SOLITUDE....

SOLITUDE....

Wednesday, 23 February 2011

വൃക്ഷ സുരതം

ദൃഡമിത് വിജ്രുംഭിതം മരം
മണ്ണിലേക്കാഴ്ന്നിറങ്ങുന്നുണ്ട്
തായ്‌ വേര്
സുരതസുഖത്താലാകണം
ഭൂമിയിളകിയുണര്‍ന്നുയര്‍ന്നു
മരത്തടിയെയിറുകി പുണരുന്നു;
മണ്‍പ്പുറ്റുകളായി.

ഭൂമിയെ നുണയുമ്പോളൊക്കെ
ഇളകിയാടുന്നുണ്ട് മരം
രതിനടനമാടുന്നേരം
ഇലകളില്‍നിന്നു കേള്‍ക്കാം
കിതപ്പിന്‍റെ കാറ്റലകള്‍.

കളിയാട്ടത്തിന്നവസാനം
പൊട്ടിച്ചിതറിയ രേതസ്
മണ്ണിന്‍റെ തൊലിപ്പുറം തുറന്ന്
നീരുറവകളായി
പുനര്‍ജ്ജനിക്കുമെന്ന്
മരം കൊടുത്ത ഉറപ്പിലാണത്രേ
ഭൂമിയിത്ര
വഴങ്ങി കൊടുക്കുന്നതുപോലും!

നിത്യകാമത്തിന്‍റെ
ശരവേഗമൊടുങ്ങുമ്പോള്‍
പൂത്തുലഞ്ഞു ,
ഭൂമിയിലേക്ക്‌ തന്നെ
തളര്‍ന്നു തൂങ്ങിവീഴുന്നുണ്ട്
മുളങ്കൂട്ടത്തിന്‍റെ പൌരുഷം.

എങ്ങിനെ വിളിക്കും?

കടല്‍ കടന്ന്
വിയര്‍പ്പില്‍ നനഞ്ഞൊട്ടി
മണല്‍ പൊടിയണിഞ്ഞു
മുറ്റത്ത് അഴിഞ്ഞു വീണ
വിരല്‍ സ്പര്‍ശങ്ങളെ എന്തു വിളിക്കും?

കാത്തിരിപ്പിന്‍റെ മഴയെന്ന് ഞാന്‍ വിളിക്കും.

മുറ്റം കടന്ന്
ഇടവഴി താണ്ടി
പുഴയില്‍ വീണാലും
മുങ്ങി നിവരുമ്പോള്‍
ചെവിത്തുമ്പ് നുള്ളുന്ന
ഓര്‍മ്മപ്പെടുത്തലിനെ എന്തു വിളിക്കും?

പ്രണയത്തിന്‍റെ മഴയെന്ന് ഞാന്‍ വിളിക്കും.

തിമര്‍ത്തു പെയ്യാതെ
പോകുന്നതൊക്കെ മഴയല്ലാതാകുമോ...
ഉള്ളില്‍ അടുക്കി വച്ച തിരകള്‍
ഇളകി മറിഞ്ഞ്
നിലവിളിക്കുന്നതിനെ എന്തു വിളിക്കും?

വിരഹത്തിന്‍റെ മഴയെന്ന് ഞാന്‍ വിളിക്കും.

ജാലകത്തിനപ്പുറം
പെയ്തു വീഴുന്ന നനവിനേക്കാള്‍
കണ്ണാടിയില്‍
നിന്‍റെ കണ്ണീരിനു മുകളില്‍
ഉരുകി ചേരുന്ന കാഴ്ചയെ എന്തു വിളിക്കും?

അറിയില്ല.
ഒരാള്‍ എന്നേക്കുമായി
വിട്ടുപോകുമ്പോള്‍
അതിനെ മഴയുടെ പേരിട്ട്‌
എങ്ങിനെ വിളിക്കും?

Tuesday, 15 February 2011

വേരോട്ടം

ഭൂമിക്കടിയില്‍ എന്താണ് സംഭവിക്കുന്നത്?
വേരുകളോട് ചോദിക്കണം.

തേന്മാവിന്‍റെ വേരുകളും
കരിവീട്ടിയുടെ വേരുകളും
അവിഹിതമായി പുണര്‍ന്നു
പ്രണയിക്കുന്നത് കണ്ടെന്ന്‍ ,
അതറിഞ്ഞതിനാലാവണം
വാകമരം
ഒരു പൂമഴ പൊഴിയിച്ചതെന്ന്‍.

കുമാരേട്ടന്‍
വേരുകള്‍ക്കിടയില്‍ പൂഴ്ത്തിവച്ച
നാടന്‍ ചാരായം
മറിഞ്ഞു വീണതുമുഴുവന്‍
കുടിച്ചു തീര്‍ത്തത്
അരയാലിന്‍റെ വേരുകളെന്ന്‍ ,
അതിനാലാവണം
വെളിച്ചപ്പാടിനെ പോലെ
ലഹരിയില്‍ ,ഇലയിളക്കി
അരയാല്‍ ഉറഞ്ഞു തുള്ളിയതെന്ന്.

എലികള്‍ തീര്‍ത്ത മാളങ്ങളിലേക്ക്
വിരലുകള്‍ നീട്ടി
വയസ്സന്‍ പ്ലാവിന്‍റെ വേരുകള്‍
എലിയെ തിന്നാന്‍ വന്ന
ചേരപാമ്പിനെയും
പഴുത്ത ചക്കയുടെ കഥ പറഞ്ഞു
മനംമയക്കിയെന്ന്‍ ,
എലിയും പാമ്പും കൂട്ടുകാരായെന്ന്‍.

മുളക്കാന്‍ കുത്തിയ
പയറുമണിയുടെ ചെറുനാരുകള്‍
വേരുകളാകുന്നത് ,
കൂട്ടുകാരുടെ എണ്ണം കൂടിവരുന്നത്
അതില്‍ മനം നിറഞ്ഞു
മുടി കോതിയൊതുക്കുന്നുണ്ട്
തെങ്ങിന്‍റെ വേരുകളെന്ന്‍ .

ചോദിക്കുമ്പോള്‍
വേരുകള്‍ എല്ലാം പറയണമെന്നില്ല .

അതുകൊണ്ടല്ലേ,
വെട്ടിവീഴ്ത്തിയ ചന്ദനമരത്തിന്‍റെ
വേരുകളുടെ കണ്ണീരുകണ്ട്
അതില്‍ മുങ്ങി, നനഞ്ഞ്
ഒന്നും മിണ്ടാതെ
ഇങ്ങനെ ഇരിക്കുന്നതെന്ന്‍!.

*(മലയാളനാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു:2011)



Friday, 4 February 2011

പൊള്ളല്‍

ആശുപത്രിയിലെ
മ്യൂസിയത്തില്‍
പല പല വലുപ്പത്തില്‍
ചില്ലുകുപ്പികളിലടച്ച
പല പല കാലങ്ങളിലെ
ഭ്രൂണഹത്യകള്‍...

ഉപ്പിലിട്ട കണ്ണിമാങ്ങകള്‍ പോലെ
ചുളുങ്ങി ചുരുങ്ങിയാലും
ഉള്ളിലെ ചുന
ഇപ്പോളും
പൊള്ളിക്കുന്നുണ്ട്...

കാഴ്ച  കണ്ടു
തിരികെ മടങ്ങുന്നവരില്‍
ഒരുവള്‍
ആരുമറിയാതെ കണ്ണുതുടക്കുന്നു!

Tuesday, 18 January 2011

മരപ്പാലം

കരയില്‍ നിലക്കുവോളം
മരം
പുഴയെ അറിഞ്ഞില്ല
അറിഞ്ഞതായി ഭാവിച്ചില്ല .
ഒരുനാള്‍
ആരോ
വെട്ടി പുഴയ്ക്കു കുറുകെ
ഒരു പാലമായി ....
മരം പുഴയെ അറിഞ്ഞു .

പുഴ പറഞ്ഞു,
എന്‍റെയും നിന്‍റെയും
ദൂരങ്ങള്‍ക്ക്
ഒരു കൈയകലം മാത്രം..!
ഇടക്ക്, ഒരിളക്കത്തില്‍
ഉയര്‍ന്നു പൊങ്ങി
പുഴ മരത്തെ തൊട്ടു.

അഹന്തകള്‍ ഒതുങ്ങണമെങ്കില്‍
സ്വയം
ഒരു പാലമാകണമെന്ന്
ആരാണ് പറഞ്ഞത്..

Sunday, 16 January 2011

വൃക്ഷാനുഭവങ്ങള്‍

മരം
ആദ്യം പേടിപ്പിച്ചത്
പാണ്ടുപിടിച്ച
ഒരു ചൂരല്‍വടിയുടെ രൂപത്തിലാണ്.
പിന്നെ,അപ്പന്‍
പുളിവാറിന്‍റെ നീറുന്ന ഓര്‍മ്മകള്‍
ആവശ്യത്തിന് തന്നു.

കൊന്നത്തറികള്‍ കൊണ്ട്
അടിച്ചാല്‍
തൊലിയില്‍ പച്ചകുത്താമെന്ന്
കോളേജ് സമരം
കാണിച്ചു തന്നത്,
പ്രണയിനിയെ കാണാന്‍
മുള്‍വേലി
ചാടിയപ്പോള്‍
തുടയില്‍ കോര്‍മ്പ കോര്‍ത്തത്...

മരം
പ്രണയിക്കുക മാത്രമല്ല
പേടിപ്പിക്കുകയും ചെയ്യും.

വീട്ടുവളപ്പിലെ
ഏത് മരത്തിലാവോ
എന്‍റെ ചിത
ഒളിച്ചിരിക്കുന്നതെന്ന്....!

മരം:ചില പാഠഭാഗങ്ങള്‍

ഒരു ചില്ല.
ഒരു സ്വപ്നം .
ഒരു കാറ്റില്‍ ഇളകിയിടറി
വീണു പോകാമീ
ജീവിത പാഠം..!

പാഠം ഒന്ന്

ആദ്യത്തെ ഇല
കൊഴിഞ്ഞു വീണപ്പോള്‍
ഒന്നും പഠിക്കാത്ത കുട്ടി.
ഇപ്പോള്‍,
തായ്‌വേരില്‍ മൂര്‍ച്ച
താണിറങ്ങുമ്പോള്‍
ജീവിതം പഠിച്ചവന്‍ ...

ഒരു മരമായി
ജീവിച്ചു മരിക്കുക
നല്ലൊരു പാഠം തന്നെ!

പാഠം രണ്ട്

തീ പിടിക്കുന്ന ഞരമ്പുകളില്ലെങ്കില്‍
മരം
ഉണങ്ങി തന്നെ കിടക്കും!

പാഠം മൂന്ന്

ആകയാല്‍ ,മരമേ
നിന്‍റെ വന്യമായ നിശബ്ദതയിലേക്ക് തന്നെ
തിരിച്ചു പോവുക.
കനിവ് കെട്ട കാലത്തിന്
തണല്‍ കൊടുക്കാതെ.

പോവുക,
അടിവേരുകളെ ഉലക്കാത്ത മണ്ണിലേക്ക്,
അവിടെ-
കൈ വിരിച്ചു പിടിച്ച്,
ഒരാകാശം കണ്ണില്‍ നിന്നും മറച്ച്,
കാറ്റിന്നിരമ്പലില്‍ ഉലഞ്ഞ്,
താഴോട്ടൊരു പ്രണയത്തിന്‍
തളിരില പൊഴിയിച്ച്,
ഉറുമ്പുകള്‍ക്ക് ,
ശലഭങ്ങള്‍ക്ക് , കിളികള്‍ക്ക്,
അണ്ണാറക്കണ്ണന്...
കളി വീടൊരുക്കുക.

മനുഷ്യന്‍
നിന്നെക്കുറിച്ച്  സ്വപ്നം കാണട്ടെ.

പാഠം നാല് 

സ്വപ്ങ്ങള്‍ക്ക് മീതെ
കുട
പിടിക്കാനാണെങ്കില്‍
അല്ലയോ മരമേ,
എനിക്ക് നിന്നെ വേണ്ട.

വിശാലമായൊരു
ആകാശമുള്ളപ്പോള്‍.

മരം പറഞ്ഞു,
മഴ പെയ്യുമ്പോള്‍ നീ
എന്ത് ചെയ്യും?

തിരിച്ചു വരാതിരിക്കാനാകില്ല
നിനക്ക്,
നിന്‍റെ പ്രണയത്തിനും....


പാഠം അഞ്ച്

മരങ്ങളില്‍ നിന്ന് താഴോട്ട്
തൂങ്ങി കിടന്ന്
പൂക്കളും കായ്‌കളും
ചങ്ങാത്തം കൂടാറുണ്ട്.
അവരുടെ മുഖത്ത്
തട്ടിയും ഉമ്മ കൊടുത്തും
ഒരു ബാല്യം
ഓര്‍മ്മയിലിന്നും പച്ചപ്പോടെ .....

കൂടെ,
തെക്കേതിലെ
രുക്മിണി ചേച്ചിയുടെ
തൂങ്ങിയാടിയ
കാലുകളും.

മരങ്ങള്‍ക്ക് 
ആരോടും പക്ഷഭേദമില്ല.

പാഠം ആറ്‌

ഇല
മരത്തിന്‍റെ ജാതകമെഴുതിയ
കൈപ്പത്തി!

പാഠം ഏഴ്

ചിലപ്പോള്‍ മരം
അങ്ങിനെയാണ്
ഒരു തണല്‍ പോലും തരാതെ
നീണ്ടു നിവര്‍ന്നങ്ങനെ
കിടക്കും.

മണ്ണില്‍ നിന്നും അറുത്തുമാറ്റിയ
പൊക്കിള്‍ കൊടിയെ ഓര്‍ത്ത്.

മരത്തിന്‍റെ ചരിത്രം
സൂക്ഷിക്കുന്നത് ആരാണ്.
ഉപേക്ഷിക്കപ്പെട്ട
അടിവേരുകളോ..?

പാഠം എട്ട്

ഓ, ബോണ്‍സായ്‌
നീ
തിര തള്ളലിനെ പുറത്തുവിടാനാകാതെ
ഉളം കൈയിലൊതുങ്ങി പോയ
ഒരു സ്വപ്നം.

പാഠം ഒമ്പത്‌

മരത്തില്‍ നിന്നും
മരക്കുരിശിലേക്കുള്ള ദൂരം
കടന്നു പോകേണ്ടത്
അറക്കവാളിന്‍റെ
പല്ലുകള്‍ക്കിടയിലൂടെയാണ്.

പാഠം പത്ത്

ഒരു മരത്തിന്‍റെ
സ്വപ്നത്തില്‍
ആദ്യം കടന്നു വരുന്ന നിറം
പച്ച ആയിരിക്കണം.
പിന്നാലെ,
മഞ്ഞ,നീല,ചുവപ്പ്...
അങ്ങനെ.

ചാരത്തിന്‍റെ നിറം
എന്തുകൊണ്ട്
മരം ഇഷ്ടപ്പെടുന്നില്ല!

പാഠം പതിനൊന്ന്

തൊട്ടാവാടി ,
നീയൊരു മരമാകാതിരുന്നത്
എത്ര നല്ലത്.
ഇല്ലെങ്കില്‍
നിന്‍റെ പരിഭവം
തൊട്ടറിയാന്‍
ഞാനൊരു മരംകേറി
ആകേണ്ടി വന്നേനെ..!

പാഠം പന്ത്രണ്ട്

തൊലിയുരിയപ്പെടും മുമ്പ്
മരം
അവസാനത്തെ
ഒരു തുള്ളി നീര്
മണ്ണിലേക്ക് ഒഴുക്കി.
നാളെ,
കിളിര്‍ത്തു ഉണര്‍ന്നേക്കാവുന്ന
വേരുകളിലോന്നിലേക്ക്..

മുറിച്ചു മാറ്റപ്പെട്ട
വേരുകളെ
നോക്കിയീട്ടുണ്ടോ.
മുറിഞ്ഞ നാവിന്‍ തുമ്പില്‍
കരുതി വച്ചൊരു തുള്ളി
വെള്ളം!


പാഠം പതിമൂന്ന്

എഴുതാനെടുത്ത
വെള്ള പേപ്പറില്‍
നീലിച്ച
ഒരു കൂട്ടം ഞരമ്പുകള്‍ കണ്ടു.
പേനത്തുമ്പ് കൊണ്ടപ്പോള്‍
ആര്‍ത്തിയോടെ
മഷി കോരിക്കുടിക്കുന്നു.

വെള്ളം കിട്ടാതെ
മരിച്ചു വീണ
ഏതോ മരം...!