SOLITUDE....

SOLITUDE....

Saturday, 23 April 2011

ബോട്ടില്‍ നെക്ക് (Bottle Neck)

പുറന്തോട് കടന്നു
സ്വതന്ത്രമായി പറക്കണമെങ്കില്‍
സ്വയം ചെറുതാകണമത്രേ!
നൂഴ്ന്ന് കടക്കേണ്ടത്
പുനര്‍ജ്ജനിയിലൂടെയെന്നും.

ഉള്ളിലെ അഹന്ത
പടം പൊഴിക്കാന്‍ കൂട്ടാക്കാത്ത
ചേരപാമ്പിനെ പോലെ,
ഒന്നിനു മേല്‍ ഒന്ന് കൂട്ടിവച്ച്,
കനം വച്ച്,വളര്‍ന്നു വളര്‍ന്ന്..
പുറത്തു കടക്കാന്‍ പ്രയാസമാണ്;ഇപ്പോള്‍.

ഉള്ളില്‍ പെട്ടുപോയത്
എങ്ങിനെയെന്ന് അറിഞ്ഞാലും
വെറുതെ വേവലാതികൊണ്ട് രസിക്കുന്നു
ഒരേ കൂട്ടിനുള്ളില്‍
തട്ടിയും മുട്ടിയും
ചിലപ്പോള്‍ തമ്മിലുരസാതെയും
നമ്മള്‍ രണ്ടുപേര്‍.

Saturday, 16 April 2011

കടല്‍യാത്ര

വാക്കുകളാല്‍ നനഞ്ഞൊട്ടിയ പായ്‌ക്കപ്പലാണ് ഞാന്‍
നീയോ,
എന്നിലലച്ചു വീഴും കാറ്റിന്‍റെ കൈപ്പടം.
ഒന്നുതൊട്ടാല്‍ ഇളകി മറിയും
ചലനക്കൂമ്പാരം;നമ്മുടെ യാത്ര...

കടല്‍യാത്ര അത്ര സുന്ദരമായ ഒരു അനുഭവമല്ല!

ആഴങ്ങളില്‍ പരതി നോക്കേണ്ടതുണ്ടോ
കടലിലെ  ഉപ്പിന്നളവറിയാന്‍.
തൊട്ടുനോക്കുമ്പോളൊക്കെ മിന്നലായ്‌
മുഖം തിരിക്കുന്നുണ്ട് നിന്‍ പ്രണയം.
ഉറഞ്ഞു കൂടിയ ഉപ്പുരസത്തില്‍
ഒളിച്ചിരിപ്പുണ്ട് ഒരു കുമ്പിള്‍ ജലനിശ്വാസം.
അലിയുന്തോറും വെളിപ്പെടുന്നതെല്ലാം
മുഖം ചുളിക്കുന്ന വെറുപ്പല്ലേയെന്ന്‍ സത്യം.

കടല്‍യാത്ര അത്ര സുന്ദരമായ ഒരു അനുഭവമല്ല!

ഉടലുരുകുമ്പോള്‍
ഉരുകിയൊലിച്ചില്ലാതാവുന്നതല്ലേ നിന്‍  പ്രണയം.
ഉപ്പ് പുരണ്ട നിന്‍റെ വിരല്‍പ്പാടുകള്‍ മാത്രം
കൂട്ടിനിരിക്കാനുള്ളപ്പോള്‍,
എപ്പോള്‍ വേണമെങ്കിലും
തുളുമ്പിത്തെറിക്കാവുന്ന ഒരു ചൊരുക്ക്
അടിത്തട്ടില്‍  ഉറഞ്ഞു കൂടുന്നുണ്ട് ‍...

കടല്‍യാത്ര അത്ര സുന്ദരമായ ഒരു അനുഭവമല്ല!