SOLITUDE....

SOLITUDE....

Thursday, 23 December 2010

കലണ്ടറിനോട് ചോദിക്കൂ..

പുരികം ചുളിക്കില്ലെന്നേയുള്ളൂ
മരിച്ചു പോയ അപ്പന്‍റെ
അതെ കത്തുന്ന നോട്ടം
വീട്ടിലെ ഏതു മൂലയില്‍ ഒളിച്ചാലും
വിടാതെ നീയെന്നെ ...

പാല്‍ കണക്ക്‌ , പത്ര കണക്ക്‌, വാടക
കറന്‍റ് ബില്‍ , ഫോണ്‍ നമ്പര്‍
കൂടി കുഴഞ്ഞതിനിടയില്‍ തല നീട്ടുന്ന
പേരുകള്‍ വിലാസങ്ങള്‍ .
കുട്ടികളെ പേടിപ്പിക്കാന്‍
പരീക്ഷ തീയതികള്‍ .
ചുവന്ന വളയത്തില്‍ പൊതിഞ്ഞ്
ഭാര്യയുടെ മാസമുറ കണക്കുകള്‍.
എവിടെയും, വിടാതെ നീയെന്നെ...

സൂക്ഷിച്ചു വയ്ക്കണം
അപ്പന്‍ പറയാറുണ്ട്‌.
ഓരോ കലണ്ടറിനു പിന്നിലും
പതുങ്ങി കിടന്ന്
ഒരു ചരിത്രമുറങ്ങുന്നുണ്ടെന്ന് .
ഓര്‍മ്മയിലെത്താത്തത്
വായിച്ചെടുക്കാന്‍ നാം
തിരിച്ചു പോകുന്ന ഇടം.
എന്നീട്ടും പഴയതൊക്കെ
വില്‍ക്കാനാണ് തോന്നിയത്.

ഇന്നലെ,
പലചരക്ക് കടയില്‍ വിറ്റുകളഞ്ഞ
പഴയ പത്രക്കൂട്ടത്തില്‍ നിന്നും
പഴയൊരു ഡിസംബര്‍
ശര്‍ക്കര പൊതിഞ്ഞ്
വീട്ടില്‍ തിരിച്ചെത്തി.
കൂടെ;
മറക്കണമെന്നു കരുതിയ
ഒരു പേരും വിലാസവും.

പ്രണയമെന്താണിങ്ങനെയൊക്കെ
തിരിച്ചു വരുന്നത്!

(മലയാള നാട് വെബ് മാഗസിനില്‍ പ്രസിദ്ധീകരിച്ചു:ലക്കം-ഡിസംബര്‍ 2010)

പാലം

ആലോചിക്കാനുള്ള സമയം തരും
മറുകരയെ കുറിച്ച്
വീണ്ടുവിചാരം നല്ലതെന്നും പറയും
മുന്നോട്ടു വച്ച ഉത്സാഹത്തെ
പിറകില്‍ നിന്നും പിടിച്ചു വലിക്കുന്ന
ഉള്ളിലെ കൊളുത്തായി ...പാലം.

വറ്റിയ പുഴയുടെ
ഉണങ്ങി വരണ്ട പാടുകള്‍
വിദഗ്ദ്ധമായി തന്നെ അത് മറച്ചു പിടിക്കുന്നു.
അതുപോലെ,അലറിതിമര്‍ക്കുന്ന പുഴയുടെ
ഇളക്കങ്ങളെയും.
താഴെയെന്തായിരിക്കുമെന്ന
ജിജ്ഞാസയില്‍ ഉടക്കി നില്‍ക്കും
ജീവിതം;അല്പനേരം.

പ്രണയം
ഈ പാലത്തിലൂടെയുള്ള
വീണ്ടുവിചാരമില്ലാത്ത ഒരു സവാരി!

Thursday, 16 December 2010

പല വിധം വഴികള്‍

ഏതു തിരഞ്ഞെടുക്കണം ?

ഒരു കയര്‍ത്തുമ്പിലോ സാരിക്കഷ്ണത്തിലോ
ഒതുക്കി തീര്‍ക്കണം.
പിടഞ്ഞു പിടഞ്ഞു,കണ്ണ് തള്ളി
നാക്ക് കടിച്ചു പിടിച്ച്....
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

ഒരു കുപ്പി വിഷമായാലോ
എളുപ്പമാകും യാത്ര.
നെഞ്ച് പൊള്ളി,പരവേശം കൊണ്ട്
ചോര തുപ്പി,കാട്ടുപറമ്പില്‍ ചീഞ്ഞളിഞ്ഞങ്ങനെ ....
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

കിണറ്റിലേക്കോ കുളത്തിന്‍റെ ആഴങ്ങളിലേക്കോ
ഊളിയിട്ടങ്ങിനെ പോകണം.
വെള്ളം കുടിച്ചു പൊട്ടാറായ
മുഖമിരുണ്ട,ചീര്‍ത്തുരുണ്ട രൂപം...
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

പറന്നു വരുന്ന തീവണ്ടിയുടെ മുന്നിലേക്ക്‌
പറന്നു  തന്നെ വീഴണം.
ചിതറി തെറിച്ച്,കാലുകളവിടെ
തലയിവിടെ,തുണി കീറിപ്പറിഞ്ഞു
മുലകള്‍ പുറത്ത്‌ ....
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

കൈത്തണ്ടിലൂടെ,ഞരമ്പിലൂടെ കത്തിയോടിച്ചു
ഒഴുക്കി കളയണം.
ബോധം മറയുമ്പോള്‍,ചോരയില്‍ കുളിച്ച്
ഭംഗിയായി കിടക്കാനാകുമോ...
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

പലനില കെട്ടിടമോ,ആത്മഹത്യാ മുനമ്പോ
താഴോട്ടു,തല കീഴായി  പറക്കാം.
തട്ടിത്തകര്‍ന്നു,ചിന്നിച്ചിതറി
രൂപമില്ലാതെ...പക്ഷെ,
ഇടക്കെങ്ങാനും ഉടക്കി നിന്നാലോ
കഴുകന്മാര്‍ കൊത്തിവലിച്ച് ,വികൃതമായി...
വേണ്ട,കുട്ടികള്‍ ഇഷ്ടപ്പെടില്ല ആ ഫോട്ടോ!

തിരഞ്ഞെടുക്കാന്‍ വിഷമം തന്നെ.
ഇനി,കുട്ടികളെ കെട്ടിപിടിച്ച്
നന്നായൊന്ന് ഉറങ്ങണം.

(ആത്മഹത്യാ ചിന്തയില്‍ നിന്നും പിറകോട്ടു നടന്ന എല്ലാ അമ്മമാര്‍ക്കും സമര്‍പ്പിക്കുന്നു...)

Thursday, 9 December 2010

ഊണ് മേശ

ഊണ് മേശ-
സിഗ്നലുകളില്ലാത്ത,പല പല വഴികള്‍
ഒന്നിക്കുന്ന
ഇടം.
 ഊണിനോടൊപ്പം
ആവലാതികളും വിളമ്പാവുന്ന,
വട്ടത്തിലും
ചതുരത്തിലും
മുഖത്തോടു മുഖം നോക്കാതെ
പാത്രത്തിലേക്ക്,ഇലയിലേക്ക്
ഊളിയിടാവുന്ന
വീടിനുള്ളിലെ കുമ്പസാര കൂട്.

പുതിയ കണ്ണട

പുതിയ കണ്ണടയാണ്.
മനസ്സ്‌ പറയുന്നു,
ഒരൊറ്റ ഫ്രെയിമിനകത്ത്
കാഴ്ചകളെ ഒതുക്കരുതെന്ന്.
അതുകൊണ്ടാവണം
രാത്രിയില്‍,കിടപ്പറയില്‍
ഭാര്യയുടെ നഗ്നതയില്‍ തിരയുന്നത് ....
കാമിനിയുടെ ഉടല്‍!

കൊളുത്ത്

നിദ്രയെ തോല്‍പ്പിക്കാനാകും
പക്ഷേ,നീ വിതറിയിട്ടുപോയ
നിശ്ചലതയുടെ
ചൂണ്ട കൊളുത്തുകളില്‍ നിന്ന്
എങ്ങിനെ വിടുതി നേടും?
ആഴങ്ങളിലേക്ക്,
ആഴങ്ങളിലേക്ക് അവയെന്നെ
വിടാതെ പിന്തുടരുമ്പോള്‍...

ഉരുകിയൊലിച്ച്
തികച്ചും ശൂന്യമായ ഒരു നിമിഷത്തില്‍ ,
അകക്കണ്ണില്‍
ഫ്രീസ് ചെയ്യപ്പെട്ട്,
മായ്ച്ചുകളയാനാവാതെ
നീ .