January 2012

ഭൂമിശാസ്ത്രം

ഭൂമിയുടെ അപ്പുറമെത്താന്‍
ഒരെളുപ്പ വഴിയുണ്ടോ?
ഉണ്ടെന്നു പറഞ്ഞ മകള്‍
വെള്ളക്കീറ കടലാസ്സില്‍
ഒരു വട്ടം വരച്ചു,
പിന്നെ,ഇപ്പുറത്തു നിന്നും
അപ്പുറത്തേക്കൊരു നീട്ടിവരയും.
എത്ര പെട്ടെന്നെത്തിയെന്ന്
ഇത്രയേയുള്ളൂ ദൂരമെന്ന്....

കുട്ടികള്‍ എത്ര പെട്ടെന്നാണ്
ജീവിതത്തെ അളക്കുന്നതെന്ന്,
ദൂരങ്ങളെ ചുരുക്കുന്നതെന്ന്
വെറുതെ വിസ്മയിച്ചു.

ഒരാളില്‍ നിന്നും
വേറൊരാളിലേക്കുള്ള ദൂരം
ഇതുപോലെ അളക്കാനാകുമെങ്കില്‍,
അല്ലെങ്കില്‍
ഞാന്‍ കാണുന്ന ദൂരമാണോ
നീയും കാണുന്നതെന്ന്
ചോദിച്ചിരുന്നെങ്കില്‍,
എങ്കില്‍
നമ്മളിങ്ങനെ ഇത്രത്തോളം
അകലത്തിരിക്കുമായിരുന്നോ?!

Sunday, 1 January 2012

അക്കങ്ങള്‍

കണക്കെഴുത്തിലെ
ചുരുക്കിയെഴുതിയ ആയുധശേഖരമാണ്
അക്കങ്ങള്‍.
വിസ്തരിച്ച്,അക്ഷരങ്ങളിലൂടെ പറയാതെ
ഗുണിച്ചും ഹരിച്ചും
കൂട്ടിയും കിഴിച്ചും
അക്കങ്ങള്‍ കൊണ്ട് ജീവിതത്തിന്‍റെ
കണക്ക് വായിക്കാം; സൂക്ഷിക്കാം.

അക്കങ്ങളിലൂടെ,ഒരാളുടെ ഓര്‍മ്മ
വിരലിലൊതുക്കുന്നു നമ്മള്‍.
ഒരക്കം മറന്നു പോയതുകൊണ്ട്
ഒരാളെ മറക്കാനും പഠിക്കുന്നു നമ്മള്‍.
പേരോര്‍മ്മയിലേക്ക് വീഴണമെങ്കില്‍
അക്ഷരക്കൂട്ടിലേക്ക് തന്നെ
തിരിച്ചുപോകണം!

മറക്കാന്‍ എളുപ്പം അക്കങ്ങളാവുമ്പോള്‍
മായ്ച്ചുകളയാന്‍ കൈകളിത്ര
നീട്ടിവീശേണ്ടെന്നും.


(മലയാള നാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു:ലക്കം-ഡിസംബര്‍ 2011)

Wednesday, 7 December 2011

ഉള്ളുനിറയുന്നത്

പറയാന്‍ പോകും മുന്‍പ്‌
പറയേണ്ടുന്നതിനെ കുറിച്ചായിരുന്നു
ഉള്ളുനിറയെ.
പറഞ്ഞു കഴിഞ്ഞപ്പോളോ
പറയാതെ പോയതിനെ ക്കുറിച്ചായി
ഉള്ളുനിറയെ!!.

വ്യക്തത

ആദ്യമാദ്യം ഒന്നും വ്യക്തമല്ലായിരുന്നു
അവന്‍ അവനായും
അവള്‍ അവളായും.

പിന്നെ പിന്നെ
അവനിലെ അവന്‍ പുറത്തുവന്നു
അവനിലെ അവന്‍
ഒരിക്കലും
അവനെപ്പോലെ ആയിരുന്നില്ല.

കാണെ കാണെ
അവളിലെ അവളും പുറത്തുവന്നു
അവളിലെ അവള്‍
ഒരിക്കലും
അവളെ പോലെ ആയിരുന്നില്ല.

പോകെ പോകെ
അവനിലെ അവനും
അവളിലെ അവളും
അവരവരുടെ
പ്രണയങ്ങളിലേക്ക് തിരിച്ചുപോയി!

*(മലയാളനാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു :15 DEC 2011).

നടത്തം

നടക്കണം,
നടന്നുകൊണ്ടേയിരിക്കണം
നടക്കുകയാണെന്ന്
അറിഞ്ഞുകൊണ്ട് നടക്കണം.

നടക്കും വഴികളില്‍
കാലിലുരുമ്മുന്ന മണ്ണിനോട്
പരിഭവം പറയണം; പ്രണയിക്കണം;.
മണ്ണിനടിയില്‍ ഒളിച്ചിരിക്കും
മാറുവീര്‍ത്തു ചുരത്താനായുന്ന
നീര്‍ച്ചാലിനോട് കിന്നാരം ചൊല്ലണം
വിരല്‍ കുത്തിയാല്‍ പൊന്തിവന്നു
കണ്ണിലെ കരടു മാറ്റാനിത്തിരി
വെള്ളം തരണേയെന്നു വാക്ക് ചോദിക്കണം.
പിന്നെയും താഴെ,
ആഴത്തിലാഴത്തില്‍ പൊള്ളിപ്പടരുന്നൊരു
ദുഖമുറങ്ങുന്നുണ്ടെന്നറിയണം,
തിളച്ചിളകിമറിയുന്നൊരു ഭൂഗര്‍ഭം
നമ്മിലോരോരുത്തരിലുമുണ്ടെന്നുമറിയണം.
ഒരുനാളൊരുനാള്‍
നെഞ്ചുകീറി,പൊട്ടിയൊലിച്ചു
ഒന്നിനെയും ബാക്കിവയ്ക്കാതെ....

നടക്കുമ്പോളറിയാം
ഭൂമിയാരെന്ന്;ഭൂമി നിനക്കാരെന്ന്‍!

നടക്കുന്നേരം
മുഖമുയര്‍ത്തിയും നടക്കണം
കണ്ണിലേക്ക് വീഴുന്ന
ആകാശക്കാഴ്ചകള്‍ കുടിക്കണം
കാഴ്ചകള്‍ക്കപ്പുറം മറഞ്ഞിരിക്കും
കത്തിയമര്‍ന്നൊരു നക്ഷത്രക്കണ്ണീര് കാണണം.
ഭൂമിയില്‍ നിന്നും ആകാശത്തേക്കെത്ര
ദൂരമെന്നളക്കണം;അതില്‍ വിസ്മയം കൊള്ളണം
മഴയൊളിപ്പിച്ചു വച്ച
മേഘങ്ങളോട് സല്ലപിക്കണം
പെയ്യാതിരിക്കരുതേയെന്നു ഉറപ്പുവാങ്ങണം.
പിന്നെയുമപ്പുറം,
ശതകോടി കാഴ്ചദൂരങ്ങള്‍ക്കുമപ്പുറം
സൂര്യനുറങ്ങാതിരിപ്പുണ്ടോയെന്ന്,
ഭൂമിയോട് നിനക്ക് പ്രണയമുണ്ടോയെന്ന്‍
കേവലം കൌതുകത്തോടെ ചോദിക്കണം.

നടക്കുമ്പോളറിയാം
ഭൂമിയാരെന്ന്;ഭൂമിയെ നീയും പ്രണയിക്കുന്നുവെന്ന്!

നടക്കുന്നേരം
ഈയാംപാറ്റയൊരെണ്ണം
ചിറകുവെടിഞ്ഞു
ജീവിതം അത്രമേല്‍ ക്ഷണികമല്ലോയെന്നു
വിതുമ്പുന്നതും കാണാം.

നടക്കുന്നേരം
കാറ്റ് കൂടെ നടക്കും, തോളില്‍ത്തട്ടി
വെറുതെ കുശലം ചൊല്ലും
പിന്നെ,മുളങ്കാട്ടിനുള്ളിലെ
പുല്ലാങ്കുഴല്‍ തേടി ഓടിമറയും.
ഒരു മിന്നാമിനുങ്ങ് വഴികാട്ടിയായി
മുന്നിലൂടെ  പറക്കുന്നതും കാണാം.
ഒരുപിടി  വെളിച്ചത്തിലൂടെ
നിനക്കുമാത്രമായൊരു ലോകം
കണ്ണില്‍ തെളിയുമപ്പോള്‍!

അതുകൊണ്ടുതന്നെ നടക്കണം
നടന്നുകൊണ്ടേയിരിക്കണം; നടക്കുകയാണെന്ന
കിനാവിലൂടെ നടക്കണം.
നടക്കുകയാണെന്ന
അറിവിലൂടെ നടക്കണം.

നടക്കുമ്പോളറിയാം
ഭൂമിയാരെന്ന്;ഭൂമി നീ തന്നെ
ആയിരുന്നുവല്ലോയെന്ന്‍!

Friday, 25 November 2011

ജലപാതാളം

കെട്ടി നിറുത്തിയ ജലം
മെരുക്കിയൊതുക്കിയ മൃഗമാണ്.
കൂട് തകര്‍ത്ത്,
ചങ്ങല പൊട്ടിച്ച്
ചുരത്തിവന്ന മലകളിലേക്ക് തന്നെ
തിരിച്ചോടുന്നതും
കനവ് കണ്ടിരിക്കുന്നവന്‍.

അടക്കിവച്ചതൊക്കെയും
അണപൊട്ടി-
യാര്‍ത്തലറിയെത്തുമ്പോള്‍
തടയാനാകുമോ നിന്‍റെ വാക്കുകള്‍ക്ക്,
നിന്‍റെ വാക്കുകള്‍ക്ക്!

പൊറോട്ട

മൈദയുടെ കൂടെ
അല്‍പ്പം ഗോതമ്പുപൊടി കൂടിയാവാം.
കുഴക്കുമ്പോള്‍ നന്നായൊന്നു
 ഇണചേര്‍ന്ന സുഖം കിട്ടുമത്രേ!
ഒരല്‍പ്പം ഉപ്പ് വിതറിയാല്‍
വിയര്‍പ്പ് വീഴുന്നത് തിരിച്ചറിയില്ലെന്നതും.
കൂനയുടെ നെഞ്ചിലേക്ക്
ജലപാതം പോലെ എണ്ണ വീഴ്ത്തുക.

വിരലിലൊട്ടാതെ
ഞരടി ഞരടി മുന്നേറുമ്പോള്‍
നിന്നെയെനിക്കോര്‍മ്മ വരും,
നാം തമ്മിലിളകിയാടിയ
പ്രണയലീലകളോര്‍മ്മ വരും.
കുഴഞ്ഞു കുഴഞ്ഞു കേറുമ്പോള്‍
ഉപ്പ് പോരെന്ന് തോന്നി
മുഖം കുടഞ്ഞു വീഴ്ത്തിയ
കാമം പുരട്ടിയ വിയര്‍പ്പുതുള്ളികള്‍!

പിന്നെ പകുക്കലാണ്
എണ്ണയില്‍ കുതിര്‍ന്ന നിന്‍റെ മേനി.
സ്നേഹം പകുക്കരുതെന്നു
നീ കരയുന്നു; ചെയ്യാതെ വയ്യ.
ഉരുട്ടിയും നീട്ടിയും പരത്തിയും
പ്രണയമിങ്ങനെ പല പല കാലങ്ങളില്‍
സ്ഫുടം ചെയ്തുതീര്‍ന്നാല്‍
ആഹാ ആഹാ എന്‍റെ സഖീ
നിന്നെ ഞാന്‍ പൊറോട്ടയെന്നു വിളിക്കും!